വാര്‍ത്താ വിവരണം

തകര്‍ന്നവീണ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

31 May 2017
web desk
പറക്കലിനിടെ തകര്‍ന്നു വീണ സുഖോയ് 30

അസമില്‍ പരിശീലന പറക്കലിനിടെ തകര്‍ന്നു വീണ സുഖോയ് 30 വിമാനത്തിലെ മലയാളിയടക്കമുള്ള പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഫ്ലൈറ്റ് ലെഫ്‌റ്റന്റ് പന്തീരാങ്കാവ് പന്നിയൂര്‍കുളം മേലെ താന്നിക്കാട്ട് അച്ചുദേവ് (25), ചണ്ഡിഗഡ് സ്വദേശി സ്ക്വാഡ്രണ്‍ ലീഡര്‍ ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അരുണാചല്‍പ്രദേശ് - ചൈന  അതിര്‍ത്തിയിലെ കാട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിമാനം തകര്‍ന്ന് ഒമ്പതു ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശരീരാവശിഷ്ടങ്ങള്‍ പരിശോധനക്കായി പൂണെയിലേക്ക് അയക്കും.

ഈ മാസം 23ന് രാവിലെ 10 ഓടെയാണ് പരിശീലനപറക്കലിനിടെസുഖോയ് വിമാനം കാണാതായത്.
തിരച്ചിലില്‍ വിമാനത്തിന്റെ ചില അവശിഷ്ടങ്ങളും ബ്ളാക്ക് ബോക്സും അരുണാചല്‍ അതിര്‍ത്തിയിലെ സിഫാ താഴ്വരയില്‍ നിന്ന് കണ്ടെത്തിയിരുന്നു

അപകട വിവരമറിഞ്ഞ അച്ചുദേവിന്റെ പിതാവ് സഹദേവനും മാതാവ് ജയശ്രീയും തേസ്പൂര്‍ സൈനിക ക്യാമ്പിലേക്ക് പോയിരുന്നു.മകനെ കണ്ടെത്തും വരെ തിരച്ചില്‍ തുടരണമെന്ന് അച്ചുദേവിന്റെ മാതാപിതാക്കള്‍ വ്യേമസേനാ അധികൃതരോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.വിമാനം കത്തിയമരുകയായിരുന്നുവെന്നും ഇജക്ഷന്‍ നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് വ്യോമ സേനാ അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചത്. അച്ചുദേവിനൊപ്പം ഉണ്ടായിരുന്ന പൈലറ്റിന്റെ രക്തംപുരണ്ട ഒരു ഷൂസും അച്ചുദേവിന്‍റെ പഴ്സും ലഭിച്ചിട്ടുണ്ടെന്നും സൈന്യം കുടുംബത്തെ അറിയിച്ചിരുന്നു.
ഐഎസ്ആര്‍ഒയില്‍ ഉദ്യോഗസ്ഥനായിരുന്ന  സഹദേവന്‍ 30 വര്‍ഷത്തോളമായി തിരുവനന്തപുരം ശ്രീകാര്യത്താണ് താമസം. നാട്ടില്‍ അഞ്ചാം ക്ളാസ് പഠനത്തിന് ശേഷം അച്ചുദേവ് ഡെറാഡൂണിലെ സൈനിക സ്കൂളിലാണ് പഠിച്ചത്. അവിടെനിന്നാണ് എയര്‍ഫോഴ്സില്‍ ചേര്‍ന്നത്

കടപ്പാട്: deshabhimani.com


Tags: