വിവരണം ഓര്‍മ്മചെപ്പ്


ഓർമ്മച്ചെപ്പ് - പിലാത്തറ പരിയാരം മെഡിക്കൽ കോളേജിലെ ഒരു കുട്ടിഡോക്ടർ

പിലാത്തറ പരിയാരം മെഡിക്കൽ കോളേജിലെ ഒരു കുട്ടിഡോക്ടർ ... അവൾ വ്യത്യസ്തയായൊരു കുട്ടിഡോക്ടറാണ്‌

‘‘മാമാ... ഞാൻ കുറച്ചുദിവസം മാമന്റെ അടുത്തേക്ക്‌ വരികയാണ്‌. എന്റെ ഒന്നാം വർഷ എം.ബി.ബി.എസ്‌. റിസൾട്ട്‌ വരുന്നതുവരെ എനിക്ക്‌ കുറേ രോഗികളെ കാണണം. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കണം. അവരുടെ കൂടെ കുറേസമയം ചെലവഴിക്കണം. എന്തെങ്കിലും സഹായം ചെയ്തുകൊടുക്കണം.’’

അവധിദിവസങ്ങൾ നമുക്കെല്ലാം ആഘോഷദിവസങ്ങളാണല്ലോ... 
അതെങ്ങനെ ആഘോഷിക്കണമെന്ന കാര്യത്തിൽ വ്യത്യസ്തരാകാമെന്നു മാത്രം. ഉറക്കം, സിനിമകൾ, ദൂരയാത്രകൾ. അങ്ങനെ നീണ്ടുനീണ്ടുപോകുന്ന പട്ടികകൾ.
ആ അവധി ഒരു പരീക്ഷ കഴിഞ്ഞുള്ളതാണെങ്കിലോ പ്രത്യേകിച്ചും ഒന്നാംവർഷ എം.ബി.ബി.എസ്‌. പരീക്ഷയ്ക്ക്‌ ശേഷമാണെങ്കിലോ...? 
കാത്തിരിക്കുന്ന കുറേ അവധി ദിവസങ്ങളാണവ. ഒരു വർഷത്തെ കഠിനാധ്വാനത്തിനു ശേഷം വീണുകിട്ടുന്ന കുറേ അവധി ദിവസങ്ങൾ...

ഇതുപോലെ നീണ്ട ഒരവധി ഇനി എം.ബി.ബി.എസ്‌. പഠനം പൂർത്തിയാക്കിയതിനു ശേഷമേ ലഭിക്കൂ എന്നുള്ളൊരു തിരിച്ചറിവു കൂടിയാകുമ്പോൾ ആ അവധിദിനങ്ങളുടെ മാധുര്യം കൂടും. 
അതുകൊണ്ടുതന്നെ, ആ അവധിദിവസങ്ങൾ അടിച്ചുപൊളിക്കുന്ന കുട്ടിഡോക്ടർമാരെ മാത്രമേ കാണാറുള്ളൂ.

അവളുടെ ഫോൺ കോൾ വന്നപ്പോൾ, അതൊരു ഭംഗിവാക്കായി മാത്രമേ ഞാൻ കരുതിയുള്ളൂ. അടുത്ത ദിവസം തോളിലൊരു ബാഗും തൂക്കി അവളെത്തിയപ്പോഴും അതിനപ്പുറം ഒരു ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നില്ല.

‘‘മാമാ, ഞാൻ എവിടെ താമസിക്കും...?’’
കാൻസർ സൊസൈറ്റിയുടെ നാരായണന്‌ സംശയമേയില്ല:
‘‘ഞാനും ബീനയുമുണ്ടല്ലോ... ഞങ്ങൾ നോക്കിക്കൊള്ളാം. അമ്മുവിന്റെ കൂടെ താമസിക്കുകയുമാകാം.’’

അങ്ങനെ ആ കൊച്ചുമിടുക്കിഡോക്ടർ കുറച്ചുദിവസത്തേക്ക്‌ കൊച്ചിക്കാരിയായി.
രണ്ടുദിവസം അവളെന്റെ കൂടെ കാറിൽ ഹോസ്പിറ്റലിൽ വന്നു. ഒ.പി.യിൽ എന്റെ കൂടെത്തന്നെ അവൾ സമയം ചെലവഴിച്ചു. 
മൂന്നാം ദിവസം കാറിൽ കയറിയപ്പോൾ അവൾ പറഞ്ഞു:
‘‘ഞാനിങ്ങനെ കാറിൽക്കയറി നടക്കാൻ വന്നതല്ല മാമാ... എനിക്ക്‌ രോഗികളുടെ കൂടെയിരിക്കണം...’’

ആ നിമിഷമാണ്‌ ഞാൻ അവളെ തിരിച്ചറിഞ്ഞത്‌. രക്തബന്ധമില്ലെങ്കിലും അവളുടെ മാമനാകാൻ സാധിച്ചതിൽ അഭിമാനം തോന്നിയ ഒരു നിമിഷമായിരുന്നു അത്‌. കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രത്യേകിച്ച്‌, കാൻസർ ബാധിതരായ കൊച്ചുകുട്ടികൾക്ക്‌ ഉച്ചയ്ക്ക്‌ ആഹാരം എത്തിക്കുന്ന സംവിധാനത്തെക്കുറിച്ചുമൊക്കെ ഞാൻ പറഞ്ഞപ്പോൾ, അവളുടെ കണ്ണ്‌ നിറയുന്നത്‌ ഞാൻ കണ്ടു.

‘‘ഞാൻ അവരുടെ കൂടെ കൂടുകയാണ്‌ മാമാ...’’ 
ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു... 
ആ വാക്കുകളിലെ നിശ്ചയദാർഢ്യം ഞാൻ തിരിച്ചറിഞ്ഞു. തേങ്ങ ചിരണ്ടിക്കൊടുക്കാനും പച്ചക്കറി അരിഞ്ഞുകൊടുക്കാനും... അങ്ങനെ അവൾ ആ കൊച്ചുകുഞ്ഞുങ്ങൾക്കുള്ള ഊണിന്റെ ഭാഗമായി. ഉച്ചഭക്ഷണവും കൊണ്ട്‌ അവൾ രോഗികളുടെയടുത്തെത്തി, കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമൊപ്പം അവൾ ദിവസം മുഴുവനും കൂട്ടിരുന്നു.

വൈകീട്ട്‌ തിരികെ എന്റെകൂടെ പോകാനിറങ്ങുമ്പോൾ, അവളുടെ െെകയിൽത്തൂങ്ങി കൊച്ചുകുട്ടികളുമുണ്ടായിരുന്നു. അവർ അവളെ വ്യത്യസ്തയാണെന്ന്‌ തിരിച്ചറിഞ്ഞതുപോലെ....

മക്കളുണ്ടെങ്കിലും മക്കളില്ലാത്ത അമ്മമാർ ഇക്കാലത്ത്‌ സർവസാധാരണം. അങ്ങനെ ചികിത്സയ്ക്ക്‌ വന്ന ഒരു അമ്മയ്ക്ക്‌ രക്തം നൽകുമ്പോൾ കൂട്ടിരിക്കാൻ ആളുവേണം. കുട്ടിഡോക്ടർക്ക്‌ ഒരു സംശയവും സങ്കോചവുമില്ലായിരുന്നു:
‘‘ഞാൻ കുട്ടിരുന്നോളാം മാമാ...’’ 
അവളുടെ വാക്കുകൾ ഒരിക്കൽക്കൂടി എന്നെ അത്ഭുതപ്പെടുത്തി.

അടുത്ത ദിവസം രണ്ട്‌ അഞ്ഞൂറു രൂപാ നോട്ടുകൾ എനിക്കുനേരെ നീട്ടി അവൾ പറഞ്ഞു:
‘‘മാമാ... ഇത്‌ ആ അമ്മയ്ക്ക്‌ തിരികെക്കൊടുക്കണം. ഞാൻ പലപ്രാവശ്യം നിരസിച്ചിട്ടും ആ അമ്മ കരഞ്ഞുകൊണ്ട്‌ എന്റെ െെകയിൽ ഏല്പിച്ചതാണ്‌ ഈ തുക. ‘മോളിത്‌ വാങ്ങിക്കണ’മെന്ന്‌ കരഞ്ഞുപറഞ്ഞ്‌ എന്റെ െെകയിൽ തന്നതുകൊണ്ടാണ്‌ ഞാനത്‌....’’
-അവൾ കരയുകയായിരുന്നു.......

എന്റേയും കണ്ണുകൾ നിറയുന്നത്‌ ഞാനറിഞ്ഞു. ഞാനവളെ ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞു... 
അവൾ വ്യത്യസ്തയാണെന്ന്‌. അവൾ തിരികെപ്പോകുന്നതിനു മുൻപ്‌ എന്തെങ്കിലും കൊടുക്കണം. എന്തു കൊടുക്കും...? ഞാൻ ഈ ചിന്തയിലായിരുന്നു. 
അവസാനം ഞാനവൾക്ക്‌ ഒരു സ്റ്റെതസ്കോപ്പ്‌ സമ്മാനിച്ചു. മറ്റുള്ളവരുടെ ഹൃദയസ്പന്ദനം കേൾക്കാനും മനസ്സിലാക്കാനും ഒരു സ്റ്റെതസ്കോപ്പിന്റെയും സഹായം അവൾക്ക്‌ ആവശ്യമില്ല എന്ന്‌ എന്റെ മനസ്സ്‌ മന്ത്രിച്ചു. 
എങ്കിലും......

ഈ കുട്ടിഡോക്ടറെ നാം അറിയണമെന്നു തോന്നി. അവൾ പാലക്കാട്ടുകാരിയാണെന്നു മാത്രം അറിഞ്ഞാൽ പോരാ... അവൾ സഫ്‌വാനയാണ്‌, പരിയാരം മെഡിക്കൽ കോളേജിലെ ഒരു കുട്ടിഡോക്ടറാണെന്നു കൂടി നാം തിരിച്ചറിയണം... കാരണം, അവൾ വ്യത്യസ്തയായൊരു കുട്ടിഡോക്ടറാണ്‌... സത്യത്തിലാരും തിരിച്ചറിഞ്ഞിരുന്നില്ലെന്നു മാത്രം.

കടപ്പാട്: മാതൃഭൂമി ഓൺലൈൻ, 
ഡോ: വി.പി. ഗംഗാധരൻ

loading...