കല്യാശ്ശേരി വാര്‍ത്താ വിവരണം

സുൽത്താൻ കനാൽ നവീകരിക്കാൻ 2.75 കോടിയുടെ ഭരണാനുമതി

22 March 2018
Reporter: OKR

സുൽത്താൻ കനാൽ നവീകരിക്കാൻ 2.75 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ടി വി രാജേഷ് എംഎൽഎ അറിയിച്ചു. ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ്മുതൽ കൊറ്റിവരെ ബോട്ട് സർവീസ് നടത്തുന്നതിന് കുപ്പം പുഴയെയും പാലക്കോട് പുഴയെയും ബന്ധിപ്പിക്കുന്ന 3.85 കി.മി നീളമുള്ള സുൽത്താൻ കനാലിന്റെ പുനരുദ്ധാരണത്തിന്റെ ഒന്നാംഘട്ട പ്രവൃത്തിക്കാണ് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അംഗീകാരം ലഭിച്ചത്.

ടൂറിസം വികസനത്തോടൊപ്പം സുൽത്താൻ കനാലിന്റെ സംരക്ഷണവും, സൗന്ദര്യ വൽക്കരണവുമാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. ജിലാടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന എത്തുന്ന വിദേശ ടൂറിസ്റ്റുകൾക്കും സ്വദേശികൾക്കും കായൽ സൗന്ദര്യം ആസ്വദിക്കാനും, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ചൂട്ടാട് ബീച്ച് പാർക്ക്, വയലപ്ര ടൂറിസ്റ്റ് കേന്ദ്രം, മലനാട് മലബാർ ക്രൂയിസ് ടൂറിസം പദ്ധതി എന്നിവയെ ആകർഷിക്കുന്നതിനും ഇതുവഴി സാധിക്കും.

സുൽത്താൻ കനാൽ 15 വർഷം മുന്നെ നവീകരിച്ചിരുന്നു. എന്നാൽ ഇരു വശങ്ങളിലും സ്ഥാപിച്ച സ്ലാബുകൾ ഇടിഞ്ഞു വീഴുകയും വൻ തോതിൽ മാലിന്യം തള്ളുന്ന കേന്ദ്രമായുംമാറി. മാലിന്യവും ചെളിമണലും അടിഞ്ഞുകൂടിയതിനാൽ മത്സ്യത്തൊഴിലാളികൾക്കും ബോട്ടുകൾക്കും യാത്രചെയ്യുന്നതിനും പ്രയാസം സൃഷ്ടിക്കുകയാണ്. ഇതൊഴിവാക്കാൻ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിന് ഡ്രഡ്ജിങ് നടത്തും. കനാലിലേക്ക് മണ്ണ് ഒഴുകി എത്തുന്നത് തടയാൻ ജിയോ ടെക്സ്റ്റയിൽ ഫിൽട്ടർ മീഡിയ ഉപയോഗിക്കും. ഏരിപ്രം പാലം, വാടിക്കൽ പാലം, കോഴിബസാർ പാലം എന്നിവിടങ്ങളിൽനിന്ന് തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ മൂന്ന് മീറ്റർ ഉയരത്തിൽ നെറ്റ് വേലി സ്ഥാപിക്കും. മാലിന്യം വലിച്ചെറിയുന്ന മറ്റ് പ്രധാന കേന്ദ്രങ്ങളിലും നെറ്റ് വേലി സ്ഥാപിക്കും. സുൽത്താൻ കനാലിന്റെ കരയിലൂടെ നടക്കുന്നതിനായി തോടിന്റെ ഇരു വശങ്ങളിലും നടപാത നിർമിക്കും. ഉൾനാടൻ ജലഗതാഗത വകുപ്പ് മുഖേന പദ്ധതി ഡിസംബറിൽ പൂർത്തികരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി ടി വി രാജേഷ് എംഎൽഎ അറിയിച്ചു..




loading...