വിവരണം കൃഷി


പടവലം കൃഷി

Reporter: Pilathara.com
ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള കൃഷിരീതിയാണ് അടുക്കളത്തോട്ടത്തിലെ പടവലത്തിന് അനുയോജ്യം. 

പടവലം 
----------
കേരളത്തില്‍ ധാരാളമായി ഉപയോഗിക്കപ്പെടുകയും കൃഷി ചെയ്യുകയും ചെയ്യുന്ന പച്ചക്കറിവിളയാണ് പടവലം. പന്തലില്‍ പടര്‍ന്നുകയറി വളരുകയും നല്ല കായ്ഫലം നല്‍കുകയും ചെയ്യുന്ന പടവലം ധാരാളം ധാതുലവണങ്ങളുടെയും ജീവകങ്ങളുടെയും കലവറ കൂടിയാണ്. ഏപ്രില്‍-മെയ്, ആഗസ്റ്റ്-സെപ്തംബര്‍ എന്നീ സമയങ്ങളാണ് പടവലം നടുന്നതിന് ഏറ്റവും അനുയോജ്യം. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാലത്തും പടവലം കൃഷിചെയ്യാം. കൗമുദി, ബേബി, TA19 എന്നീ ഇനങ്ങള്‍ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തുന്നതിനായി തിരഞ്ഞെടുക്കാവുന്നതാണ്.

കേരളത്തിലെ കാലാവസ്ഥയില്‍ ഈയിനങ്ങള്‍ ഏറെ അനുയോജ്യമാണ്. 
കൗമുദി : ഒരു മീറ്ററിലധികം നീളം വരുന്ന വെളുത്ത നിറത്തോടുകൂടിയ പടവലയിനമാണ് കൗമുദി. നാലടിമുതല്‍ ആറടി വരെ നീളമുള്ള പടവലം ഈയിനത്തില്‍നിന്ന് ലഭിക്കും. നല്ല വിളവു നല്കുന്ന കൗമുദിക്ക് തെക്കന്‍ ജില്ലകളില്‍ പൊതുവേയും കേരളത്തില്‍ മൊത്തമായും നല്ല ഡിമാന്‍റുണ്ട്.


ബേബി: ഒരടി മാത്രം വലുപ്പം വരുന്ന ഇനമാണ് കുഞ്ഞന്‍ ഇനമാണ് ബേബി. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും ഫ്ളാറ്റുകളിലെ താമസക്കാര്‍ക്കിടയില്‍ ബേബിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ചെറിയ ഇനമായതിനാല്‍ ഒട്ടും നഷ്ടപ്പെടുത്താതെ ഉപയോഗിക്കാമെന്നതും വളത്താന്‍ കുറച്ചു സ്ഥലം മതിയെന്നതും  ഇത്തരം ചെറിയ കുടുംബങ്ങള്‍ക്ക് അനുഗ്രഹമാണ്. ചെറിയ പന്തലുകളില്‍പോലും ബേബിയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും.
TA19 : രണ്ടടി വലിപ്പം വയ്ക്കുന്ന ഈ പടവലയിനത്തില്‍ പച്ചനിറത്തില്‍ വെള്ളവരകള്‍ കാണാം. കായ്കള്‍ക്ക്  600 ഗ്രാമോളം തൂക്കം വയ്ക്കും.

 

കൃഷിരീതി

ഒരു സെന്‍റില്‍ പടവലം കൃഷിചെയ്യുന്നതിന് 20 ഗ്രാം വിത്ത് ആവശ്യമാണ്.  ഈ കണക്കനുസരിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ പടവലത്തിനായി നീക്കിവച്ചിട്ടുള്ള സ്ഥലത്തേക്കുള്ള വിത്തുകള്‍ ഒരുക്കണം.  ഒരു സെന്‍റില്‍ പത്തുകുഴികള്‍ എടുത്ത് 3 സെ.മീ. ആഴത്തില്‍ വിത്തുകള്‍ നടാവുന്നതാണ്. ചെടികള്‍ക്കിടയില്‍ 2 മീറ്റര്‍ ഇടയകലം നല്‍കാനും ശ്രദ്ധിക്കണം. 


വളപ്രയോഗം
ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള കൃഷിരീതിയാണ് അടുക്കളത്തോട്ടത്തിലെ പടവലത്തിന് അനുയോജ്യം. 


പ്രധാന രോഗങ്ങള്‍ 
മൊസൈക്ക് : പടവലത്തില്‍ വൈറസ് ബാധമൂലം ഉണ്ടാകുന്ന രോഗമാണ് മൊസൈക്ക് അഥവാ മുരടിപ്പ് രോഗം. രോഗം ബാധിച്ച ചെടികളില്‍ വളര്‍ച്ച മുരടിക്കുന്നതിനോടൊപ്പം വിളവും കുറയുന്നു. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക, രോഗം ബാധിച്ചവയെ നശിപ്പിച്ചുകളയുക, കീടങ്ങളെ നിയന്ത്രിക്കുക എന്നിവയാണ് പ്രധാന നിയന്ത്രണമാര്‍ഗങ്ങള്‍. രോഗം നിയന്ത്രിക്കുന്നതിനായി വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
ചൂര്‍ണ്ണ പൂപ്പ് രോഗം : ഇലകള്‍ തവിട്ടുനിറമായി സാവധാനത്തില്‍ ഉണങ്ങിപ്പോകുന്നതാണ് ഈ രോഗത്തിന്‍റെ  പ്രധാനലക്ഷണം. ഇതിനെതിരെ സ്യൂഡോമോണാസ് - 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുന്നത് ഫലപ്രദമാണ്.


പ്രധാന കീടങ്ങള്‍
കായീച്ച : പടവലം ഉള്‍പ്പെടെയുള്ള വെള്ളരിവര്‍ഗ്ഗ പച്ചക്കറികളിലാണ് കായീച്ചയുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. കായ്പിടിക്കുമ്പോള്‍തന്നെ ഇവയുടെ  ആക്രമണമുണ്ടാകുന്നു. അതിനാല്‍ കായീച്ചകളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടക്കംമുതല്‍ തന്നെ നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം. കടലാസ്, പോളിത്തീന്‍കവറുകള്‍ എന്നിവകൊണ്ട് പുതുതായി ഉണ്ടാകുന്ന കായ്കള്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ നിയന്ത്രണമാര്‍ഗം. കായീച്ചയുടെ ശല്യം രൂക്ഷമാണെങ്കില്‍ ഫിറമോണ്‍ കെണിയും ഉപയോഗിക്കാം.

,കടപ്പാട്.:  FB 



loading...