വാര്‍ത്താ വിവരണം

കുടൽമന ഇല്ലത്ത് വാമനൻ നമ്പൂതിരി(57)-അറത്തിലമ്പലം കീഴ്ശാന്തി- ദിവംഗതനായി

6 February 2018
Reporter: Udayan Pilathara
അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് .

അറത്തിൽ കുടൽമന ഇല്ലത്ത് വാമനൻ നമ്പൂതിരി(57) - അറത്തിലമ്പലം കീഴ്ശാന്തി - ദിവംഗതനായി. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 3 മണിക്ക് തറവാട്ട് ശ്മശാനത്തിൽ സംസ്കാര കർമ്മം നടക്കും. പിലാത്തറയിലെ ആദ്യകാല വ്യാപാരിയാണ് വാമനൻ നമ്പൂതിരി. 

വാമനൻ നമ്പൂതിരിയെ ഓർത്തെടുക്കുമ്പോൾ :-

 പേര് പോലെ തന്നെ കൗതുകമാർന്ന സ്വഭാവവും, നമ്പൂതിരി ഫലിതവും എന്നും കൂടെ കൊണ്ടു നടന്ന സാത്വിക ബ്രാന്മണൻ. ഒരിക്കൽ പരിചയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വം.  
     എല്ലാവരുടെ കാര്യവും അറിഞ്ഞിരുന്ന, വാമനാട്ടൻ എന്നും പുഞ്ചിരിക്കുന്ന മുഖവുമായി എല്ലാവരോടും കുശലാന്വേഷണങ്ങൾ നടത്തും, തമാശ പറയും . ഇപ്പോഴും മരിച്ചെന്ന് വിശ്വസിക്കാൻ പ്രയാസം. ആദ്യ കാലത്തേ മിക്ക വ്യാപാരികളേയും പോലെ തന്നെ വാമനാട്ടനും കച്ചവടം ചെയ്ത് സമ്പാദിച്ചത് അതിരറ്റ സുഹൃദ് വലയം മാത്രമായിരുന്നു.  പിലാത്തറയുടെ വികസന കുതിപ്പിന്റെ ഭാഗമാകാൻ കഴിയാതെ പാർശ്വവൽക്കരിക്കപ്പെട്ട ഏതാനും കച്ചവടക്കാരുടെ കൂട്ടത്തിൽ പെട്ടു പോയ വാമനാട്ടൻ ഏതാനും നാൾ മുമ്പ് പ്രമേഹവും കാലിന് അസുഖമായതിനാലും കച്ചവടം മതിയാക്കുകയായിരുന്നു. 
         ഒരു കാലത്ത് ഞാനും സജിത്ത്ബാബുവും നജ്മുദ്ദീനും ഉൾപ്പടെ ഈ ഗ്രൂപ്പിലുള്ളവരും അല്ലാത്തതുമായ ടീനേജ് കാരുടെ ഇടത്താവളം തന്നെയായിരുന്നു, പഴയങ്ങാടി റോഡിലുള്ള വാമനാട്ടന്റ കട. അവിടെ ചെന്ന് ,കോട്ടിസോഡ വിരലമർത്തി പൊട്ടിക്കുമ്പോൾ നുരഞ്ഞ് പൊന്തിയിരുന്നത്  സോഡ മാത്രമായിരുന്നില്ല , ഓരോരുത്തരുടെ മനസ്സിലും ,ഇത് പൊട്ടിച്ച് കുടിക്കാൻ മാത്രം ഞാൻ വളർന്നിരിക്കുന്നു എന്ന ആണത്തത്തിന്‍റെ ആത്മാഭിമാനം കൂടിയായിരുന്നു.  സോഡയുടെ തിരിപ്പ് പറ്റില്ലാന്നും പറഞ്ഞ് മാറി നിന്നവന് മധുരമുള്ള നാരങ്ങാവെള്ളം കൊടുത്ത് വാമനാട്ടൻ തൃപ്തിപ്പെടുത്തി. ബാലരമയും ബാലമംഗളവും പൂമ്പാറ്റയും മലർവാടിയുമൊക്കെ ഓസിന് മറിച്ചു നോക്കാമെന്ന ആനുകൂല്യവുമുണ്ടെന്നതും വാമനാട്ടന്റ കടയിലെ ക്യാമ്പിന് പലർക്കും പ്രചോദനമായിട്ടുണ്ട് എന്നത് പറയാതിരുന്നു കൂടാ. ഇതു പോലെ പലർക്കും പലതും ഓർത്തെടുക്കാനുണ്ടാകും. അത്ര പെട്ടെന്ന് മറക്കാവുന്ന ഒരു വ്യക്തിത്വമല്ല വാമനാട്ടൻ.
     
        അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് .

Udayan Pilathara



whatsapp
Tags:
loading...