രചനകൾ


വാവാസുരേഷിന്റെ വിഡിയോയും പാമ്പുപിടിക്കാനിറങ്ങിയ ഞാനും.

Reporter: / Writer: Pradeep vengara
വര: leena venugopal ആളറിഞ്ഞിട്ടുണ്ടാവില്ല.., രാജവമ്പാല പോലും പത്തി താഴ്ത്തി കൊടുത്ത ആൾക്ക് മുന്നിൽ അബദ്ധം കാണിച്ചു പോയ മൂർഖൻ ഇപ്പോൾ അറിഞ്ഞിരിക്കാം.., ഏത് ജനക്കൂട്ടത്തിലും ആരുടേയും ഉപദ്രവം ഏൽക്കാതെ തന്റെ കുടുംബത്തെ സംരക്ഷിച്ച ആ കരങ്ങൾ ആയിരുന്നു തന്നെയും എടുത്തതെന്നു വര | വരികൾ : Leena Venugopal

 

വാവാസുരേഷിന്റെ വിഡിയോയും പാമ്പുപിടിക്കാനിറങ്ങിയ ഞാനും.

Writer: പ്രദീപ്   വെങ്ങര 

നാട്യങ്ങളില്ലാത്ത പച്ചയായ സാധുമനുഷ്യനെന്ന നിലയിൽ വാവ സുരേഷിനോട് ഒരുപാടിഷ്ടവും ബഹുമാനവുമാണ് പക്ഷേ സ്വന്തം ജീവനും കാഴ്ചക്കാരുടെ ജീവനും തൃണവൽഗണിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രാകൃതമായ പാമ്പുപിടുത്ത രീതിയോട് കുറച്ചു വര്ഷങ്ങളായി കടുത്ത എതിർപ്പും വിയോജിച്ചുമാണ്.

അതിനുള്ള കാരണം  എനിക്കുള്ളൊരു അനുഭവമാണ് അതിവിടെ പങ്കുവയ്ക്കട്ടെ....

ആദ്യമായി ഞാനൊരു ആന്ഡ്രോയിട് ഫോൺ വാങ്ങുന്നത് 2015ലായിരുന്നു.
Fb യിൽ ചുറ്റിക്കറങ്ങുന്നതിനേക്കാൾ ദുബായ് ജബലലി ഫ്രീ സോണിലെ മുറിയിലെയും ഡ്യൂട്ടി സ്ഥലത്തെയും വൈഫെ കണക്ഷൻ ഉപയോഗിച്ച് വിഡിയോകൾ കാണുകയായിരുന്നു അന്നത്തെ പ്രധാന ഹോബി.

അങ്ങനെ വിഡിയോകൾ കാണുന്നതിനിടയിലൊരിക്കലാണ് വാവ സുരേഷിന്റെ രാജവെമ്പാലയെ പിടികൂടുന്നൊരു വിഡിയോ കൗമുദി ചാനലിലോ അദ്ദേഹത്തിന്റെ fb പേജിലോ മറ്റോ യാദൃശ്ചീകമായി കാണാനിടയായത്.

കീരികൾ വിഹരിക്കുന്ന പൊന്തക്കാടുകളും, മയിലുകൾ കൂടുകൂട്ടുന്ന കുറ്റികാടുകളും , പടുമരങ്ങളും കശുമാവുകളും ,കുറുക്കന്മാർ കൂടുന്ന പാറകൂട്ടങ്ങളും , പൊങ്ങാൻപൂച്ചകൾ  കൂടുന്ന മടകളും, കാട്ടുപന്നികളും  മുള്ളൻപന്നികളും ഒളിച്ചു പാർക്കുന്ന  കാടുമൂടിയ വലിയ കുഴികളും , രാജവെമ്പാല ഒഴികെയുള്ള വിഷപാമ്പുകളായ മൂർഖൻ പാമ്പുകളും, പയ്യാനമണ്ഡലി അഥവാ ചേനത്തണ്ടൻ എന്നുവിളിക്കുന്ന അണലികളും, വെള്ളിക്കെട്ടൻ അഥവാ  വളയിളപ്പനുകളും, ചുരുട്ടമണ്ഡലികളടക്കമുള്ള കൊടും വിഷമുള്ള പാമ്പുകളും , തടിമാടൻ പെരുമ്പാമ്പുകൾ ,ചേരകൾ, നീർമണ്ഡലികൾ, നീരിക്കോലികൾ, പച്ചോലപാമ്പുകൾ, ഇരുതലമൂരികൾ അല്ലെങ്കിൽ ഇരുത്തലയൻ പാമ്പുകൾ,വില്ലൂന്നികൾ,തേളിയാനുകൾ തുടങ്ങിയ വിഷമില്ലാത്ത പാമ്പുകളുമടക്കം ഉടുമ്പ്, തേൾ, പഴുതാരാ മുതലായ സകലമാന ഇഴജന്തുക്കളും സ്വൈര്യവിഹാരം നടത്തുന്ന മാടായിപ്പാറയുടെ പടിഞ്ഞാറു ഭാഗത്തുള്ള കുന്നിൻ ചരുവിൽ താമസിക്കുന്നൊരു വ്യക്തിയെന്ന നിലയിലും രണ്ടുതവണ നീർമണ്ഡലിയുടെ താഡനമോറ്റു അത്താഴപട്ടിണി കിടക്കേണ്ടി വന്നവനെന്ന  നിലയിലും ഒരാഴ്ച മുന്നേവരെ കൊടും വിഷമുള്ള അണലിയുടെ കടിയിൽ നിന്നും ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടൊരാളെന്ന നിലയിലും (അമ്മയ്ക്കും ചെറിയ മോൾക്കും ഓരോതവണ വീതം നീർമണ്ഡലിയുടെ കടിയേറ്റു ചികിത്സ തേടിയിരുന്നു) വാവാ സുരേഷിന്റെ പാമ്പുപിടുത്ത വീഡിയോ ഒരു അതിശയവും പാമ്പുകളെ പിടികൂടുവാനും അവയുടെ ആക്രമണത്തിൽ നിന്നും രക്ഷത്തേടുന്നതിനുള്ള മുൻകരുതലെടുക്കാനുള്ള പ്രചോദനവുമായിരുന്നു.

അതുകൊണ്ടുതന്നെ പിന്നീടുള്ള ദിവസങ്ങളിൽ വാവ സുരേഷിന്റെ പാമ്പുപിടുത്ത വീഡിയോകൾ തെരെഞ്ഞുപിടിച്ചു കാണുകയെന്നത് എന്റെയൊരു ശീലമായിരുന്നു.
പാമ്പുകളെ പിടികൂടുന്നത് ഇത്രയും എളുപ്പമുള്ള ഒരു കാര്യമാണെന്ന് മനസിലാക്കിയതിനു പുറമേ വിഷപാമ്പുകളെയും വിഷമില്ലാത്തവയെയും തിരിച്ചറിയുവാനും അവയുടെ സ്വഭാവ രീതികളും ആഹാരരീതികളും പ്രത്യുല്പാദന പ്രക്രീയയും പാമ്പിന്റെ വിഷം നമ്മുടെ ശരീരത്തിൽ എങ്ങനെ ഏതൊക്കെ അവയവംങ്ങളെയാണ് ബാധിക്കുന്നതെന്നും അതിന്റെ ചികിത്സാരീതികൾ എന്തൊക്കെയാണെന്നും പ്രാഥമിക. ചികിത്സകൾ എങ്ങനെ നൽകണമെന്നും ഏതൊക്കെ സാഹചര്യങ്ങളിൽ പാമ്പിന്റെ കടിയേൽക്കാമെnന്നും കടിയേൽക്കാതിരിക്കുവാൻ എന്തൊക്കെ ചെയ്യണമെന്നുമൊക്കെയുള്ള അറിവുകളും പാമ്പുകളെ തിരിച്ചറിയുവാനുള്ള വഴികളൊക്കെ കുറിച്ചുമൊക്കെ കുറെയൊക്കെ അറിവുകൾ നേടിയതും  പാമ്പുകളെ കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ നീങ്ങിയതുമൊക്കെ ഒരുപരിധിവരെ അദ്ദേഹത്തിന്റെ പാമ്പുപിടുത്ത വിഡിയോകളിലൂടെ തന്നെയായിരുന്നു.

അങ്ങനെ പാമ്പുപിടുത്ത വീഡിയോ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ക്രമേണ മാനസീകമായി ഞാനുമൊരു പാമ്പുപിടുത്തക്കാരനായ മാനസ്വീകാരോഗിയായി മാറുകയാണെന്നകാര്യം സത്യമായും ഞാൻ അറിഞ്ഞിരുന്നില്ല.

ഇനിയൊരു വിഷപാമ്പ് മുന്നിൽ പെടുകയാണെങ്കിൽ അതിനെ തല്ലിക്കൊല്ലാതെ ജീവനോടെ പിടികൂടിയ ശേഷം. അതിന്റെ വാലിൽ പിടിച്ചുവലിച്ചു കളിപ്പിച്ചുകൊണ്ട്  വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ ഷോ കാണിച്ചു ഷൈൻ ചെയ്തശേഷം ചാക്കിലാക്കി കാട്ടിലേക്കയക്കുന്ന രംഗങ്ങൾ സദാസമയവും മനസിനുള്ളിൽ മിന്നിമറയുന്നുണ്ടായിരുന്നു.

 നാട്ടിലെത്തിയാൽ വാവാ സുരേഷിനെ അനുകരിച്ചുകൊണ്ട് എങ്ങനെയെങ്കിലും കുറെ പാമ്പുകളെ പിടികൂടി വീടിന്റെ പരിസരത്തെ പാമ്പുശല്യം ഒഴിവാക്കണമെന്നുമാത്രമായിരുന്നു അന്നത്തെ പ്രധാന ആഗ്രഹം..

ദുബായിൽ നിന്നും പാമ്പിനെ പിടിച്ചു പരീക്ഷിക്കാമെന്നുവച്ചാൽ 2009 മുതൽ 2019 വരെ ഖത്തറിലും ദുബായിലുമായി ജോലിചെയ്തിരുന്നെങ്കിലും മരുഭൂമിയും കണ്ടിരുന്നില്ല മരുഭൂമിയിലെ പാമ്പിനെയും കണ്ടിരുന്നില്ല.....
പിന്നെങ്ങനെ മരുഭൂമിയിലെ പാമ്പുകളെ പിടികൂടും.....
അന്നത്തെ എന്നെ കണ്ടുമുട്ടാത്തത് മരുഭൂമിയിലെ പാമ്പുകളുടെ ദീർഘായുസ് എന്നല്ലാതെ മറ്റെന്തു പറയുവാൻ..... 

അങ്ങനെ 2016 ജനുവരിയിൽ നാട്ടിലെത്തിയതിന്റെ പിറ്റേന്ന് രാത്രിയിൽ വീടിന്റെ ഒരു ഇരുപത്തിയഞ്ച് മീറ്റർ ദൂരെയുള്ള ഓടുമേഞ്ഞ മേൽക്കൂരയും തുളയുള്ള ഇഷ്ടികയുടെ ഭിത്തിയുമുള്ള കക്കൂസിൽ വിളിയും കാത്തിരിക്കുന്നതിനിടയിൽ തികച്ചും യാദർശ്ചികമായി എന്റെ ദൃഷ്ടികൾ മുകളിലേക്കു പതിഞ്ഞതും  നേരത്തെ കഴിച്ചിരുന്ന കട്ടൻ ചായയുടെ സൈഡ് ഇഫെക്ട് കൊണ്ടാകണം എന്റെയുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പാമ്പുപിടുത്തക്കാരൻ വാവസുരേഷ് സടകുടഞ്ഞുണരുന്നതും ഒരുമിച്ചായിരുന്നു (എപ്പോഴും അനാവശ്യ കാഴ്ചകളാണ് കണ്ണിൽ പതിയുക അങ്ങനെയൊരു കാഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിന്റെയും തിരുത്തിക്കാൻ ശ്രമിച്ചതിന്റെയും പേരിൽ ഇന്നും ആവശ്യമുള്ളത് കിട്ടിയിരുന്നു )

എലിയെ വിഴുങ്ങിയ തടിച്ച നടുഭാഗം പട്ടികയിൽ ചുറ്റിവരിഞ്ഞുക്കൊണ്ട് വാലും തലയും ഓടിനിടയിലൂടെ  പുറത്തേക്കിട്ടു കാറ്റുകൊണ്ടുള്ള അവന്റെ രാജാകീയമായ കിടപ്പും ത്രികോണാകൃതിയിയിൽ പുറത്തുള്ള     പള്ളികളും തലയോളമില്ലെങ്കിലും തടിച്ച വാലിന്റെ ഭാഗവുമൊക്കെ കണ്ടതോടെ കുളിമുറി കം കക്കൂസിൽ കുളിസീൻ കാണാനെത്തിയ നമ്മുടെ അഥിതി മുൻപ് കണ്ടിരിക്കുന്ന വീഡിയോകളുടെ അറിവിന്റെ പിൻബലത്തിൽ അതൊരു വിഷമില്ലാത്ത സാധുജീവിയായ ഇരുതലമൂരി അഥവാ ഇരുത്തലയൻ പാമ്പാണെന്ന് തന്നെ ഞാൻ ഉറപ്പിച്ചു (ലൈഗീക ഉത്തേജന മരുന്നുകളുണ്ടാക്കുവാനും ദുർമന്ത്രവാദത്തിനും ഉപയോഗിക്കുന്നതുകൊണ്ട് വലിയ ഇരുതലമൂരികൾക്ക് കോടിക്കണക്കിനു രൂപ വില കിട്ടുമെന്ന അക്കാലത്തെ കിംവദന്തികളും അന്നത്തെ ഊഹാപോഹ ഉറപ്പിക്കലിന് പിന്നിലുണ്ടെന്നു കൂട്ടിക്കോളൂ )

പിന്നൊന്നും ആലോചിച്ചില്ല
എന്റെ വാവസുരേഷ് മുത്തപ്പാ......
അഥിതി ദേവോ ഭവ.... എന്നു പറയുന്നതിനെ അന്വർത്ഥമാക്കിക്കൊണ്ട് 
എന്റെ ഡിങ്ക ഭഗവാനെ ശപ്പിട്ടു ഏമ്പക്കം വലിച്ചുകിടക്കുന്ന ഈ ഇരുത്തലയൻ പാമ്പ് മുഖേന ഞാനും എന്റെ കുടുംബവും രക്ഷപ്പെടണെ എന്നു മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടു പട്ടികയിൽ ചുറ്റിപിണഞ്ഞു കിടക്കുന്ന പാമ്പിന്റെ നടുഭാഗത്തു പിടിച്ചു സർവ്വശക്തിയും സംഭരിച്ചു ഒരൊറ്റ വലിവലിച്ചതെ ഓർമ്മയുള്ളൂ......

കക്കൂസിന്റെ ക്ളോസറ്റിനു മുകളിൽ പൊട്ടിയ ഓടിന്റെ കഷണങ്ങൾക്കൊപ്പം വീണുകിടക്കുന്ന ഭീകരനായ പയ്യാനമണ്ഡലി അഥവാ ചേനതണ്ടൻ അല്ലെങ്കിൽ അണലിയെ കണ്ടതോടെ  പുറത്തേക്കിറങ്ങുവാൻ പുറപ്പെട്ടിരുന്ന വയറിനുള്ളിലെ മാലിന്യങ്ങൾ തിരിച്ചു വയറിനുള്ളിലേക്കുതന്നെ കയറിപ്പോയത് കൂടാതെ നേരത്തെ കഴിച്ചിരുന്ന കട്ടൻ ചായയും ആവിയായി പോയി കഴിഞ്ഞിരുന്നു.
(തേക്കാത്ത ചുമരുള്ള ആ കക്കൂസും കുളിമുറിയും പിന്നെയുള്ള ഒന്നുരണ്ടു ദിവസങ്ങളിൽ മറ്റാരും ഉപയോഗിച്ചു കാണില്ലെന്നു ഊഹിക്കാമല്ലോ.)

പട്ടിയെ കാണുമ്പോൾ കല്ലു കാണില്ല...
കല്ല് കിട്ടുമ്പോൾ പട്ടിയെയും കാണില്ലെന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട്   അതിനുശേഷം എവിടേയുമൊരു പാമ്പിനെ കണ്ടെത്താതെ പാമ്പിനെ പിടിക്കുവാനുള്ള മോഹഭംഗവുമായി നിരാശയോടെ കഴിയുന്നതിനിടയിലാണ് വീടിന്റെ സമീപത്തൂടെ പുതിയൊരു റോഡ് ശ്രമദാനമായി നിർമ്മിക്കാമെന്ന ആശയം വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്നതും  നിർമ്മാണപ്രവർത്തികൾ ആരംഭിച്ചതും.

അതോടെ എന്റെയുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പാമ്പ് പിടിയൻ സൈക്കോ വാവാസുരേഷ് വീണ്ടുമുണർന്നു പൂർവാധികം ഊർജ്ജസ്വലനായെന്നു പറയേണ്ടല്ലോ..... 
കാരണം പുതിയ റോഡുണ്ടാക്കുമ്പോൾ കുറ്റിക്കാടുകളും പൊന്തക്കാടുകളും വെട്ടിമാറ്റി പുറ്റുകളും ഉരുളൻ കല്ലുകൾക്കൊണ്ട് കെട്ടിയുണ്ടാക്കിയ മതിൽകെട്ടുകളുമൊക്കെ പൊളിച്ചു മാറ്റുമ്പോൾ എന്തൊക്കെയായാലും എവിടെയെങ്കിലും ഒരു പാമ്പെങ്കിലും മുന്നിൽ പെടാതിരിക്കില്ല....
അങ്ങനെയാണെങ്കിൽ പാമ്പിനെ പിടിച്ചു അതിനെ കുറിച്ചു വിശദീകരിച്ചുകൊണ്ട് വീട്ടുകാരുടെ മുന്നിൽ മാത്രമല്ല നാട്ടുകാരുടെ മുന്നിലും ആളാകാനുള്ള സുവർണ്ണാവസരമാണ് ഒത്തുവന്നിരിക്കുന്നത്...... 

പ്രതീക്ഷിച്ചപോലെ തന്നെ റോഡിന്റെ പണി തുടങ്ങിയതിന്റെ ആദ്യദിവസം  ഉരുളൻ കല്ലുകൾകൊണ്ടുള്ള പഴയൊരു കിടങ്ങിന്റെ കല്ലുകൾ മൺവെട്ടികൊണ്ടു അടർത്തി മാറ്റുന്നതിനിടയിലാണ് കല്ലുകൾക്കിടയിൽ ചുരുണ്ടുകൂടിക്കിടക്കുന്ന ശരീരത്തിൽ. പുള്ളികളുള്ള പുതിയ അഥിതിയെ ശ്രദ്ധയിൽ പെട്ടത്.....

ഷൈൻ ചെയ്യാൻ കിട്ടുന്ന അവസരമല്ലേ....
ഒഴിവാക്കാൻ പറ്റില്ലല്ലോ......
നേരത്തെ സംഭവിച്ചിരുന്ന അബദ്ധം ആവർത്തിക്കാതിരിക്കാൻ അഥിതി കിടക്കുന്ന കല്ലിനടിയിലെ മണ്ണുകൾ ശ്രദ്ധയോടെ നീക്കിയശേഷമാണ് നേരത്തെ. കണ്ടതുപോലെ  അതൊരു അണലിയാണെന്ന് ഉറപ്പിച്ചതും  അണലിയെന്നു വിളിച്ചുകൂവി എല്ലാവരെയും വിളിച്ചുകൂട്ടിയതും.

അതിനുശേഷം നമ്മുടെ അതിഥിയെ ആരും ഉപദ്രവിക്കരുതെന്നും  ഞാനതിനെ ജീവനോടെ പിടികൂടുമെന്നും വീമ്പിളക്കുകയും അണലിയെ പിടിക്കുന്ന രീതിയെയും അണലിവിഷത്തെയും അതു ശരീരത്തെ ബാധിക്കുന്ന രീതിയെക്കുറിച്ചുമൊക്കെ ചെറിയൊരു ഡമോൺസ്‌ട്രേഷനും നടത്തിക്കൊണ്ടാണ് അതിഥിയുടെ മുകളിലുള്ള പാറകഷണം ആർപ്പുവിളിയുടെ അകമ്പടിയോടെ കമ്പിപ്പാരകൊണ്ട്  അടർത്തിമാറ്റിയത്.

 അഥിതിയുടെ മുകളിലുള്ള പാറക്കഷണം നീങ്ങിയതും അണലിയെ കാണുവാനും തല്ലികൊല്ലുവാനും ചുറ്റും കൂടിയവരുടെ മുഖത്തൊരു പുച്ഛചിരി. വിരിയുന്നത് കണ്ടപ്പോഴാണ് താഴെയുള്ള അഥിതിയെ ഞാൻ ശരിക്കും കണ്ടതും ഇളഭ്യനായിപ്പോയതും.....

"വലിയൊരു. പാമ്പുപിടുത്തക്കാരൻ വാവ സുരേഷ് വന്നിരിക്കുന്നു.....
നിലതെരയുടെ വണ്ണമുള്ള കുരുടൻ പാമ്പിനെയും (ഇരുതല മൂരി അഥവാ ഇരുത്തലയൻ പാമ്പ് )
പയ്യാനമണ്ഡലിയെയും തിരിച്ചറിയാതോനാന്നു  വലിയ പാമ്പു പിടുത്തക്കാരൻ....
നൊടിച്ചിലിളക്കാണ്ട് ഒന്നുപോയെടാ...."

പറയുന്നതിനിടയിൽ കൂട്ടത്തിലാരോ ധൈര്യപൂർവം കുരുടൻ പാമ്പിനെ കൈകൊണ്ടു പിടിക്കുകയും എടുത്തുയർത്തി ദൂരേക്ക് വലിച്ചെറിയുകയും  ചെയ്യുന്നതുകണ്ടപ്പോൾ അണലിയെ പിടിച്ചു നാട്ടുകാരുടെ മുന്നിൽ ഡമോൺസ്‌ട്രേഷൻ  നടത്തുവാൻ മോഹിച്ചു നടക്കുകയായിരുന്ന എന്റെയുള്ളിലെ  സൈക്കോ ഡമോൺസ്‌ട്രേറ്റർ ബോധമറ്റു നിലം ഞാനല്ലാതെ വേറെയാരും അറിഞ്ഞില്ല... .

അങ്ങനെ രണ്ടാമത്തെ പാമ്പുപിടുത്തവും ചീറ്റിപ്പോയതിന്റെ നിരാശയോടെയും മറ്റുള്ളവരുടെ കളിയാക്കലുകൾ കേട്ടതിന്റെ വിഷമത്തോടെയുമാണ് അന്നത്തെ ദിവസം വീട്ടിലേക്കു മടങ്ങിയത്.

ഒന്നിൽപിഴച്ചാൽ മൂന്നെന്നാണല്ലോ ചൊല്ല്....
അങ്ങനെ മൂന്നാമത്തെ അവസരം കാത്തുകഴിയുന്നതിനിടയിലാണ് ഗൾഫിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം തന്നെ അത്തരമൊരു അവസരം മുന്നിലെത്തിയത് 

"യെപ്പാ ഒന്നിങ്ങു വന്നേപ്പാ....
നമ്മളെ മിറ്റത്തെ ചെക്കീമ്മിലൊരു പുല്ലാഞ്ഞി മൂർഖൻ......
വേകം അയിനെയൊന്നു കൊന്നു തന്നേപ്പാ....."

പിറ്റേന്ന് ദുബായിൽ കൊണ്ടുപോകാനുള്ള അച്ചാറും കാരയപ്പവുമുണ്ടാക്കാനുള്ള മാങ്ങയും ചെറുനാരങ്ങയും ചെമ്മീനും വെല്ലവും അരിയും പഴവുമൊക്കെ. പഴയങ്ങാടിയിൽ പോയി വാങ്ങിയശേഷം  ടെൻഷൻ തീർക്കുവാൻ പ്രതീക്ഷാബാറിൽ കയറി മൂന്നുവീതം നിൽപ്പനുമടിച്ചുകൊണ്ട് ഞാനും അനിയനും ഒരു കൂട്ടുകാരനായ തമ്പുരാൻ രതീഷും വീട്ടിലേക്കു മടങ്ങുമ്പോഴാണ് വഴിവക്കിലെ മീത്തലെ കുളത്തിനരികിലുള്ള എന്റെ വീടിന്റെ അഞ്ചു വീടുകൾക്കപ്പുറമുള്ള ശാന്തേച്ചി ഉറക്കെ വിളിച്ചു പറയുന്നത് കേട്ടപ്പോൾ കയ്യിലുള്ള സാധനങ്ങളും സഞ്ചികളും വഴിയരികിൽ വച്ചുകൊണ്ട് എങ്ങനെയാണ് കുന്നിന്റെ മുകളിലുള്ള വീടിന്റെ പടികൾ ഓടിക്കയറിയതെന്നു ഇന്നും പിടിയില്ല..... 

വീടിന്റെ മുന്നിലെത്തിയപ്പോൾ മുറ്റത്തിന്റെ തുമ്പത്തുള്ള തോട്ടചെക്കി ചെടിയുടെ വിരിഞ്ഞു വിടർന്നുനിൽക്കുന്ന പൂക്കുലകൾക്ക് മുകളിൽ അന്തസോടെ തലയുയർത്തി നിന്നുകൊണ്ട് തൊട്ടടുത്ത കൊമ്പിലിരുന്നു കലപില കൂട്ടുന്ന കാക്കകളോട് ക്ഷോഭത്തോടെ പത്തിവിടർത്തിയാടുന്ന പുല്ലാഞ്ഞി മൂര്ഖനെ കണ്ടതോടെ എന്റെയുള്ളിലെ പാമ്പുപിടിയൻ സൈക്കോ ഒരിക്കൽ കൂടി ഉണർന്നു തുടങ്ങി.

കൂടെയുള്ള അനിയനും കൂട്ടുകാരനും  അവിടെയുള്ള വീട്ടുകാരുമൊക്കെ ഭീതിനിറഞ്ഞ കണ്ണുകളോടെ    പത്തിവിടർത്തിയാടി കാക്കകളോട് പടവെട്ടുന്ന മൂർഖനെ നോക്കിക്കൊണ്ട് അതിനെ തല്ലിക്കൊല്ലുവാനായി നല്ലൊരു ആയുധത്തിനുവേണ്ടി തിരയുമ്പോൾ മദ്യലഹരിയിലായിരുന്ന എന്റെ കണ്ണുകൾ അതിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു..... 

നോക്കിനിൽക്കേ വാവാസുരേഷ് പാമ്പിന്റെ വാലിൽ പിടിക്കുന്നതും  വിടർത്തി നിൽക്കുന്ന പത്തിയുടെ പിറകിൽ തലോടുന്നതും ഉമ്മവയ്ക്കുന്നതുമൊക്കെയായ അദ്ദേഹത്തിന്റെ വിഡിയോയിലെ രംഗങ്ങൾ ഒരു സിനിമയിലെന്നപോലെ എന്റെ മനസ്സിൽ മിന്നിമറയുന്നുണ്ടായിരുന്നു..... 

ഇതൊക്കെ ചീള് കേസ്......
തല്ലിക്കൊല്ലേണ്ട യാതൊരു കാര്യവുമില്ല  വാവാ സുരേഷിനെപ്പോലെ നിഷ്പ്രയാസം ഇതിനെ പിടിച്ചു ചാക്കിലാക്കി  ദൂരെയെവിടെയെങ്കിലും ഒഴിവാക്കിയാൽ മതി......
അതിനുവേണ്ടി ആദ്യം പത്തിക്കു പിറകിൽ തലോടണോ...
അതോ ഉമ്മവച്ചാൽ മതിയോ.....
മദ്യലഹരിയിലായിരുന്ന എന്റെയുള്ളിലെ സൈക്കോ ആകെ കൺഫ്യൂഷനായി......

ഉമ്മവയ്ക്കുന്നത് ബുദ്ധിയല്ല.....
തല്ക്കാലം പിറകിലെ പോയി  വിടർത്തിയാടുന്ന പത്തിയിൽ പതുക്കെ തലോടിക്കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി ഹീറോ ചമയാം.....
അപ്പോൾ വാവാസുരേഷിന്റെ വിഡിയോയിൽ കാണുന്നതുപോലെ മൂർഖൻ അനുസരണയോടെ തലതാഴ്‌ത്തുന്ന നിമിഷം വിരലുകൾ മുഴുവൻ ചേർത്തുകൊണ്ട് അതിന്റെ തലയിൽ അമർത്തിപ്പിടിച്ചു ചെടിയിൽ നിന്നും പുറത്തെടുക്കാം ....

അങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടു എന്റെയുള്ളിലെ മദ്യപാനായ സൈക്കോ പാമ്പുപിടുത്തക്കാരൻ പതിയെ ഒരു ചുവടു മുന്നോട്ടു വച്ചു മെല്ലെ കൈ പൊക്കിയത് മാത്രമേ ഓർമ്മയുള്ളൂ...

സ്സ് ശ്......
സീൽക്കാര ശബ്ദത്തോടെ മൂർഖൻ എന്റെ നേരെ തിരിഞ്ഞു പറക്കുന്ന വേഗത്തിൽ മുന്നോട്ടു നീങ്ങിയതും  മൂർഖനെ തല്ലുവാനായി തഞ്ചം നോക്കിയിരിക്കുകയായിരുന്ന കൂട്ടുകാരന്റെ കയ്യിലെ പട്ടിക കഷ്ണം  പാമ്പിന്റെ കഴുത്തിൽ തന്നെ ആഞ്ഞുപതിച്ചതും ഒരുമിച്ചായിരുന്നു...

അവൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ എന്റെ നെഞ്ചിലോ കൈത്തണ്ടയിലോ മൂർഖന്റെ കടിയേറ്റു ഞാനിപ്പോൾ ഭിത്തിയിൽ പടമായി തൂങ്ങികിടപ്പുണ്ടാകുമെന്ന് ഇപ്പോഴും നെഞ്ചിടിപ്പോടെയാണ് ഞാനോർക്കുന്നത്..

"ഇന്നലെ ഞാനില്ലായിരുന്നെങ്കിൽ ഇപ്പോൾ പെട്ടിയും തൂക്കി പോകുന്നതിനു പകരം പെട്ടിയിൽ കിടന്നു പോകേണ്ടി വരുമായിരുന്നു...."

പിറ്റേന്ന് ദുബായിലേക്ക് യാത്രയാക്കുവാൻ വന്നപ്പോൾ അവൻ പറഞ്ഞിരുന്ന വാചകങ്ങൾ  ഇന്നും ഇതെഴുതുമ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്.

ആ സംഭവത്തോടെ വാവാസുരേഷിനെ അനുകരിച്ചുകൊണ്ട് പാമ്പിനെ പിടിക്കുവാൻ ഒരുങ്ങിപ്പുറപ്പെട്ടിരുന്ന എന്റെ മനസിലെ സൈക്കോ പാമ്പുപിടുത്തക്കാരൻ എങ്ങോട്ടോ പടിയിറങ്ങി പോകുകയും  വാവാ സുരേഷിന്റെ പാമ്പുപിടുത്ത വിഡിയോ കാണുന്ന  പരിപാടി ഞാൻ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്തു.

Nb :
എനിക്കു ഈ ലോകത്തിൽ ഇഷ്ട്ടമുള്ള രണ്ടെരണ്ടു സംഘികൾ ഒന്നു നീയും മറ്റൊരാൾ വാവാസുരേഷുമാണെന്ന് ദുബായിലെ സഹമുറിയനും മെസ്പാർട്ട്ണറും സർവ്വോപരി ചങ്കിന്റെ ചങ്കുമായ Renjith Manvila യോട് അക്കാലത്തെപ്പോഴും പറയാറുണ്ട്.
അതുകൊണ്ട് പ്രീയപ്പെട്ട വാവസുരേഷ് എത്രയും പെട്ടേന്നു സുഖം പ്രാപിക്കട്ടെയെന്നും....
പാമ്പു പിടുത്തത്തിനായി ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുവാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ഈ അവസരത്തിൽ ആശംസിക്കുന്നു.

ഭക്തിയില്ലെങ്കിലും തെയ്യങ്ങളോടുള്ള ഇഷ്ടവും ഹരവും കൂടി അഗ്നികുണ്ടത്തിൽ ചാടുന്ന തെയ്യങ്ങളെ അനുകരിച്ചുകൊണ്ട് തെങ്ങേലകൾ കൂട്ടിയിട്ടു അഗ്നിക്കുണ്ടമുണ്ടാക്കി അതിലൂടെ തലങ്ങും വിലങ്ങും ഓടിയൊരു കഥകൂടി പങ്കുവയ്ക്കുവാനുണ്ട്.
കുറച്ചുപേരെങ്കിലും ഇതു വായിക്കുകയാണെങ്കിൽ എന്റെ സമയവും അതിനുള്ള സന്ദർഭവും ഒത്തുവരുന്ന മറ്റൊരവസരത്തിൽ അക്കാര്യവും നിങ്ങളുമായി  പങ്കുവയ്ക്കാം. 

By
Pradeep vengara



loading...