രചനകൾ


ഞാനൊരു 'വെറും'മരം - കവിത

Reporter: / writer: Rajani Vellora


ഞാനൊരു മരം
പച്ചയിലകളും
ഇളംപിങ്ക് പൂക്കളും
എന്‍റെ സ്വപ്നങ്ങളുടെ
നിറച്ചാർത്താണ്.
ആകാശത്തെ തൊടാൻ മോഹിച്ച്
തിരക്കേറിയ തെരുവിൽ
തലയുയർത്തിപ്പിടിച്ച്.

എന്‍റെ തണലിൽ വെറുതെയിരിക്കുന്ന
യുവമിഥുനങ്ങൾ
അടക്കിച്ചിരിച്ചപ്പോൾ
എനിക്കിത്തിരി കുശുമ്പ്
ഞാനിതൊക്കെയെത്ര കണ്ടതാന്നേ.

വട്ടം കറങ്ങിവന്ന കാർ
എന്‍റെ മേലൊന്നുരച്ചുപാഞ്ഞു.
വേദനിച്ചു നിറഞ്ഞ കണ്ണുകൾ
ആരും കാണാതെ ഞാൻ
കാറ്റത്തുണക്കി.

അയലോക്കത്തെ ചേച്ചിയെക്കുറിച്ച്
കൊതിയും നുണയും പറഞ്ഞ്
എന്നെ തൊട്ടുനിന്ന സുന്ദരിമാർക്ക്
ഞാനൊരു പൂ കൊടുത്തു
'ഇനിയും വരണേ'
എനിക്ക് ബാക്കിയും
കേൾക്കണം!

സീരിയലിന്‍റെ കഥപറഞ്ഞ്
രണ്ടമ്മമ്മമാർ
കെട്ടിയോനെ തട്ടിക്കളയാൻ
ക്വട്ടേഷൻ കൊടുത്ത 'സീത'യെ
വല്ലാതെ പ്രാകിക്കൊണ്ടിരുന്നു.

കടലവണ്ടിക്കാരൻ
പാത്രത്തിനടിച്ച് 'ചൂടുകടലേ'ന്ന്.
എന്‍റെ കണ്ണിൽ
പുക നിറഞ്ഞ്
വീണ്ടും കണ്ണീരു വന്നു.
മഴയൊന്നു ചന്നംപിന്നം ചാറിപ്പോയതോണ്ട്
അതാരും കണ്ടില്ല!

അഞ്ചാറുവണ്ടികൾ
ചീറിപ്പാഞ്ഞു തലങ്ങും വിലങ്ങും,
പിന്നെയും കണ്ണുനിറഞ്ഞ്
ശ്വാസംമുട്ടി ചുമച്ച് ചുമച്ച്..

പാർക്കിലേക്ക് ചാഞ്ഞകൊമ്പിന്റെ താഴെ
'സീസോ' യിലിരുന്ന് ഒരുകുട്ടി മറ്റവളോട് പറഞ്ഞു
ഓൺലൈൻ ട്യൂഷനുണ്ട്, സമയായി.

ഫോണിൽ സംസാരിച്ചോണ്ട്
ഒരരികുചേർന്നുവന്ന
സുന്ദരിയെ നോക്കി, ഡ്രൈവർമാർ
അവളുടെ ലൈനായിരിക്കും.
എനിക്കങ്ങു കിടുകിടെ വിറച്ചു
പല്ലിറുമ്മി.'നിനക്കുമില്ലേടാ അമ്മയും...'

വീണ്ടും മറന്നു
ഞാനൊരു മരം
മനുഷ്യന്‍റെ സഞ്ചാരങ്ങൾ
നോക്കിനിന്ന്, കണ്ട് കണ്ട്
ഈറപിടിച്ച്, ഇത്തവണത്തെ മഴയത്ത് ആത്മഹത്യചെയ്യണമെന്നോർത്ത്
കാറ്റിൽ രണ്ട് കൊമ്പ് പൊഴിച്ചിട്ടു.
കൊടുവാളും മഴുവും
സൗഹൃദത്തിൽ ചിരിച്ചപ്പോൾ
ഞാനൊന്നു വിറച്ചു
വേണ്ടാ..ഞാനിവിടെ
ഈ പാതയോരത്ത്, ആരോടും മിണ്ടാതെ....

രജനി വെള്ളോറ

 

 



loading...