പഠിപ്പുര


വിഷു അറിവുകൾ

മേടം ഒന്ന് എത്താറായി (വിഷുവിന്) ..... ഇനി നടാനുള്ള കിഴങ്ങ് വർഗ്ഗങ്ങളൊക്കെ മേടം ഒന്നിനും പത്തിനും ഇടയിൽ  നട്ടാൽ കുംഭമാസത്തിലെ വെളുത്ത വാവിന് നട്ട അതേ ഗുണം കിട്ടും ....... അപ്പോൾ എല്ലാവരും ഇന്നേ റെഡിയായിക്കോളു ............

***** വിഷു രണ്ടുണ്ട്‌. *****
------------------------------------

രാത്രിയും പകലും തുല്യമായി വരുന്ന രണ്ടുദിനങ്ങള്‍ ഒരു വര്‍ഷത്തിലുണ്ടാവാറുണ്ട്‌. ഒന്ന്‌ മേടം ഒന്നിനും അഥവാ മേട വിഷുവിനും മറ്റൊന്ന്‌ തുലാം ഒന്നിനും. തുലാ വിഷുവേക്കാള്‍ മേടവിഷുവിന്‌ മലയാളികള്‍ പ്രാധാന്യം കൊടുക്കാന്‍ എന്താവാം കാരണം? മലയാളക്കരയില്‍ കാര്‍ഷികവൃത്തികള്‍ക്കു തുടക്കം കുറിക്കുന്ന അവസരമാണ്‌ ഇത്‌ എന്നതുതന്നെ. വെന്തുരുകിയ മണ്ണില്‍ കീടങ്ങളും കളകളും പോയി വേനല്‍ മഴ പെയ്‌തിറങ്ങുന്നതോടെ വിതയ്‌ക്കാന്‍ മണ്ണൊരുങ്ങുന്നു. മേടം ഒന്നുമുതല്‍ പത്താമുദയംവരെ കൃഷിപ്പണികള്‍ തുടങ്ങാന്‍ നല്ല കാലമാണ്‌. കൃഷിയുമായി ബന്ധപ്പെട്ടതാണല്ലോ നമ്മുടെ എല്ലാ ഉത്സവങ്ങളും. വിഷുവും അങ്ങനെതന്നെ.
കൊല്ലവര്‍ഷം വരുന്നതിനുമുമ്പ്‌ വിഷുവായിരുന്നു കേരളത്തിന്റെ ആണ്ടുപിറപ്പ്‌. വസന്തത്തിന്റെ വരവിനെയാണ്‌ അക്കാലത്ത്‌ നവവത്സരത്തിന്റെ തുടക്കമായിക്കണക്കാക്കി പോന്നത്‌. വിഷുവിനാണത്രെ സൂര്യന്‍നേരേ കിഴക്കുദിക്കുന്നത്‌.
വിഷു ഒരാഘോഷമായി കൊണ്ടാടാന്‍ തുടങ്ങിയത്‌ ഭാസ്‌കര രവിവര്‍മ്മയുടെ കാലം മുതലാണെന്നാണ്‌ വിശ്വാസം. കുലശേഖര രാജാവായിരുന്നു ഭാസ്‌കര രവിവര്‍മ്മ..................

കാര്‍ഷികപ്രധാനമാണ്‌ വിഷു...... കൃഷിയും ധനവും കൈനീട്ടമേകാന്‍ ഋഷിനാടിന്നുത്സവദേവത നീ എന്നു കവി. വിഷു എന്ന വാക്ക്‌ ഉത്‌പാദനവുമായിക്കൂടി ബന്ധപ്പെട്ടതാണ്‌. വിസൂയതേ ഇതി വിഷു (ഉല്‍പ്പാദിപ്പിക്കുകയാല്‍ വിഷു എന്നര്‍ഥം) വരുന്ന വര്‍ഷഫലത്തെക്കുറിച്ച്‌ ഇക്കാലം കര്‍ഷകര്‍ സ്വപ്‌നം കാണുന്നു. ഞാറ്റുപാടങ്ങളില്‍ പുള്ളുവര്‍ പാടുന്ന പാട്ടുണ്ട്‌.

പൊലിക പൊലിക ദൈവമേ 
താന്‍ നെല്‍ പൊലിക, 
പൊലികണ്ണന്‍ തന്റേതൊരു 
വയലകത്ത്‌ 
ഏറോടെയെതിര്‍ക്കുന്നൊരെരുതും വാഴ്‌ക 
ഉഴമയലേയാ എരിഷികളെ നെല്‍പ്പൊലിക 
മുരുന്ന ചെറുമനുഷ്യര്‍ പലരും വാഴ്‌ക 
മുതിക്കും മേലാളിതാനും വാഴ്‌ക

കാളയും ഉഴവുകാരനും മേലാളനും ഒരുപോലെ വാഴണം എന്നാണ്‌ പ്രാര്‍ഥനയുടെ അര്‍ഥം. ഐശ്വര്യം പുലരണം എന്ന്‌ സന്ദേശം. 
പണ്ടൊക്കെ വിഷുക്കാലമാകുമ്പോഴാണ്‌ കൊന്ന പൂക്കാറുള്ളത്‌. ചൂട്‌ കൂടിയതോടെ ഓണക്കാലത്തുപോലും കൊന്ന പൂക്കാന്‍ തുടങ്ങിയിരിക്കുന്നു. കാലക്കണക്ക്‌ മരങ്ങള്‍ക്കുപോലും തെറ്റാന്‍ തുടങ്ങിയിരിക്കുന്നു. എന്നാലും വിഷുക്കാലമായപ്പോഴേക്കും പൂക്കാതിരിക്കാനെനിക്കാവതില്ലേ എന്ന ചിന്തയാലാവാം കൊന്നകളൊക്കെ ഇതാ സ്വര്‍ണത്തോരണങ്ങള്‍ തൂക്കിക്കഴിഞ്ഞിരിക്കുന്നു. വിഷുക്കണികാണാന്‍ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. 

കണിക്കൊന്ന

വിഷുവിന്‌ കണിവയ്‌ക്കാനുപയോഗിക്കുന്നതുകൊണ്ടാണ്‌ ഇതിന്‌ കണിക്കൊന്ന എന്ന പേരുവന്നത്‌. പ്രധാനമായും ഏപ്രില്‍, മെയ്‌ മാസങ്ങളിലാണ്‌ കണിക്കൊന്ന പൂക്കുന്നത്‌. പൂങ്കുലയ്‌ക്ക് ഒരടിയില്‍ കൂടുതല്‍ നീളമുണ്ടാകും. 
നേര്‍ത്ത തണ്ടില്‍ അനേകം മൊട്ടുകളും പൂക്കളും ഒരുമിച്ച്‌ കാണും. കേരളത്തിലങ്ങളോമിങ്ങോളം കൊന്നമരം കാണപ്പെടുന്നു. നമ്മുടെ സംസ്‌ഥാന പുഷ്‌പം കൂടിയാണ്‌ കണിക്കൊന്ന. 
കൊന്നപ്പൂവ്‌ വിഷുവിന്റെ അഴകും കാഴ്‌ചയും വേനലില്‍ സ്വര്‍ണത്തിന്റെ നിധിശേഖരം തരുന്ന മരം എന്നു കൊന്നയെപ്പറ്റി ഇതിഹാസങ്ങളിലുണ്ട്‌. 
കൊന്നകള്‍ വിവിധ തരമുണ്ട്‌. കടക്കൊന്ന, കണിക്കൊന്ന, മണിക്കൊന്ന, ചെറുകൊന്ന എന്നിവ മുഖ്യം. മ്യാന്‍മര്‍, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഇലകൊഴിയും കാടുകളിലും നാട്ടിന്‍പുറങ്ങളിലുമായി ഇവ വളരുന്നു. രാജവൃക്ഷം, സുവര്‍ണക, രാജതരു, ഗിരിമാല, സുന്ദലി എന്നിവ കൊന്നയുടെ ഭാരതീയ നാമങ്ങളാണ്‌. ലെഗുമിനോസ സസ്യകുടുംബത്തില്‍ അംഗമാണ്‌ കണിക്കൊന്ന. കാഷ്യഫിസ്‌റ്റുലലിന്‍ എന്നാണ്‌ ശാസ്‌ത്രീയനാമം. സസ്യശാസ്‌ത്രജ്‌ഞനായ ഡയസ്‌ കോറിഡസ്‌ നല്‍കിയ ഗ്രീക്കു പേരാണ്‌ കാഷ്യ. കുഴല്‍ പോലെയിരിക്കുന്നതുകൊണ്ട്‌ ഫിസറ്റുല എന്നു ജാതിപ്പേര്‌. ഇംഗ്ലീഷില്‍ ഇന്ത്യന്‍ ലംബര്‍നം എന്നും കണിക്കൊന്നയ്‌ക്ക് പേരുണ്ട്‌. സംസ്‌കൃതത്തില്‍ കര്‍ണികാരം. 
മറ്റു ഇന്ത്യന്‍ ഭാഷകളില്‍ കണിക്കൊന്ന ഇനിപ്പറയുന്ന പേരുകളില്‍ അറിയപ്പെടുന്നു. അമല്‍ടാസ്‌ (ഹിന്ദി), സുനാരി (ഉറുദു), റെല (തെലുങ്ക്‌) ആവാരംപൂ (തമിഴ്‌) കക്കെ (കന്നട). 
കൊന്നത്തൊലിയില്‍ ടാനിന്‍ അടങ്ങിയിട്ടുണ്ട്‌. തുകല്‍ സംസ്‌കരിക്കാന്‍ ഇതുപയോഗിക്കുന്നു. ബംഗാളില്‍ കണിക്കൊന്നയുടെ ഫലത്തിനുള്ളിലെ പള്‍പ്പ്‌ ഉപയോഗിച്ച്‌ പുകയിലയുടെ രുചി വര്‍ധിപ്പിക്കാറുണ്ട്‌. സന്താള്‍ വര്‍ഗക്കാര്‍ കണിക്കൊന്നയുടെ പൂവും ആഹാരമായി ഉപയോഗിക്കാറുണ്ട്‌. കൊന്ന പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത്‌ പൂക്കുമ്പോള്‍ പട്ടിണി എന്നു പഴമൊഴിയുണ്ട്‌. കൃഷിയുടെ കാലം വിളിച്ചറിയിക്കുന്നു കൊന്ന. അപ്പോള്‍ മടിപിടിച്ചാല്‍ ശിഷ്‌ടകാലം ദാരിദ്ര്യമായിരിക്കും ഫലം എന്നു സാരം.

വിഷുസംക്രമം

ജ്യോതിശാസ്‌ത്രപ്രകാരം വിഷുസംക്രമം എന്നാല്‍ രാശിമാറ്റം എന്നാണര്‍ഥം. മീനം രാശിയില്‍ നിന്ന്‌ സൂര്യന്‍ മേടം രാശിയിലേയ്‌ക്ക് പ്രവേശിക്കുന്ന വേളയാണിത്‌. വിഷുവിനാണ്‌ സൂര്യന്‍ ഭൂമദ്ധ്യരേഖയ്‌ക്ക് നേരേ മുകളില്‍ ഉദിക്കുന്നത്‌. 
തുല്യാവസ്‌ഥയോടുകൂടിയത്‌ എന്നാണ്‌ വിഷു എന്ന വാക്കിന്റെ അര്‍ഥം. അതായത്‌ രാത്രിയും പകലും തുല്യമായ ദിനം. വിഷു രണ്ടുണ്ട്‌. രാത്രിയും പകലും തുല്യമായി വരുന്ന രണ്ടു ദിനങ്ങള്‍ ഒരു വര്‍ഷത്തിലുണ്ടാവാറുണ്ട്‌. ഒന്ന്‌ മേടം ഒന്നിനും അഥവാ മേട വിഷുവിനും മറ്റൊന്ന്‌ തുലാം ഒന്നിനും. 
തുലാ വിഷുവേക്കാള്‍ മേടവിഷുവിന്‌ മലയാളികള്‍ പ്രാധാന്യം കൊടുക്കാന്‍ എന്താവാം കാരണം? മലയാളക്കരയില്‍ കാര്‍ഷികവൃത്തികള്‍ക്കു തുടക്കം കുറിക്കുന്ന അവസരമാണ്‌ ഇത്‌ എന്നതുതന്നെ. മേടം ഒന്നു മുതല്‍ പത്താമുദയം വരെ കൃഷിപ്പണികള്‍ തുടങ്ങാന്‍ നല്ല കാലമാണ്‌.

വിഷുക്കണി

തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, പൊന്‍നിറമുള്ള കണി വെള്ളരി, ഉരുളിക്കും വെള്ളരിക്കുമിടയില്‍ വിശറിപോലെ ഭംഗിയായി ഞൊറിഞ്ഞുവച്ച ഇരട്ടക്കര മുണ്ടില്‍ കണികാണുന്നവന്റെ മുഖവും കാണത്തക്ക വണ്ണം ചാരിവച്ചിരിക്കുന്ന വാല്‍കണ്ണാടി, വാല്‍കണ്ണാടിയുടെ കഴുത്തില്‍ പൊന്‍മാല, പാദത്തില്‍ കൊന്നപ്പൂങ്കുല, കുങ്കുമച്ചെപ്പ്‌, കണ്‍മഷിക്കൂട്‌, പൊതിച്ച നാളികേരം, പഴം, താമ്പൂലം, വെള്ളിനാണയങ്ങള്‍, നിറച്ചെണ്ണപകര്‍ന്നു കൊളുത്തിവച്ച നിലവിളക്ക്‌, ചക്ക, മാങ്ങാ തുടങ്ങിയ വീട്ടുവളപ്പില്‍ വിളഞ്ഞ ഫലവര്‍ഗങ്ങള്‍ എന്നിവ ഒത്തു ചേരുന്നതാണ്‌ വിഷുക്കണി. അപ്രിയമായതൊന്നും കണ്ണില്‍ പെടാതിരിക്കാനായി വഴിയിലെങ്ങും കണ്ണു തുറക്കാതെയാണ്‌ കണികാണാന്‍ വരിക. ഒരു വര്‍ഷം മുഴുവന്‍ അകകണ്ണില്‍ ഈ അഭൗമദൃശ്യം തിളങ്ങി നില്‍ക്കാതിരിക്കില്ല. വിഷുക്കണിക്ക്‌ മുമ്പിലിരുന്ന്‌ മൂത്തവരില്‍ നിന്നും വാങ്ങുന്ന കൈനീട്ടം വാങ്ങുന്നതിന്റെ സന്തോഷവും അങ്ങനെതന്നെ.

ആണ്ടുപിറപ്പ്‌

കൊല്ലവര്‍ഷം വരുന്നതിനുമുമ്പ്‌ വിഷുവായിരുന്നു കേരളത്തിന്റെ ആണ്ടുപിറപ്പ്‌. വസന്തത്തിന്റെ വരവിനെയാണ്‌ അക്കാലത്ത്‌ നവവത്സരത്തിന്റെ തുടക്കമായികണക്കാക്കി പോന്നത്‌. വിഷുവിനാണത്രേ സൂര്യന്‍ നേരേ കിഴുക്കുദിക്കുന്നത്‌. വിഷു ഒരാഘോഷമായി കൊണ്ടാടാന്‍ തുടങ്ങിയത്‌ ഭാസ്‌കര രവിവര്‍മ്മയുടെ കാലം മുതലാണെന്നാണ്‌ വിശ്വാസം.

കൂടുതല്‍ വിഷു വിവരങ്ങള്‍

വിഷുദിനത്തില്‍ കര്‍ഷകര്‍ ഭൂമിദേവിക്കും മുപ്പത്തിമുക്കോടി ദേവന്മാര്‍ക്കും ശിവന്റെ സാന്നിധ്യത്തില്‍ ആദ്യംതന്നെ നടത്തപ്പെടുന്ന ചടങ്ങാണ്‌ ചാലിടല്‍. ഇത്‌ കേരളത്തിലെ പല ഗ്രാമങ്ങളിലും കര്‍ഷകര്‍ ആചരിക്കുന്നു. 
വിത്തും കൈക്കോട്ടും എന്ന പ്രയോഗം വിഷുപ്പക്ഷിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു. 
മേടം ഒന്നാംതീയതി സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്ന ദിവസമാണ്‌. 
മേടം മുതല്‍ മീനംവരെയാണ്‌ രാശി ചക്രം. 
ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ മാനുഷഭാവംവിട്ട്‌ വൈകുണ്‌ഠത്തിലേക്ക്‌ മടങ്ങിയത്‌ മേടസംക്രമ സന്ധ്യയിലാണെന്നു വിശ്വസിക്കപ്പെടുന്നു. ഭഗവാന്‍ മറഞ്ഞതിനുശേഷം ആരംഭിച്ച കലിയുഗത്തെ ഭഗവദ്‌ വിഗ്രഹം കണികണ്ടുകൊണ്ടാണ്‌ ഭക്‌തജനങ്ങള്‍ സ്വീകരിച്ചത്‌. വിഷുക്കണി എന്ന സങ്കല്‍പ്പത്തിനു പിന്നിലെ ഒരു വിശ്വാസം ഇതാണ്‌. 
മഹാലക്ഷ്‌മിയുടെ സാന്നിധ്യമുള്ളതുകൊണ്ടും ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ തിരുവുടയാടയെ സ്‌മരിപ്പിക്കുന്നതുംകൊണ്ടാണ്‌ കൊന്നപ്പൂവിന്‌ വിഷുവിനോടനുബന്ധിച്ച്‌ പ്രാധാന്യം ലഭിക്കുന്നത്‌. 
ദാരികനെ നേരിടുകയായതിനാല്‍ രാമരാവണ യുദ്ധം കാണാനുള്ള അവസരം നഷ്‌ടപ്പെട്ട ഭദ്രകാളിക്കുവേണ്ടി കുളിപിശാചസൈന്യം നടത്തിയ പൊയ്‌പടയാണ്‌ പടയണി എന്ന കലാരൂപത്തിന്റെ പിന്നിലുള്ള ഐതിഹ്യങ്ങളില്‍ പ്രധാനം. 
മേടം പത്തിന്‌ സൂര്യന്‍ രാവണനെ ഭയപ്പെടാതെ അന്തരീക്ഷത്തില്‍ ഉച്ചസ്‌ഥായിയില്‍ ഉദിച്ചതിനാല്‍ പത്താമുദയം എന്ന സങ്കല്‍പ്പം പ്രചാരത്തില്‍ വന്നു എന്നാണ്‌ ഐതിഹ്യം. 
ചേറ്‌ എന്നറിയപ്പെടുന്ന ചൈത്രമാസത്തിലെ രണ്ടാമത്തെ ദിനം ചേഠിചന്ദ്‌ എന്ന പേരില്‍ പുതുവത്സരമാഘോഷിക്കുന്നത്‌ സിന്ധികളാണ്‌.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉള്‍പ്പെടുന്ന വാര്‍ഷിക കുടിയേറ്റം സംഭവിക്കുക ചൈനീസ്‌ പുതുവത്സരാഘോഷത്തിന്റെ സമയത്താണ്‌. 
ഈ കാലയളവിലെ യാത്രക്കാരുടെ എണ്ണം മൊത്തം ചൈനീസ്‌ ജനസംഖ്യയുടെ എണ്ണത്തേക്കാള്‍ കൂടുതലാകാറുണ്ട്‌. 
ഏപ്രില്‍ 13 മുതല്‍ 15 വരെ സൊംക്രാന്‍ എന്ന പേരില്‍ പുതുവത്സരാഘോഷങ്ങള്‍ നടത്തപ്പെടുന്നത്‌ തായ്‌ലന്‍ഡിലാണ്‌. 
ആലുത്‌ ഔരുതു എന്ന പേരില്‍ ബുദ്ധമതക്കാരുടെ കലണ്ടറിലെ ബക്‌മാസ (ഏപ്രില്‍) ത്തില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്‌ ശ്രീലങ്കക്കാരാണ്‌. 
ഏപ്രിലിലെ പുതുവര്‍ഷാരംഭം മ്യാന്‍മറില്‍ തിങ്യാന്‍ എന്ന പേരിലും ലാവോസില്‍ പി മായ്‌ ലാവോ എന്ന പേരിലും അറിയപ്പെടുന്നു.

വിഷുപ്പക്ഷി

വിഷുക്കാലമായാല്‍ ''വിത്തും കൈക്കോട്ടും വെക്കം കൈയേന്ത്‌'' എന്ന്‌ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ വിരുന്നെത്തുന്ന പക്ഷിയാണ്‌ വിഷുപ്പക്ഷി. ചക്കയ്‌ക്കുപ്പുണ്ടോ കുയില്‍, ഉത്തരായണങ്ങിളി, കതിരുകാണാകിളി എന്നെല്ലാം ഇതിനെ പലരും വിളിക്കാറുണ്ട്‌. ഇംഗ്ലീഷിലെ പേര്‌ ഇന്ത്യന്‍ കുക്കു (inidan cuckoo). കുകുലിഡെ കുടുംബത്തില്‍ പെട്ട ഈ പക്ഷിയുടെ ശാസ്‌ത്രനാമം കുകുലിഡെ മൈക്രോപ്‌റ്ററസ്‌ എന്നാണ്‌. മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വിരിയിക്കാനായാണിത്‌ ഏപ്രില്‍ മാസത്തോടെ ഇവിടെയെത്തുന്നത്‌. 
കാക്കയുടെയും കാക്കത്തമ്പുരാട്ടിയുടെയും കൂട്ടിലാണ്‌ കുയിലിനെപ്പോലെ ഇതും മുട്ടയിടുക. ചക്കയ്‌ക്കുപ്പുണ്ടോ...അച്‌ഛന്‍ കൊമ്പത്ത്‌ ...അമ്മ വരമ്പത്ത്‌, കള്ളന്‍ ചക്കേട്ടു..., കണ്ടാമിണ്ടണ്ട... തുടങ്ങി പലവിധത്തിലും പലരും ഇതിന്റെ ശബ്‌ദത്തെ അനുകരിക്കാറുണ്ട്‌ . വിഷുപ്പക്ഷിയെകണ്ടവര്‍ ചുരുക്കമായിരിക്കും. മങ്ങിയ ചാരനിറമുള്ള ഏകദേശം പുള്ളിക്കുയിലിനെപ്പോലെയിരിക്കുന്ന കുറുകി തടിച്ച ശരീരമാണിതിന്‌.

വിഷുക്കഞ്ഞിയും വിഷുക്കട്ടയും

വിഷുക്കാലത്തെ സ്‌പെഷല്‍ വിഭവങ്ങളാണ്‌ വിഷുക്കഞ്ഞിയും വിഷുക്കട്ടയും. വിഷുനാളിലെ പ്രഭാത ഭക്ഷണമാണ്‌ വിഷുക്കഞ്ഞി. അരി, തേങ്ങ, ശര്‍ക്കര, പാല്‍ എന്നിവ ചേര്‍ത്താണ്‌ വിഷുകഞ്ഞി തയ്യാറാക്കുന്നത്‌. ഉണക്കലരി തേങ്ങാപാലില്‍ വേവിച്ച്‌ വറ്റിച്ചുണ്ടാക്കുന്നതാണ്‌ വിഷുക്കട്ട. ഇത്‌ പപ്പടവും കൂട്ടി കുഴച്ചു കഴിക്കാന്‍ നല്ല രസമാണ്‌. 
പണ്ടൊക്കെ സാധാരണക്കാരുടെ വീടുകളില്‍ വിഷുവിന്‍ നാളില്‍ ഉച്ചയ്‌ക്ക് കഞ്ഞിയാണുണ്ടാവുക. ശര്‍ക്കരയും തേങ്ങാപ്പൂളും പപ്പടവും, മാമ്പഴക്കാളനും, ചക്കയെരിശ്ശേരിയും, ചക്കച്ചുള വറുത്തതുമെല്ലാം ചേര്‍ന്ന വിഭവ സമൃദ്ധമായ കഞ്ഞിയാണിത്‌.

വിഷുച്ചൊല്ലുകള്‍

വിഷു കഴിഞ്ഞാല്‍ പിന്നെ വേനലില്ല. 
വിഷുക്കാലം കഴിഞ്ഞാല്‍ മഴക്കാലം തുടങ്ങി എന്നാണീ ചൊല്ല്‌ സൂചിപ്പിക്കുന്നത്‌. 
മേടം വന്നാല്‍ മറിച്ചെണ്ണണ്ട വിഷുക്കാലമായാല്‍ നല്ല കാലമാണ്‌ എന്ന്‌ സൂചന. 
മേടം പത്തിനു മുമ്പ്‌ പൊടി വിത കഴിയണം. 
വിഷുകണ്ട രാവിലെ വിത്തിറക്കണം



loading...