BDK വാര്‍ത്തകള്


രക്തദാനം മഹാദാനം - ആർട്ടിക്കിൾ 2

Reporter: / Writer Padmanabhan

രക്തദാനം മഹാദാനം


രക്തദാനം എങ്ങിനെ ആണ് മഹാദാനം ആകുന്നത് ?  

ദാനം എന്ന വാക്കിന്റെ എല്ലാ അർത്ഥവും അതിന്റെ പരിപൂര്ണതയിൽ ചെയ്യേണ്ട ഒരു കാര്യം ആണ് രക്തദാനം. ആവശ്യം ഉള്ള ആൾക്ക് ആവശ്യം ഉണ്ടാകുമ്പോൾ അത് ആവശ്യമായ സമയത് യാതൊരു പ്രതിഫലേച്ഛയും കൂടാതെ സന്നദ്ധമായി മനസ്സറിഞ്ഞു സന്തോഷത്തോടെ കൊടുക്കുന്നതിനെ ആണ് ദാനം എന്ന്  പറയുന്നത് . 


ആരാണ് ആവശ്യം ഉള്ള ആൾ ?

ജീവൻ നിലനിർത്താൻ വേണ്ടി മറ്റൊരു മാർഗവും ഇല്ലാതെ രക്തം സംക്രമിപ്പിക്കുക എന്നത് മാത്രം ആയി അവശേഷിപ്പിക്കുമ്പോൾ ആണ് രക്തം ആവശ്യം ആയി വരുന്നത് . അതായത് , രക്തം കൊടുത്തില്ലെങ്കിൽ രോഗി ഉറപ്പായും മരണപ്പെടും എന്ന അവസ്ഥ.  ആ അവസ്ഥയിൽ ആ രോഗി ദാനത്തിനു അർഹർ ആകുന്നു .  ദാനത്തിനു അർഹർ ആയാൽ അവർ രക്തം ആവശ്യം ഉള്ള ആൾ ആയി മാറുന്നു.


എപ്പോൾ ആണ് ആവശ്യം ആയ സമയം ?

 രക്തം ആവശ്യം ഉള്ള ആൾ ആയാൽ പിന്നെ പറ്റുന്നതിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ അവർക്ക് രക്തം എത്തിച്ചു കൊടുക്കണം . അതുകൊണ്ടു തന്നെ ആവശ്യം ആണ് എന്ന് പറഞ്ഞാൽ ഉടൻ തന്നെ ആവശ്യമായ സമയവും ആവുന്നു


പ്രതിഫലേച്ഛ എന്താണ് ?

 രക്തദാനം നടത്തുന്നത് പരിപൂർണമായും ആ രോഗിയുടെ ജീവരക്ഷ ഉദ്ദശിച്ചു ആയിരിക്കണം . പണം ആയോ മറ്റു എന്തെങ്കിലും ആയോ എന്തെങ്കിലും പ്രതിഫലം കിട്ടും അല്ലെങ്കിൽ കിട്ടണം എന്ന് ഉദ്ദേശിച്ചു രക്തം നൽകിയാൽ അത് ദാനം ആവില്ല.  എന്തിനു അധികം പറയുന്നു ?  പുണ്യം കിട്ടാൻ വേണ്ടി രക്തദാനം നടത്തിയാൽ പോലും അത് ദാനം ആകില്ല.   പുണ്യം , സൽപ്പേര് , വാഴ്ത്തുകകൾ , എന്നിവ രക്തദാനത്തിലൂടെ സമൂഹത്തിൽ കിട്ടുമായിരിക്കും . എന്നാൽ അവ കിട്ടാൻ വേണ്ടി രക്തദാനം ചെയ്താൽ അത് ദാനം ആകുന്നില്ല.


സന്നദ്ധം എന്നാൽ എന്ത് ?

 രക്തത്തിന്റെ ആവശ്യം വരുമ്പോൾ ആര് ദാനം ചെയ്യും എന്ന ചോദ്യം അതോടൊപ്പം വരുന്നു. ആ സമയം ആരാലും ആവശ്യപ്പെടാതെ, ആരാലും നിർബന്ധിക്കപ്പെടാതെ സ്വയം സഹ ജീവ രക്ഷയ്ക്ക് മുതിർന്നു രക്തദാനം ചെയ്യുന്നതാണ് സന്നദ്ധം എന്ന് പറയുന്നത് .  അങ്ങിനെ ചെയ്യുന്ന വിശിഷ്ട വ്യക്തികളെ സന്നദ്ധ രക്തദാദാവ്‌ എന്ന് വിളിക്കുകയും അവർ സമൂഹത്തിൽ ആദരവിന്‌ പാത്രം ആവുകയും ചെയ്യുന്നു.


ഈ ആർട്ടിക്കിൾ വായിക്കുന്ന എല്ലാവരും സന്നദ്ധ രക്തദാതാവ് ആകണം എന്ന് അഭ്യർത്ഥിക്കുന്നു .