വിവരണം ഓര്‍മ്മചെപ്പ്


തെക്കുംകര കണ്ണൻ കർണ്ണമൂർത്തി.

Reporter: വി.കെ.അനിൽ കുമാർ


വടക്കേ മലബാറിലെ കനലാടിമാർ :
തെക്കുംകര കണ്ണൻ കർണ്ണമൂർത്തി.

നമുക്ക് കലാമണ്ഡലം കൃഷ്ണന്‍ നായരെയും കലാമണ്ഡലം ഗോപിയാശാനെയും അറിയാം. നമുക്ക് തെക്കുംകരകണ്ണന്‍ കര്‍ണ്ണമൂര്‍ത്തിയെ അറിയില്ല. കാസര്‍ഗോഡ് ജില്ലയിലെ പത്തോ പതിനഞ്ചോ കിലോമീറ്റര്‍ ചുറ്റളവില്‍ അദ്ദേഹത്തിന്റെ കീര്‍ത്തി ഒതുങ്ങിപ്പോയി. അനുഷ്ഠാനത്തിനപ്പുറമുള്ള അദ്ദേഹത്തിന്റെ വ്യക്തിജീവിതം രോഗങ്ങളാലും കഷ്ടപ്പാടുകളാലും ദുരിതപൂര്‍ണ്ണമായി. അനുഷ്ഠാനത്തിനപ്പുറം വ്യക്തിജീവിതവുമായി തെയ്യത്തെ സമന്വയിക്കാതിരുന്നതിനാല്‍, അദ്ദേഹം മാധ്യമലോകത്തിന് അപ്രാപ്യമായി.
പക്ഷെ ആ കറുത്ത് തടിച്ച ശരീരത്തിലെ സിദ്ധികളറിഞ്ഞവര്‍ ആരും അത്ഭുതപ്പെട്ടുപോകും. ഇങ്ങനെയൊരാള്‍ ഈ ഭൂമുഖത്തുണ്ടായിരുന്നുവെന്ന് ഒരുപക്ഷേ നമ്മുടെ യുക്തി അംഗീകരിക്കില്ല. തന്റെ അധികാരപരിധിയായ ‘ഒളോറക്കടവു’മുതല്‍ ‘ഉദയംകുന്നു’വരെയുള്ള ദേവതകള്‍ക്കായി സ്വന്തം ശരീരത്തെ ഒരുക്കിനിര്‍ത്തി. ദേവതകളൊഴിയുന്ന നേരം ശരീരത്തെ രോഗങ്ങളുടെ ദുര്‍മൂര്‍ത്തികള്‍ ആവേശിച്ചു.
1971 ല്‍ കണ്ണന്‍ പതി നാറാമത്തെ വയസ്സില്‍ ഉദിനൂര്‍ കോവിലകം തമ്പുരാനില്‍ നിന്നും കച്ചും ചുരികയും വാങ്ങി തെക്കുംകര കര്‍ണ്ണമൂര്‍ത്തിയായി. 1972ല്‍ തുരുത്തിനിലമംഗലത്ത് കഴകത്തില്‍ ആദ്യത്തെ പെരുങ്കളിയാട്ട തെയ്യംകെട്ടി. 1974ല്‍ ഇരുപത്തിയൊന്നാമത്തെ വയസ്സിലും 1999 ല്‍ നാല്‍പ്പത്തിയാറാമത്തെ വയസ്സിലും തൃക്കരിപ്പൂര്‍ ശ്രീ രാമവില്ല്യം കഴകത്തിലെ പെരുങ്കളിയാട്ടത്തില്‍ നാല്പ്പത്തീരടി നീളവും ആറുകോല്‍ ചുറ്റളവുമുള്ള പടക്കത്തിഭഗവതിയുടെ ഭീമാകാരമായ തിരുമുടിയേന്തി.
തൃക്കരിപ്പൂര്‍ മുച്ചിലോട്ട്, ചന്തേര മുച്ചിലോട്ട്, പീലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രം, തൃക്കരിപ്പൂര്‍ കണ്ണമംഗലത്ത് കഴകം എന്നിവിടങ്ങളിലെ പെരുങ്കളിയാട്ടങ്ങളില്‍ രണ്ടുതവണ പ്രധാനപ്പെട്ട കോലംകെട്ടി. 2003 ല്‍ പിലിക്കോട് കോട്ടത്തെ വേട്ടക്കൊരുമകന്‍ തെയ്യത്തോടെ രോഗമൂര്‍ച്ഛയെത്തുടര്‍ന്ന് തെയ്യത്തിന്റെ ചിലമ്പും പറ്റുംപാടകവും (കാലിലെ ചമയങ്ങള്‍) എന്നന്നേയ്ക്കുമായി അഴിച്ചുവെച്ചു.
2004 ഏപ്രില്‍ 4 ന്  തന്റെ മരുമകനെ തെക്കുംകര ബാബു കര്‍ണ്ണമൂര്‍ത്തിയായി ആചാരപ്പെടുത്തി. . . തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കപ്പുറം തെയ്യത്തെക്കുറിച്ചോ അതിന്റെ നിഗൂഢതകളെക്കുറിച്ചോ ആരോടും അദ്ധേഹം കൂടുതലൊന്നും പറഞ്ഞില്ല. കോലമായി കഴിഞ്ഞാലുള്ള അമാനുഷപ്രകടനങ്ങളൊന്നും നിസ്സാരനായ തന്റെ കഴിവല്ലെന്നും താന്‍ ആവാഹിക്കുന്ന ചൈതന്യത്തിന്റെ ശക്തിമാത്രമാണെന്ന് ആവര്‍ത്തിച്ചുപറഞ്ഞ് എല്ലാ ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി. ‘ഞാന്‍’ എന്ന ഒന്നില്ലെന്നും ചൈതന്യം മാത്രമേ നിലനില്‍ക്കുന്നുള്ളുവെന്നും പറയാതെ ആ സത്യത്തെ അറിഞ്ഞ് ജീവിച്ചു.
 ഏഴ് പെരുങ്കളിയാട്ടങ്ങളിൽ തിരുമുടിയണിഞ്ഞ ഒരേ ഒരു കോലക്കാരന്‍. ഇരുപത്തിയഞ്ച് വര്‍ഷം കൂടുമ്പോഴുള്ള തൃക്കരിപ്പൂര്‍ ശ്രീ രാമവില്ല്യം കഴകത്തിലെ പെരുങ്കളിയാട്ടത്തില്‍ രണ്ടുതവണ പടക്കത്തിഭഗവതിയുടെ കോലംകെട്ടിയ ഒരേ ഒരു വണ്ണാന്‍. കറുത്ത ശരീരരത്തില്‍ മനയോലച്ചോപ്പ് പടരുമ്പോള്‍ ദേവതയേക്കാള്‍ ചൈതന്യം സ്ഫുരിക്കുന്ന ദേവനര്‍ത്തകൻ.. അദ്ധേഹം അണിഞ്ഞ കോലങ്ങളിൽ ഏറ്റവും  കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് വൈരജാതനായിരുന്നു..
2004 ല്‍ തന്റെ ജീവിതത്തെ നിര്‍വചിച്ച ആചാരം കണ്ണന്‍ കര്‍ണ്ണമൂര്‍ത്തി മരുമകനായ ബാബുകര്‍ണ്ണമൂര്‍ത്തിക്ക് കൈമാറി. അവനെ തെക്കുംകര ബാബുകര്‍ണ്ണമൂര്‍ത്തിയാക്കി ആചാരപ്പെടുത്തിയപ്പോള്‍ ഒരു കാലഘട്ടത്തിന്റെ അരയില്‍ ചുറ്റിയ കച്ചും ചുരികയും അഴിച്ചെടുത്ത് പുതിയ കാലത്തിന് സമര്‍പ്പിക്കുകയായിരുന്നു. എല്ലുകള്‍ ദ്രവിച്ച് വിങ്ങി. കാലുകള്‍ വലിച്ച് മുടന്തി മുടന്തി, മരുമകന്റെ കൈ താങ്ങി, തന്റെയുള്ളിലുള്ളതെല്ലാം പുതിയ ആചാരക്കാരന് പകര്‍ന്നുകൊടുക്കുന്ന ഗുരു കളിയാട്ടക്കാവിലെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു. 2007 ജനുവരി 6ാം തീയ്യതി മംഗലാപുരത്തെ ആശുപത്രിയില്‍വച്ച് കടുത്ത കരൾ രോഗത്തെയും വാത രോഗത്തെയും തുടർന്ന് കൊടിയിലയിലെ ആ ദിവ്യതേജസ്സ് കെട്ടുപോയി. 
ഇരുപത്തിയൊന്ന് ആചാരക്കുറികളും കച്ചും ചുരികയും അണിയിച്ച് കറുത്തവരുടെ തമ്പുരാനെ പിലിക്കോട്ട് വയലിലെ ചിതയില്‍ ദഹിപ്പിച്ചു.
മിത്തുകള്‍ക്കും ഇതിഹാസങ്ങള്‍ക്കും അപ്രാപ്യനായി കണ്ണന്‍ കര്‍ണ്ണമൂര്‍ത്തി കളിയാട്ടക്കാവുകളിലെ അവിശ്വസനീയ യാഥാര്‍ത്ഥ്യമായി
കടപ്പാട് : വി.കെ.അനിൽ കുമാർ☝????☝????

loading...