കല്യാശ്ശേരി വാര്‍ത്താ വിവരണം

ഇരിണാവ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി

7 March 2018
Reporter: ratheesh

ഇരിണാവ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി: ടി.വി. രാജേഷ് എം.എല്‍.എയുടെ സബ്മിഷനുള്ള മുഖ്യമന്ത്രിയുടെ മറുപടി

കേന്ദ്ര സര്‍ക്കാര്‍ 2009-ല്‍ കേരളത്തില്‍ ഒരു കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ അഴീക്കലിലെ 164 ഏക്കര്‍ സ്ഥലം അക്കാദമി സ്ഥാപിക്കുന്നതിനുവേണ്ടി കൈമാറുകയും 2011 മെയ് 28-ന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി തറക്കല്ലിടുകയും ചെയ്തു.

അക്കാദമിയുടെ നിര്‍മ്മിതിക്കായി കോസ്റ്റ് ഗാര്‍ഡ് ഏകദേശം 65.56 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. കണ്ടല്‍ക്കാട് കൂടി ഉള്‍പ്പെടുന്ന പ്രദേശമാണ് ഇത് എന്നതിനാല്‍ അവ ഉള്‍പ്പെടാത്ത സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിന്റെ അനുമതിക്കുവേണ്ടി പ്രസ്തുത മന്ത്രാലയത്തെ സമീപിക്കുന്നതിന് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി കോസ്റ്റ് ഗാര്‍ഡിന് അനുകൂലമായ ശിപാര്‍ശയും നല്‍കിയിരുന്നു. അതനുസരിച്ച് കോസ്റ്റ് ഗാര്‍ഡ് പ്രസ്തുത മന്ത്രാലയത്തിന് ശിപാര്‍ശ സമര്‍പ്പിച്ചുവെങ്കിലും നാളിതുവരെ അനുകൂല തീരുമാനം ലഭിച്ചിട്ടില്ല. അതോടൊപ്പം, അക്കാദമി കര്‍ണ്ണാടക സംസ്ഥാനത്തിലെ മംഗലാപുരത്തിനടുത്തെ വൈക്കംപാടി എന്ന സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള നീക്കം മാധ്യമങ്ങളിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഈ സാഹചര്യത്തില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി അഴീക്കലില്‍നിന്ന് മാറ്റുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തന്ത്രപ്രധാനമായ ഈ സ്ഥലത്തുതന്നെ എത്രയുംവേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് 06.01.2018-ല്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

ഇത് കേരളത്തില്‍ തന്നെ നിലനിര്‍ത്തുന്നതിന് ശക്തമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്




loading...