വാര്‍ത്താ വിവരണം

മടക്കര – ചെറുകുന്ന് തറ ബസുകൾ ജൂൺ ഒന്നു മുതൽ മേൽപാലം വഴി

30 May 2017
pilathara.com

പിലാത്തറ – പാപ്പിനിശ്ശേരി സംസ്ഥാനപാത നിർമാണം നടക്കുന്ന പശ്ചാത്തലത്തിൽ നിർത്തിവച്ച ബസ്‌ ഗതാഗതം ഭാഗികമായി പുനരാരംഭിക്കാൻ ടി.വി.രാജേഷ് എംഎൽഎ വിളിച്ചുചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ തീരുമാനമായി. ഗതാഗത നിയന്ത്രണം കാരണം ഏറെ പ്രയാസമനുഭവിക്കുന്ന മടക്കര, ചെറുകുന്ന് തറ ഭാഗത്തേക്കു ജൂൺ ഒന്നു മുതൽ ബസ് ഗതാഗതം പുനരാരംഭിക്കാനാണ് തീരുമാനം. ഇതനുസരിച്ചു മടക്കര, ഇല്ലിപ്പുറം – കച്ചേരിത്തറ – ചെറുകുന്ന് തറ ബസുകൾ പുതുതായി നിർമിച്ച പാപ്പിനിശ്ശേരി മേൽപാലം വഴി പോകും. പരീക്ഷണ ഓട്ടം നാളെ നടക്കും.

റോഡിന്റെ ഒരു വശത്ത് പ്രവൃത്തി നടക്കുന്നതിനാൽ നിലവിൽ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം വഴി ചെറിയ വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്. എന്നാൽ സ്കൂളുകൾ തുറക്കുന്നതോടെ വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർക്കു ബസ് ഗതാഗതം ഇല്ലാത്തത് വലിയ പ്രയാസങ്ങൾ സൃഷ്‌ടിക്കുമെന്നതിനാലാണ് നിയന്ത്രണവിധേയമായി മടക്കര – ചെറുകുന്ന് തറ ഭാഗത്തേക്ക് ഇതുവഴിയുള്ള ബസ് ഗതാഗതം അനുവദിക്കാൻ കലക്‌ടർ മിർ മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായത്.

ഒരു സമയത്ത് ഒരു ഭാഗത്തേക്കു മാത്രം വാഹനം കടത്തിവിട്ടാണ് ഇതു സാധ്യമാക്കുക. ഇതിനായി പൊലീസ് ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കും. ഇതു കാരണം വളപട്ടണം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് വരാത്ത രീതിയിൽ ആവശ്യമായ ക്രമീകരണം നടത്താൻ ടി.വി.രാജേഷ് എംഎൽഎ പൊലീസിനു നിർദേശം നൽകി. ഇതോടൊപ്പം താവം പബ്ലിക് ലൈബ്രറി റോഡ് വൺവേ ആക്കാനും തീരുമാനമായി. താവം റെയിൽവേ ഗേറ്റ് റോഡിൽ പൊലീസിനെ നിയോഗിച്ച് ഗതാഗത തടസ്സം ഒഴിവാക്കാനും നിർദേശം നൽകി. നാലു വർഷം മുൻപ് ആരംഭിച്ച പിലാത്തറ – പാപ്പിനിശ്ശേരി റോഡ് നിർമാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണെന്ന് എംഎൽഎ കുറ്റപ്പെടുത്തി.

റോഡ് നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിലാത്തറ – പാപ്പിനിശ്ശേരി റോഡ് പണി പൂർത്തിയാകുന്ന കൃത്യമായ തീയതിയും ഒരോ രണ്ടാഴ്‌ച കൈവരിക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തിപുരോഗതിയും വ്യക്തമാക്കുന്ന പട്ടിക കെഎസ്ടിപി, കരാറുകാർ തുടങ്ങിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒപ്പുവച്ച് ജൂൺ ഒന്നിനു സമർപ്പിക്കാൻ കലക്‌ടർ നിർദേശിച്ചു. യോഗത്തിൽ അസി. കലക്‌ടർ ആസിഫ് കെ.യൂസുഫ്, എഡിഎം ഇ.മുഹമ്മദ് യൂസഫ്, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസൻകുഞ്ഞി, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഓമന, പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.റീന, കെഎസ്ടിപി, പൊലീസ്, ആർടിഒ, നാഷനൽ ഹൈവേ ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.

കടപ്പാട് manoramaonline.com


Tags: