രചനകൾ


ഈ ചിത്രങ്ങൾ  ചില കഥകൾ പറയും

Reporter: / Story: shanil cheruthazham

സമയം  രണ്ടു മണി  കഴിഞ്ഞ് ഒരു മിനിട്ട്.  ഒരു കോളേജ് കുട്ടി ഈ അപ്പാപ്പന്റെ  കയ്യും പിടിച്ചു വരുന്ന സീനാണ് ആദ്യം  ഞാൻ കാണുന്നത്. 

നടക്കാൻ തീരെ ആവശനായ  വൃദ്ധൻ എന്നോട് ആവശ്യപ്പെട്ടു ഒന്ന്  എന്നെ ഈ ബിൽഡിംഗിന് മുകളിൽ കയറ്റാവുമോ !  അവന് കോളേജിൽ പോകാൻ ഉള്ളതാ പൊയ്ക്കോട്ടെ...

 ഞാൻ ചോദിച്ചു എവിടേക്കാ... മോനേ  ഞാൻ  കുറ്റൂരിൽ നിന്ന് വരുന്നതാണ് എന്റെ  പേര് കൃഷ്ണൻ നാട്ടിൽ മീൻകച്ചോടം ആയിരുന്നു... ഇപ്പോ ഒന്നിനും വയ്യ... കണ്ണാണെങ്കിൽ ഒരു  നിഴൽ പോലെ മാത്രം.

വളരെ പതുക്കെ  നടന്നു പിലാത്തറ സപ്ലൈകോയുടെ അരികിലെത്തി... പഞ്ചായത്ത്  ബിൽഡിങിന്റെ  ഒന്നാം നിലയിലാണ്  ഹോമിയോ ഡിസ്പെൻസറി. വൃദ്ധൻ അവിടുത്തേക്കു വന്നതായിരുന്നു...

 ഞങ്ങളുടെ നടത്തം കണ്ടു മുകളിൽ ഒരു സ്ത്രീ വിളിച്ചു ചോദിച്ചു എവിടേക്കാ... ?
 *ഹോസ്പിറ്റലിൽ* എന്ന് എന്റെ  മറുപടിക്ക്  വന്ന ഉത്തരം പാവം അപ്പാപ്പനെ വല്ലാതെ നിരാശനാക്കി... 

" *രണ്ടു മണി കഴിഞ്ഞു ഡോക്ടർ ഇല്ല.* "  മുകളിൽ  കയറാൻ നിൽക്കണ്ട എന്ന് സ്നേഹത്തോടെ അറിയിച്ചു... 

 രണ്ടുദിവസം മുൻപ് ഇവിടെ വന്ന് മടങ്ങിപ്പോയതാ മോനേ... അന്ന് തുറന്നില്ല...!!! 
ഞാൻ പറഞ്ഞു അന്ന് ലീവ് ആയിരിക്കും  അയ്യങ്കാളി ദിനം ആയിരുന്നു... അപ്പൊ ആ പാവം ചോദിക്കുകയാണ് കഴിഞ്ഞവർഷം ഒക്കെ ആ ദിനം ലീവ് ആയിരുന്നോ എന്ന്... 

അദ്ദേഹം പറഞ്ഞു ബസ് സ്റ്റാൻഡിന് അടുത്തുള്ള  ലോട്ടറി കടയുടെ അടുത്ത് എന്നെ ആക്കിയാൽ മതി. അതിനിടയിൽ അദ്ദേഹത്തിൻറെ സങ്കട കഥയൊക്കെ എന്നോട് പറഞ്ഞിരുന്നു . ആരുമില്ലാത്ത ആർക്കുവേണ്ടിയാണ് ചേട്ടാ നിങ്ങൾ ഈ ലോട്ടറി എടുക്കുന്നത് എന്ന് ചോദിച്ചു... നേരത്തെ എടുത്തതാണ് അടിക്കുമോ എന്നുള്ള ഒരു പ്രതീക്ഷ അദ്ദേഹത്തെ  ആവേശത്തോടെ ലോട്ടറി കടയിലെ മുന്നിൽ എത്തിച്ചു. ഇന്ന് ലോട്ടറി എടുക്കാൻ കയ്യിൽ പണമില്ല എന്നും പറഞ്ഞു.

ഏതായാലും 200 രൂപ രൂപ അദ്ദേഹതിന്  നൽകി  ഞാൻ യാത്ര തിരിച്ചു... പിലാത്തറയിൽ ചെറിയ ചുറ്റളവിനുള്ളിൽ തന്നെ  എത്ര എത്ര ലോട്ടറി കടകൾ... 


ഭാഗ്യപരീക്ഷണം  പോലെ ആതുര സേവനാലയങ്ങൾ ആകരുത്... എന്നും ധൈര്യപൂർവ്വം കയറിച്ചെല്ലുമ്പോൾ ചികിത്സിക്കാൻ ഡോക്ടർ ഉണ്ടാവുന്ന കാലം വരും എന്ന പ്രതീക്ഷയോടെ

ഷനിൽ ചെറുതാഴം


 

മുകളിൽ ആദ്യം എഴുതിയത് പോലെ പോലെ ഈ ചിത്രം സംസാരിക്കും... മടക്കയാത്രയിൽ പ്രിയ സുഹൃത്ത് സഞ്ജീവ്കുമാർ പകർത്തിയതാണ് ഈ ചിത്രം.


loading...