വാര്‍ത്താ വിവരണം

ബസ് സമരം നാലാം നാൾ, ജനങ്ങൾ ദുരിതത്തിൽ.

19 February 2018
Reporter: saranya M Charus. Photos:Shuhail Chattiol.
നാലാം ദിവസത്തിലേക്ക് സ്വകാര്യ ബസ്സ് സമരം പിന്നിടുമ്പോൾ സർവ്വകാല റെക്കോർഡ് കലക്ഷനാണ് കെഎസ്ആർടിസി കൈവരിച്ചത്

 പിലാത്തറ :ജനജീവിതം ദുസ്സഹമാക്കി അനിശ്ചിതകാല സ്വകാര്യ ബസ്സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയും വിദ്യാർത്ഥികളെയും.
 
മിനിമം ചാർജ് പത്ത് രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് അഞ്ച് രൂപയായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വെള്ളിയാഴ്ച്ച മുതൽ ബസ്സുടമകൾ സമരം ആരംഭിച്ചത്. രണ്ടാഴ്ച്ച മുൻപ് നടത്താനിരുന്ന സമരം മുഖ്യമന്ത്രി ഇടപെട്ട് ചർച്ച നടത്തി മിനിമം ചാർജ് ഏഴ്‌ രൂപയിൽ നിന്നും എട്ട് രൂപയായി ഉയർത്തിയിരുന്നു. അതിന് ശേഷമാണ് വീണ്ടും നിരക്ക് വർധന ആവശ്യപ്പെട്ട് സമരം ആരംഭിച്ചിരിക്കുന്നത്. 

സമരം ഒത്തുതീർപ്പാക്കാൻ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ സംഘടനാ പ്രതിനിധികളുമായി കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ ഇന്നലെ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സമരം ഇനിയും തുടർന്നാൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരും എന്നും മന്ത്രി പ്രതികരിച്ചു. 

മാറ്റ് സംസ്ഥാനങ്ങളിൽ നാലും അഞ്ചും രൂപ മിനിമം ചാർജിൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുമ്പോഴാണ് കേരളത്തിൽ ഇത്തരത്തിൽ സമരം നടക്കുന്നത്. നിരക്ക് വർധന നിലവിൽ വന്നാൽ തന്നെയും ഇത് സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങാൻ ആവുന്നതിലും അതികമായിരിക്കും. കേരളത്തിൽ കൺസെഷൻ കൊടുത്ത് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങളും ചെറുതല്ല. 

നാലാം ദിവസത്തിലേക്ക് സ്വകാര്യ ബസ്സ് സമരം പിന്നിടുമ്പോൾ സർവ്വകാല റെക്കോർഡ് കലക്ഷനാണ് കെഎസ്ആർടിസി കൈവരിച്ചത്. എന്നാൽ അധിക സർവീസുകളുടെ അപര്യാപ്തതയും, ഉൾപ്രദേശങ്ങളിലേക്കുള്ള സർക്കാർ സർവീസുകളുടെ കുറവുമാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്.





സമരം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയും വിദ്യാർത്ഥികളെയും.

whatsapp
Tags:
loading...