അഭിമുഖം


നീതി നിഷേധം "അമ്മ"യിൽ ആദ്യമായല്ല.

Reporter:  ശരണ്യ എം ചാരു

നീതി നിഷേധം "അമ്മ"യിൽ ആദ്യമായല്ല.
                             
ഇന്റർവ്യൂ with അലി അക്‌ബർ.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിഞ്ഞ നടൻ ദിലീപിനെ, താരസംഘടനയായ "അമ്മ"യിലേക്ക് തിരികെ എടുക്കുന്നു. കോടതിയിൽ കേസ് നടന്നുക്കൊണ്ടിരിക്കെ, ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടും മുൻപ്. അന്ന് മുതൽ മലയാളക്കര ഓർമ്മിച്ചു തുടങ്ങിയ, മരിച്ചു മണ്ണടിഞ്ഞ മറ്റൊരതുല്യ പ്രതിഭയുണ്ട്‌ നമുക്കിടയിൽ. മലയാളത്തിന്റെ സ്വന്തം പെരുംതച്ചൻ. "തിലകൻ".

അമ്മയിൽ നിന്നും ഫെഫ്കയിൽ നിന്നും തിലകൻ നേരിട്ട ഒറ്റപ്പെടലിന്റെ കഥയറിയാവുന്ന, ഉറച്ച ശബ്ദത്തിൽ അത് വിളിച്ചു പറയാൻ തന്റേടമുള്ള, ഭീഷണിയെ ഭയക്കാതെ എന്തിനും തിലകന്റെ കൂടെ നിന്ന, അതിന്റെ പേരിൽ അന്നും ഇന്നും വേട്ടയടപ്പെട്ടുകൊണ്ടേയിരിക്കുന്ന സംവിധായകനും നാടക സാമൂഹ്യ പ്രവർത്തകനുമായ "അലി അക്ബറി"ന്റെ വാക്കുകൾക്കിന്ന് ഏറെ പ്രസക്തിയുണ്ട്. പ്രത്യേകിച്ചും മലയാള സിനിമാ രംഗത്ത് ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വണ്ണം നാല് വനിതാ താരങ്ങൾ അമ്മയിൽ നിന്നും രാജിവച്ച് പുറത്ത് വന്ന സന്ദർഭത്തിൽ. 

മാസങ്ങൾക്ക് മുൻപ് മാത്രം പരിചയപ്പെട്ട അലി അക്ബറിന്റെ ജീവിത പങ്കാളിയും, സിനിമാ, സാമൂഹ്യ രംഗങ്ങളിലെ സജീവ സാനിധ്യവുമായ ലൂസി ചേച്ചിയുമായി രണ്ട് ദിവസം മുമ്പ് ഫോണിൽ ബന്ധപ്പെടുമ്പോഴൊന്നും ഈ വിഷയം പൊതു സമൂഹം ഇത്ര കണ്ട് ചർച്ച ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകൾക്കോ നിലപാടുകൾക്കോ മാധ്യമ ലോകം ഇത്രയേറെ കാതോർത്തിരുന്നില്ല. എന്നാൽ ഇന്ന് ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തുമ്പോൾ, അത് കഴിഞ്ഞുള്ള ഓരോ മണിക്കൂറിലും ഇടവിട്ടുള്ള കോളുകളുടെ ബഹളം. ഇന്റർവ്യൂ പ്രസിദ്ധീകരിക്കാൻ ഞാൻ സമീപിച്ച മുൻനിര പത്രങ്ങൾ മുതൽ രാഷ്ട്രീയമായും വ്യക്തിപരമായും അലി അക്ബറിനെ അകറ്റി നിർത്തിയ ഓരോ മാധ്യമവും അദ്ദേഹത്തെ ഇങ്ങോട്ട് സമീപിക്കുന്ന  അവസ്ഥ തെല്ലൊന്നുമല്ലയെന്നെ അമ്പരിപ്പിച്ചത്. 

സ്വീകരണ മുറിയിൽ തുറന്നുവച്ച ടിവിയിലെ ന്യൂസ് ചാനലിൽ അമ്മയിൽ നിന്നും രാജി വച്ച നാല് വനിതകളെ പറ്റിയുള്ള ചർച്ച നടക്കുമ്പോൾ, ഞങ്ങൾ നടൻ തിലകനേയും സംവിധായകൻ വിനയനേയും മാളാ അരവിന്ദനെയും കുറിച്ച് സംസാരിച്ചു തുടങ്ങി. അലി അക്ബറിനെ സംബന്ധിച്ചിടത്തോളം ഓർമ്മകൾ അടുക്കി വയ്ക്കുന്ന സാഹസിക പിന്നോക്ക യാത്ര. വാക്കുകൾ തഴയപ്പെടുന്ന ഓരോ നിമിഷത്തിലും ഓർമ്മകൾ പുതുക്കി നൽകി ലൂസി ചേച്ചി. ചോദ്യങ്ങൾ പൂർത്തിയാകും മുൻപ് എണ്ണിപ്പറയാൻ കുന്നോളം കാര്യങ്ങളുണ്ട് അവർക്കിരുവർക്കും.

അമ്മയെന്ന വാക്കിന്റെ അർത്ഥം നഷ്ടമായിരിക്കുന്നു. സംരക്ഷണത്തിന്റെയും സ്നേഹത്തിന്റെയും ചേർത്ത് നിർത്തലിന്റെയും രാഷ്ട്രീയത്തിൽ നിന്നും 'അമ്മ സ്വാർത്ഥതയുടെ, പണക്കൊഴുപ്പിന്റെ അടിമയാക്കപ്പെട്ടിരിക്കുന്നു. ഇന്ന് നീതി നിഷേധിക്കപ്പെട്ട നടിയും, മുൻപ് അകറ്റി നിർത്തപ്പെട്ട പലരും ഇതിനുദാഹരണങ്ങളാണ്. മാനുഷിക വികാരങ്ങൾക്കപ്പുറം കച്ചവട തന്ത്രങ്ങൾക്ക് മൂല്യം കൊടുക്കുന്ന വലിയൊരാൾക്കൂട്ടം. അവിടെ ആൾക്കൂട്ട നീതിക്കപ്പുറം സത്യത്തിനോ മാനത്തിനോ വിലയില്ല.

ചോദ്യം ചെയ്യലുകളെ, എതിർപ്പുകളെ, ഉറച്ച ശബ്ദങ്ങളെ അന്നും ഇന്നും അമ്മയും ഫെഫ്കയും ഭയന്നിരുന്നു. തിലകനും വിനയനും മാളയും ഞാനുമടക്കം അത് പരസ്യമായി അനുഭവിച്ചവരാണ്. അമ്മയ്ക്കകത്തെ പ്രശ്നങ്ങളെ വെല്ലുവിളിക്കാൻ ധൈര്യമില്ലാത്തവരെക്കാൾ അമ്മ നൽകുന്ന തുച്ഛമായ മാസത്തുകയിൽ ജീവിതം പോകുന്ന പലരുമുണ്ട് അവിടെയെന്ന യാഥാർഥ്യം പലർക്കുമറിയില്ല. 

അമ്മയും ഫെഫ്കക്കയും സംഘടനാ പരമായി നോക്കുമ്പോൾ രണ്ടാണ്. എന്നാൽ അമ്മയിലെ തലമുതിർന്ന മിക്കവാറുമെല്ലാ താരങ്ങളും ഫെഫ്ക്കയിലെ കൂടി അംഗങ്ങൾ ആണ്. അത് കൊണ്ട് തന്നെ രണ്ടും ഒന്നാണെന്നെ പറയാൻ സാധിക്കുകയുള്ളൂ. മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് എല്ലാം തന്നെ ഇന്ന് സ്വന്തമായ പ്രൊഡക്ഷൻ കമ്പനിയും, തീയറ്ററും, വിതരണ ഏജിൻസികളും ഉണ്ടെന്നുള്ളപ്പോൾ രണ്ടിലും ഒരേ മെമ്പർമാരെ കാണാൻ കഴിയുന്നത് സ്വാഭാവികം! അസാധാരണത്വം എവിടെയാണെന്ന് ചോദിക്കുമ്പോഴാണ് ഫെഫ്കയും അമ്മയും നിലനിർത്തിപോകുന്ന ചിറ്റമ്മ നയം ചർച്ചയാകുന്നത്. അവിടെയാണ് നേരത്തേ പറഞ്ഞ പണക്കൊഴുപ്പും താര പദവിയും വേദി കീഴടക്കുന്നത്. ആരോടും പരാതിപറയാൻ സാധിക്കില്ല. രണ്ടിലും നേതൃത്വം ഒന്നാകുമ്പോൾ ആരോട് എന്ത് പറയാൻ? പറഞ്ഞാൽ തന്നെ എന്ത്‌ നടപടി ഉണ്ടാകാൻ?

 

ഫെഫ്കയിൽ നിന്നും സംവിധായകൻ വിനയനെ മാറ്റി നിർത്തിയ നാൾ മുതൽ പ്രത്യക്ഷത്തിൽ മലയാള സിനിമ കാര്യമായ പ്രതിസന്ധിയെ നേരിട്ട് തുടങ്ങി. വിനയനെതിരെ അന്ന് എന്തിന് അങ്ങനെ ഒരു നടപടി ഉണ്ടായി എന്നത് തെളിയിക്കാൻ സംഘടനയ്ക്ക് കഴിയാത്തത് കൊണ്ട് തന്നെ, അദ്ദേഹം കോടതിയിൽ നൽകിയ കേസിൽ അനുകൂല വിധി ലഭിക്കുകയും  അദ്ദേഹത്തിന് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു. എന്നാൽ കേസിനും വിധിക്കും എത്രയോ മുന്നേ വിനയനോട് കൂടെ നിന്നെന്ന കുറ്റത്തിൽ തിലകൻ ഒറ്റപ്പെടാൻ തുടങ്ങിരുന്നു. 

വിനയന്റെ സിനിമകളിൽ അഭിനയിക്കരുതെന്ന അമ്മയുടെ അറിയിപ്പിനെ മറികടന്ന് കൊണ്ടാണ് തിലകൻ 'യക്ഷിയും ഞാനും' എന്ന ചിത്രത്തിൽ വേഷമിടുന്നത്. ഇതോടെ അമ്മയിൽ തിലകനെതിരായി ഒരു പ്രത്യക്ഷ പ്രശ്‌നത്തിന് തുടക്കം കുറിക്കപ്പെട്ടു. പിന്നീട് നിലപാടുകളിലും, വാക്കുകളിലും തീരുമാനങ്ങളിലും അതിന്റെ പ്രകടനത്തിലും കർക്കശക്കാരനായ തിലകൻ നിരന്തരം വേട്ടയാടപ്പെടാൻ തുടങ്ങി. പരസ്യമായി മാപ്പ് പറയാൻ മാത്രം കുറ്റമൊന്നും അദ്ദേഹം ചെയ്തില്ലെന്ന ഉറച്ച ബോധ്യത്തിൽ അമ്മയിൽ നിന്നും പുറത്തു വന്നപ്പോഴും തിലകൻ തന്റെ നിലപാടിൽ ഉറച്ചു നിന്നു. മുഖ്യമന്ത്രി, സാംസ്ക്കാരിക വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയതിന് പുറമേ, മോഹൻലാലിന് ഒരു കത്തെഴുതുകയും കോടതിയെ സമീപിക്കുകയും ചെയ്തു. 

അമ്മയ്ക്കും ഫെഫ്ക്കയ്ക്കും വെളിയിൽ തിലകനെതിരെ ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് സംഘടനാ നേതൃത്വം  പറയുമ്പോൾ തന്നെ, ഞാൻ അടങ്ങുന്ന സംവിധായകർക്ക് തിലകനെ വച്ചു സിനിമ ചെയ്യരുതെന്ന സർക്കുലർ ലഭിക്കുന്നു. ഈ സാഹചര്യത്തിലാണ് 'അച്ഛൻ' എന്ന സിനിമയിൽ ഞാൻ തിലകനെ അഭിനയിപ്പിക്കുന്നത്. ഒന്നര വർഷത്തോളം സിനിമയില്ലാതെ ജീവിക്കേണ്ടി വന്ന ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിൽ  ചെന്ന് കണ്ട ദിവസം, മറവികൾക്ക് വിട്ടുനൽകാൻ ഞാൻ മടിക്കുന്ന മുഹൂർത്ഥമാണത്. താടിയും മുടിയുമൊക്കെ നരച്ച നിലയിൽ, വാർദ്ധക്യം തളർത്തിയ മലയാളത്തിൻ്റെ പെരുംതച്ചൻ. സിനിമയെ കുറിച്ചു പറഞ്ഞപ്പോൾ "നിനക്ക് ഭ്രാന്താണോ" എന്നായിരുന്നു മറുപടി. 'ഒരു മനുഷ്യനും ഇതിൽ സഹകരിക്കില്ല, അതിന് സമ്മതിക്കില്ല, അഥവാ സിനിമ പൂർത്തിയായാലും വെളിച്ചം കാണില്ല,' തുടങ്ങി പിന്തിരിപ്പിക്കാൻ ഒരുപാട് ശ്രമങ്ങൾ. ലൂസിയെ ഫോണിൽ വിളിച്ചും ഇതേ കാര്യങ്ങൾ എന്റെ മുന്നിൽ വച്ചു പറയുന്നു. എന്നിട്ടും പറഞ്ഞു സമ്മതിപ്പിച്ചു സിനിമ ചെയ്യാൻ ധാരണയായി. പിന്നീടാണ് സിനിമയെ വെല്ലുന്ന കാര്യങ്ങൾ ജീവിതത്തിൽ നടക്കുന്നത്. നിരന്തര ഭീഷണികൾ, ആക്രമണങ്ങൾ, വീട്, വാഹനം എന്നിവ തകർക്കൽ ക്യാമറ, ലൈറ്റ്, തീയറ്റർ എന്നിവ വരെ ഇല്ലാതാക്കുന്ന അവസ്ഥ. എല്ലാറ്റിനേയും അതിജീവിച്ചു. സിനിമ തീയറ്ററിൽ ഓടി തുടങ്ങി. പതിനാല് തീയറ്ററിൽ റിലീസ് അനുവദിച്ച ചിത്രത്തെ എനിക്ക് നാല് തീയറ്ററിൽ പ്രദർശിപ്പിക്കേണ്ടി വന്നു. അതും റിലീസിന് തലേ ദിവസം മാത്രം ലഭിച്ച തീയറ്റർ ഒഴിവില്ലെന്ന അറിയിപ്പിനോടുള്ള പ്രതിഷേധം സമരം ചെയ്തു തീർക്കാൻ തീരുമാനിച്ചത് കൊണ്ട് നാലിടത്തു റിലീസ് ചെയ്തു. ടിക്കറ്റ് കൗണ്ടറിലെ ചെക്കൻമ്മാരെ കൊണ്ട് സിനിമ നല്ലതല്ലെന്നും മറ്റും പറയിപ്പിച്ചതും അന്ന് പിടക്കപ്പെട്ടിരുന്നു. 

പിന്നീടാണ് 'ഐഡിയൽ കപ്പിൾസ് ' അദ്ദേഹത്തെ തന്നെ മുൻ നിർത്തി ഞാൻ ചെയ്യുന്നത്. സമാനമായ ഭീഷണികൾ തുടർന്നപ്പൊഴും സിനിമയുമായി മുന്നോട്ട് പോയി. അതോടെ എനിക്കെതിരെയുള്ള നടപടികൾ കടുത്തു. പൂർണ്ണമായും എന്നെ സംഘടനയിൽ നിന്നും ബോയ്ക്കോട്ട് ചെയ്തു.

ഇതിനൊക്കെ ശേഷമാണ് രഞ്ജിത് ചിത്രം 'ഇന്ത്യൻ റുപ്പി' യിലൂടെ തിലകൻ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തുന്നത്. അതിനിടയിൽ കേസിന് പിന്നാലെയുള്ള ഓട്ടം എന്തുകൊണ്ടോ അദ്ദേഹം അവസാനിപ്പിച്ചു. ഒരു പക്ഷെ അത് പൂർത്തിയാക്കിയിട്ടാണ് അദ്ദേഹം മരണപ്പെട്ടതെങ്കിൽ അവൾക്ക് ഇന്നീ വിവേചനം ഇത്ര കണ്ടനുഭവിക്കേണ്ടി വരില്ലായിരുന്നു.

വുമൺ ഇൻ സിനിമാ കളക്ടിവിലെ മെമ്പർമാർ ആ സംഘടന ഉണ്ടാക്കിയത് മുതൽ ഇപ്പോൾ അമ്മയിൽ നിന്നും രാജി വച്ച് പുറത്ത് വന്നത് വരെയുള്ള എല്ലാ നടപടികളെയും ധീരമെന്ന് വിളിക്കാണ് എനിക്കിഷ്ടം. വ്യക്തിത്വം ഉള്ള സ്ത്രീകളാളവർ. അവർക്ക് പലതും ഈ മേഖലയിൽ ചെയ്യാൻ കഴിയും. മാറ്റം കൊണ്ട് വരാൻ കഴിയും. പിന്നെ എതിർപ്പുകൾ ഉന്നയിച്ച അവർക്കിനി ആ സംഘടനയ്ക്കകത്തു നിന്ന് കൊണ്ട് എന്ത് ചെയ്യാൻ കഴിയും എന്നതും ഒരു വിഷയമാണ്. എതിർക്കുന്നവരെ, എതിരെ ശബ്ദിക്കുന്നവരെ ഒക്കെ ഇല്ലാതാകുന്ന പാരമ്പര്യത്തിൽ ഇനി അവർക്കെന്ത് നിലനിൽപ്പാണ് അവിടെ സാധ്യമാവുക. ഈ പറഞ്ഞ കാര്യം ഡിസ്ലൈക്കുകലിലൂടെയും, കമെന്റ്റുകളിലൂടെയും സിനിമകളേയും കഥാപാത്രങ്ങളേയും നഷ്ടപ്പെടുത്തിക്കൊണ്ടുമുള്ള നടപടികൾ വഴി അവർ അനുഭവിച്ചു തുടങ്ങിയിട്ടും ഉണ്ട്. എന്നിട്ടും എന്ത് കൊണ്ട് മറ്റ് വനിതാ താരങ്ങൾ പടിയിറക്കത്തിന് വൈകുന്നു എന്നാണ് ഞാൻ ചിന്തിക്കുന്നത്. കൂടെയുള്ളവരിൽ പ്രതികരിക്കാനും, എതിർക്കാനും കഴിവുള്ളവർ വേട്ടയാടപ്പെടുമ്പോൾ സ്വാഭാവികമായും മറ്റുള്ളവരും പ്രതികരിക്കേണ്ടതല്ലേ. സമാനമായ അനുഭവങ്ങൾ അവരിൽ പലരും അനുഭവിച്ചിരുന്നില്ലേ പലപ്പോഴും. 

സമീപകാലത്ത് നടന്ന മീ ടൂ ക്യാമ്പയിനിങ്ങിലൂടെ ലോകമറിഞ്ഞ, അതിന് മുമ്പ് പലപ്പോഴും ആരും അറിയാതെ മൂടിവയ്ക്കപ്പെട്ട പീഡന കഥകൾ ഒരുപാടുണ്ട്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അവരുടെ തൊഴിലിടത്തിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന പല അനുഭവങ്ങളും പുറത്ത് പറയാൻ സാധിക്കാത്തവയാണ്. ആ സാഹചര്യത്തിലാണ് ആക്രമിക്കപ്പെട്ട നടിയോട് ബഹുമാനവും അവരെ ഓർത്ത് അഭിമാനവും തോന്നുന്നത്. എത്ര ധീരതയോടെയും ചങ്കൂറ്റത്തോടെയും ആണ് അവർ ആ പ്രതിസന്ധിയെ അതിജീവിച്ചത്. അതിനെതിരെ പരസ്യമായി പ്രതികരിച്ചത്. സിനിമ രംഗത്തെ, പ്രത്യേകിച്ചും മലയാള സിനിമയെ എടുത്തു നോക്കിയാൽ ഇത് ആദ്യമായല്ല ഒരു സ്ത്രീ അഭമാനിതയാകുന്നത്. സിനിമയെ വേണ്ടെന്ന് വച്ച് പോയവരും കുറവല്ല. ആൺ ഭരണത്തിനൊപ്പം തന്നെ, പണാധിപത്യത്തിന് കൂടി അടിപ്പെട്ട സംഘടനയിൽ നിന്നും പുറത്തു കടക്കുന്നത് തന്നെ ആണ് എന്ത് കൊണ്ടുമുചിതം.                  

വുമൺ ഇൻ സിനിമാ കളക്റ്റീവിന് ഇനി എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പലതും കഴിയുമെന്ന് പറയുമ്പോൾ തന്നെയും അവ എന്തൊക്കെ എന്ന ചോദ്യത്തിന് വളരെ അടുസ്ഥാനമായി ഒരു ഉത്തരമേ ഉള്ളൂ. ആൺ മേൽക്കോയമ്മയുള്ള, ആണാധിപത്യമുള്ള എല്ല മേഖലകളിലും വനിതകളെ എത്തിക്കാൻ സാധിക്കണം. അവർക്ക് കൃത്യമായ പരിശീലനം നൽകി അവരെ എല്ലാ മേഖലകളിലും വിന്യസിപ്പിക്കണം. അത് വഴി സ്ത്രീ സാന്നിധ്യം സിനിമയിൽ അഭിനയത്തിനെന്ന പോലെ പുറത്തും ഉണ്ടാക്കിയെടുക്കണം. എങ്കിൽ ആരാലും തളർത്തപ്പെടാതെ, മാനവും അഭിമാനവും അടിയറവ് ചെയ്യാതെ അവർക്ക് മുന്നേറാം. ആരെയും ഭയക്കാതെ സ്വതന്ത്രമായി തൊഴിൽ ചെയ്യാം.

മരിച്ചു മണ്ണായ തിലകനോ മാളാ അരവിന്ദനോ അവർക്ക് നിഷേധിക്കപ്പെട്ട ഒരു നീതിയും അവകാശവും നൽകാൻ ഇനി ഒരു സംഘടനയ്ക്കും സാധിക്കില്ല. ഒരു മാപ്പ് പറച്ചിൽ കൊണ്ട് പോലും പകരം വെയ്ക്കാൻ ആവുന്നതല്ല അവർക്കുണ്ടായ നഷ്ട്ടങ്ങൾ. എങ്കിലും ഇനി വരാനിരിക്കുന്ന തല മുറയെങ്കിലും ഇത്തരം പക്ഷപാദ നയങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടട്ടെ എന്ന് ആശിക്കാം. പ്രതിഷേധങ്ങൾ, പടിയിറക്കങ്ങൾ എന്നിവ വിചാരിച്ച ഫലം നൽകുമെന്ന് വിശ്വസിക്കാം.
                         

   ശരണ്യ എം ചാരു
                          കാലിക്കറ്റ് പ്രസ് ക്ലബ്ബ്



loading...