വിവരണം കൃഷി


മറന്നുപോയോ അടതാപ്പിനെ

Reporter: pilathara.com
ഒരുകാലത്ത് മലയാളികള്‍ കറികളില്‍ ധാരാളമായി ഉപയോഗിച്ചിരുന്ന അടതാപ്പ്

        ഒരുകാലത്ത് മലയാളികള്‍ കറികളില്‍ ധാരാളമായി ഉപയോഗിച്ചിരുന്ന അടതാപ്പ് കൃഷിയിടങ്ങളിലേക്ക് തിരിച്ചുവരുന്നു. മലയോര മേഖലയില്‍ ചില വീടുകളില്‍ അടതാപ്പ് കൃഷിയും പച്ചക്കറികള്‍ക്കൊപ്പം സ്ഥാനം പിടിക്കുകയാണ്. കാച്ചില്‍ വര്‍ഗത്തില്‍പ്പെട്ട ഒരു വള്ളിച്ചെടിയാണിത്. അരനൂറ്റാണ്ട് മുന്‍പ് ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനം അടതാപ്പിനായിരുന്നു. ഇപ്പോള്‍ അപൂര്‍വമായി കുടിയേറ്റ കര്‍ഷകരുടെയും മറ്റും വീടുകളില്‍ മാത്രമാണ് അടതാപ്പ് ബാക്കിയുള്ളത്.

          കാച്ചിലും ചെറുകിഴങ്ങും പോലെ മരത്തിലോ പന്തലിലോ ആണ് വളരുന്നത്. ഇലകള്‍ക്കും ഇവയോട് സാദൃശ്യമുണ്ട്. വള്ളികള്‍ ഇടത്തോട്ട് മാത്രമേ ചുറ്റുകയുള്ളു. മേക്കാച്ചില്‍ പോലെ വള്ളികളുടെ മുകളിലാണ് ഉണ്ടാവുക. 100 ഗ്രാം മുതല്‍ ഒന്നര കിലോഗ്രാംവരെ തുക്കമുള്ളവ ഉണ്ടാകാറുണ്ട്. അടതാപ്പിന്റെ ഭുമിക്കടിയിലെ കിഴങ്ങും ഉപയോഗിക്കാം. ഇതിന് കാച്ചില്‍ പോലെ വലിപ്പമുണ്ടാവും. നല്ല മൂപ്പായാല്‍ അടതാപ്പ് വള്ളികളില്‍നിന്ന് വിഴും. ഏതാണ്ട് രണ്ടുമാസക്കാലം സുഷുപ്താവസ്ഥ ഉള്ളതിനാല്‍ വിളവെടുത്ത ഉടനെ നടാറില്ല. പ്രധാന മുള വന്നാലേ കൃഷിയിറക്കൂ. ഒരുവള്ളിയില്‍നിന്ന് 20 കിലോഗ്രാം അടതാപ്പ് കിട്ടാറുണ്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കായ്കള്‍ കൂടുതലും ഉണ്ടാകുന്നത്. അന്നജം, മാംസ്യം, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇവ പ്രമേഹരോഗികള്‍ക്ക് പഥ്യാഹാരമാണ്. 'ഡയസ്‌കോറിയ ബള്‍ ബോഫറ' എന്നാണ് ശാസ്ത്രനാമം.   കാല്‍മുട്ട് വേദനയ്ക്ക് അടതാപ്പ് കിഴങ്ങുകള്‍ മരുന്നായി ഉപയോഗിച്ചിരുന്നു. ജൈവകൃഷിക്ക് പ്രാധാന്യം വന്നതോടെ അടതാപ്പിനും നല്ല കാലം തെളിയുകയാണ്.loading...