വാര്‍ത്താ വിവരണം

സംസ്ഥാന കലാപ്രദര്‍ശനവും പുരസ്‌ക്കാരങ്ങളും - 2017-18

23 December 2017
കേരള ലളിതകലാ അക്കാദമി: Address - Secretary, Kerala Lalithakala Akademi, Chembukkavu, Thrissur - 680 020, Tel. 91 4872333773, Email: secretary@lalithkala.org

              കേരള ലളിതകലാ അക്കാദമിയുടെ 2017-18ലെ സംസ്ഥാന വാര്‍ഷിക കലാപ്രദര്‍ശനത്തിനും പുരസ്‌ക്കാരങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെടുവാനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു. പെയ്ന്റിങ്ങ്, ഡ്രോയിങ്ങ്, ഗ്രാഫിക് പ്രിന്റ്, ശില്പം എന്നീ വിഭാഗങ്ങളില്‍ വരുന്ന കലാസൃഷ്ടികളാണ് സ്വീകരിക്കുക.
50,000/- രൂപയുടെ അഞ്ച് മുഖ്യ പുരസ്‌ക്കാരങ്ങള്‍ക്ക് പുറമെ 30,000/- രൂപയുടെ അഞ്ച് വീതം ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരങ്ങളും, 20,000/- രൂപയുടെ സ്‌പെഷ്യല്‍ മെന്‍ഷന്‍ പുരസ്‌ക്കാരങ്ങളും (കലാവിദ്യാര്‍ത്ഥികള്‍ക്ക്) നല്‍കുന്നു. മികച്ച പ്രകൃതിചിത്രങ്ങള്‍ക്കും ഛായാചിത്രങ്ങള്‍ക്കും പ്രത്യേക സ്വര്‍ണ്ണമെഡല്‍ എന്‍ഡോവ്‌മെന്റുകളും നല്‍കുന്നതാണ്.


              സംസ്ഥാന പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2016ന് ശേഷം രചിച്ച മൂന്ന് കലാസൃഷ്ടികളുടെ 10 ഇഞ്ച് നീളവും ആനുപാതിക വീതിയും വരുന്ന ഫോട്ടോഗ്രാഫുകള്‍, കലാസൃഷ്ടിയുടെ നീളം, വീതി (ശില്പങ്ങളുടെ കാര്യത്തില്‍ തറവിസ്താരവും ഉയരവും) മാദ്ധ്യമം, കലാസൃഷ്ടിയുടെ പേര് തുടങ്ങിയ വിശദാംശങ്ങളും, കലാകാരന്റെ ലഘുജീവചരിത്രക്കുറിപ്പും പൂര്‍ണ്ണ മേല്‍വിലാസവും (ഫോണ്‍ നമ്പറടക്കം) രേഖപ്പെടുത്തി 2018 ജനുവരി 15 -ാം തീയതിയ്ക്കകം ‘സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20’ എന്ന മേല്‍വിലാസത്തില്‍ അയയ്ക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. കവറിനു പുറത്ത് ‘സംസ്ഥാന പ്രദര്‍ശനം - 2018’ എന്ന് രേഖപ്പെടുത്തണം. ഫോട്ടോഗ്രാഫുകള്‍ തിരികെ ലഭിക്കുവാന്‍ സ്വന്തം മേല്‍വിലാസമെഴുതി മതിയായ സ്റ്റാമ്പ് പതിച്ച കവര്‍ കൂടി ഇതോടൊപ്പം അയയ്ക്കുക. കൂടാതെ താങ്കളുടെ ലഘുജീവചരിത്രക്കുറിപ്പ് (വേഡ്/പേജ്‌മേക്കര്‍ ഫോര്‍മാറ്റ്), അപേക്ഷകന്റെ ഫോട്ടോ, കലാസൃഷ്ടികളുടെ ഇമേജുകള്‍ (2mb യ്ക്കും - 3mb യ്ക്കും ഇടയില്‍ ഇമേജ് സൈസ്) 300 DPIയില്‍ സിഡി സഹിതം അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.


              പ്രദര്‍ശനത്തിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനുശേഷം അര്‍ഹരായ കലാകാരന്മാരെ വിവരം അറിയിക്കുന്നതാണ്. പ്രാഥമിക തെരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാവരുടെയും കലാസൃഷ്ടികള്‍ സംസ്ഥാന പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിക്കും. അവര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ നിലവാരത്തോടെ ഫ്രെയിം ചെയ്ത് പ്രദര്‍ശനത്തിന് സജ്ജമായ രീതിയില്‍ 15 ദിവസത്തിനകം പൂരിപ്പിച്ച എന്‍ട്രിഫോം സഹിതം അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ എത്തിക്കണം. 2017 ജനുവരിയില്‍ 18 വയസ്സ് പൂര്‍ത്തിയായിട്ടുള്ളവരും കലാരംഗത്ത് സജീവമായിട്ടുള്ളവര്‍ക്കും മാത്രമേ സംസ്ഥാന പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. സംസ്ഥാന പ്രദര്‍ശനത്തിനുള്ള അപേക്ഷ ഫോറം അക്കാദമിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.



whatsapp
Tags:
loading...