വാര്‍ത്താ വിവരണം
കേരളത്തിലെ ചുമർചിത്രങ്ങൾ പൈതൃക സ്വത്ത്: ഹിമ്മത് സിങ്
22 February 2018
Reporter: shuhail chattiol
പിലാത്തറ ∙ പാരമ്പര്യത്തിലധിഷ്ഠിതമായ ചുമർചിത്രരചന സമ്പ്രദായം കേരളത്തിന്റെ പൈതൃക സ്വത്താണെന്നും ഇത് വരും തലമുറയിലേക്ക് പകർത്തണമെന്നും പ്രസിദ്ധ ചിത്രകാരനും ഇൻഡോറിലെ ഡാലി ഫൈൻ ആർട്സ് കോളജ് മുൻ അധ്യാപകനുമായ ഹിമ്മത് സിങ് ശ്രീമൽ പറഞ്ഞു.
കുഞ്ഞിമംഗലം തെക്കുമ്പാട് വല്ലാർക്കുളങ്ങര ഭഗവതി കോട്ടത്തെ ചുമർചിത്രം കാണാനെത്തിയതായിരുന്നു അദ്ദേഹം. ഉത്തരകേരളത്തിലെ ചുമർചിത്രങ്ങൾക്ക് അജന്തയിലെ ഗുഹാചിത്രങ്ങളുമായി ഏറെ സാമ്യമുണ്ടെന്നും ഉത്തരകേരളത്തിന്റെ പാരമ്പര്യ കലയായ തെയ്യത്തിന് ചുമർചിത്ര ഭാഷ്യം നൽകുക വഴി രണ്ട് പാരമ്പര്യത്തെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരകേരളത്തിലെ ചുമർചിത്രങ്ങളിൽ പ്രകൃതിയിലെ വർണങ്ങൾ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോക്ലാൻഡ് ചെയർമാൻ ഡോ. വി.ജയരാജൻ, കെ.സുരേശൻ, രജിത രാജൻ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. വല്ലാർക്കുളങ്ങര കോട്ടം മാനേജിങ് ട്രസ്റ്റി കെ.പദ്മനാഭൻ ഹിമ്മത് സിങ് ശ്രീമലിനെയും സംഘത്തെയും സ്വീകരിച്ചു.