വിവരണം ഓര്‍മ്മചെപ്പ്


അതിയടം കണ്ണ പെരുവണ്ണാൻ

Reporter: Navaneeth Pilathara
അഗ്നിവിഴുങ്ങാത്ത ജീവിതം രാജേഷ് കടന്നപ്പള്ളി തെയ്യക്കഥകൾ പോലെ വിസ്മയിപ്പിക്കുന്നതാണ് അതിയടം കണ്ണ പെരുവണ്ണാൻ്റെ ജീവിതം.

         കണ്ണ പെരുവണ്ണാൻ കോലത്തു നാട്ടിലെ കാവുകളിൽ ഉരിയാടി ഉറഞ്ഞാടിയ തെയ്യത്തെ വൻകരകൾക്ക് പരിചിതമാക്കി. തെയ്യപ്പെരുമയെ വാനോളം വളർത്തി. കതിവനൂർ വീരൻ്റെ  ആയിരത്തിലധികം കോലങ്ങൾ കെട്ടിയാടി. കലാരംഗത്തെ അപൂർവ ബഹുമതികൾ കരസ്ഥമാക്കി. അതിയടം കണ്ണ പെരുവണ്ണാൻ എന്ന ദേവനർത്തകൻ്റെ  ജീവിതം ഇങ്ങനെ പരക്കുന്നു. കുല വൃത്തിയായി തെയ്യം കലയിൽ ചുവടു വെച്ചു. അച്ഛൻ പട്ടുവത്ത് രാമ പെരുവണ്ണാൻ ചുവടുറപ്പിച്ചു. അമ്മ അതിയടം ചീയ്യയി താരാട്ടിനൊപ്പം തോറ്റംപാട്ടിന് ഈണം നൽകി. ആടിവേടനാടി അരങ്ങേറ്റം. കുടി വീരനിലൂടെ അടിയുറച്ചു. പതിനാലാം വയസിൽ തുടങ്ങിയ സപര്യ എഴുപതിറ്റാണ്ടോളം നീണ്ടു.

         സാഹസികനായ മാങ്ങാട്ട് മന്ദപ്പൻ്റെ  തെയ്യക്കോലം കതിവനൂർ വീരൻ്റെ  ആയിരത്തിലധികം കോലങ്ങൾ മലബാറിലും വിദേശത്തും അവതരിപ്പിച്ചു. അപൂർവ്വമായി കെട്ടിയാടാറുള്ള കതിവനൂർ വീരനെ ഇത്രയെറെ കെട്ടിയാടിയ കോലധാരി കണ്ണപെരുവണ്ണാൻ മാത്രം. അതിയടം പാലോട്ടുകാവിൽ 40 വർഷത്തോളം കെട്ടിയാടിയതും ഇദ്ദേഹംതന്നെ. തെക്കൻ കരിയാത്തൻ, കടവാങ്കോട്ട് മാക്കം,മുച്ചിലോട്ട് ഭഗവതി, പെരുമ്പുഴ അച്ഛൻ, തായ് പരദേവത.... പെരുവണ്ണാൻ ആടാത്ത കോലങ്ങളില്ല. തെയ്യം കലയിലെ മറ്റൊരു മണക്കാടൻ ഗുരിക്കൾ വിശേഷണം അതിശയോക്തിയല്ല. ഗന്ധർവപ്പാട്ട്, കുറുന്തിരിപ്പാട്ട് ഇവ ചൊൽവഴക്കത്തോടെ ഹൃദയഹാരിയായി അവതരിപ്പിക്കുന്നതും സവിശേഷതയാണ്.

         മുഖത്തെഴുത്തും ഭാവവും വാചാലും ചുവടും കൊണ്ട് കളിയാട്ടക്കാവിൽ പെരുവണ്ണാൻ്റെ  കനലാട്ടം ആസ്വാദകർക്ക് അനുഭവഭേദ്യമാണ്. കതിവനൂർ വീരനെ മിഴിവോടെ അവതരിപ്പിക്കാൻ മലപ്പുറത്തു നിന്ന് കളരിയാശാൻമാരെ വരുത്തി പ്രത്യേകമായി അഭ്യസിച്ചതും ഇദ്ദേഹം മാത്രമാകും. പെരുവണ്ണാന്റെ കോലം കാണാൻ അന്യദേശത്തു നിന്നു പോലും ആളുകളെത്തും. കാവുകളുടെ നടുമുറ്റത്തു നിന്നും തെയ്യങ്ങളെ പൊതു ഇടങ്ങളിലേക്ക് അദ്ദേഹം പറിച്ചു നട്ടു.

          പാരീസിൽ നടന്ന ഇന്ത്യൻ ഫെസ്റ്റിവെലിൽ പെരുവണ്ണാൻ്റെ  ബാലി തെയ്യ പ്രകടനം ഉദ്ഘാടകനായ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിസ്മയിപ്പിച്ചു.ഹസ്തദാനം നൽകി അഭിനന്ദിച്ചു. ഇന്ത്യയിലെത്തി പ്രശംസ കത്ത് പ്രത്യേകമായി അയച്ചു. റഷ്യ, ജർമിനി, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും തെയ്യം അവതരിപ്പിച്ചു.1982 ലെ ഏഷ്യാഡ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ കതിവനുർ വീരൻ കെട്ടിയാടി. ഹരാരെ ഉച്ചകോടി വേദിയിലും തെയ്യം കലയുമായി കടന്നു ചെന്നു.

         കലാരംഗത്തെ മികച്ച പുരസ്കാരങ്ങളാണ് പെരുവണ്ണാനെ തേടിയെത്തിയത്.1958-ൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ തെയ്യം അവതരിപ്പിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് സ്വർണമെഡൽ നൽകി ആദരിച്ചു. സംഗീത നാടക അക്കാദമി ' അവാർഡ്, പി.കെ കാളൻ സ്മാരക പ്രഥമ പുരസ്കാരം, ഗുരുവായൂരപ്പൻ സ്വർണ്ണ മെഡൽ, ഫോക് ലോർ അക്കാദമി ഫെല്ലോഷിപ്പ് തുടങ്ങി അനേകം ബഹുമതികൾക്ക് അർഹനായി. നാടക പ്രതീഭ പീറ്റർ ബുർക്ക് തൻ്റെ  മഹാഭാരത നാടകത്തിൽ കളരിയെക്കുറിച്ചും ചുവടുകളെക്കുറിച്ചും അറിയാൻ കണ്ണപെരുവണ്ണാൻ്റെ വീട്ടിലെത്തി.  തെയ്യം കലയുടെ മറുവാക്കായ കണ്ണ പെരുവണ്ണാൻ അഗ്നിവിഴുങ്ങാത്ത ഓർമ്മയായി ജ്വലിക്കും.

loading...