കല്യാശ്ശേരി വാര്‍ത്താ വിവരണം

കല്യാശേരി മണ്ഡലത്തിൽ പൊതുവിദ്യാലയത്തിൽ ഇക്കുറിയും കുട്ടികൾ കൂടി

3 June 2018
Reporter: shanil cheruthazham

         പിലാത്തറ: കല്യാശേരി മണ്ഡലത്തിൽ പൊതുവിദ്യാലയത്തിൽ ഇക്കുറിയും കുട്ടികൾ കൂടി. കഴിഞ്ഞ വർഷം ജില്ലയിൽ ഒന്നാംതരത്തിൽ ഏറ്റവും കൂടുതൽ  കുട്ടികൾ പ്രവേശിച്ചതും ഇവിടെയായിരുന്നു. കല്യാശേരി മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളിലായി ഈ വർഷം 2109കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടി.

         കല്യാശേരി-454, പട്ടുവം - 145, കണ്ണപുരം - 70   , ചെറുകുന്ന്-135  ,മാടായി-  258 ,മാട്ടൂൽ-210,ഏഴോം-179, ചെറുതാഴം - 160 , കുഞ്ഞിമംഗലം- 126 , കടന്നപ്പള്ളി - പാണപ്പുഴ-372 എന്നിങ്ങനെയാണ് പഞ്ചായത്തുതല ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം. രണ്ടു മുതൽ എട്ടുവരെയുള്ള ക്ലാസ്സുകളിലായി 4000ത്തിലധികം കുട്ടികൾ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നെത്തി. ആറാം പ്രവൃത്തി ദിവസം കഴിയുന്നോടെ കുട്ടികളുടെ എണ്ണം ഇതിലും കൂടും. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ പൊതുവിദ്യാലയമായ വിളയാംങ്കോട് സെന്റ് മേരീസ് എൽ പി സ്കൂൾ ഈ മണ്ഡലത്തിലാണ്.

         മണ്ഡലം സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി എല്ലാ വർഷവും സമൂഹ പിന്തുണയോടെ എന്റെ വിദ്യാലയം പൊതു വിദ്യാലയം ഗൃഹസന്ദർശന ക്യാമ്പയിൻ നടത്താറുണ്ട്. ഫെബ്രവരി മാസത്തിലാണ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പയിൻ. അധ്യാപകർ, പൂർവ വിദ്യാർഥികൾ, രക്ഷാകർതൃസമിതി, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ. മുഴുവൻ വീടുകളും കേന്ദ്രീകരിച്ച് ലഘുലേഖകൾ നൽകിയാണ് പ്രവർത്തനം. ഇതിന്റെ ഫലമായി മണ്ഡലത്തിലെ വിദ്യാലയങ്ങളിലെല്ലാം കുട്ടികൾ ഗണ്യമായി കൂടി. അക്കാദമിക മികവിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളും നടക്കുന്നു. എല്ലാ വിദ്യാലയങ്ങളിലും കഴിഞ്ഞ വർഷം ടി വി രാജേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ നൽകി ഒരു ക്ലാസ് മുറി ഹൈടെക്കാക്കി. ശാസ്ത്രവ ബോധവും ജ്യോതിശാസ്ത്ര വിജ്ഞാനത്തിനും ഒരു വർഷം നീണ്ട സെലസ്റ്റിയ ജ്യോതിശാസ്ത്ര ഉത്സവം നടത്തി. ഈ വർഷം എൽ എസ് എസ്/യു എസ് എസ് പ്രത്യേക പരിശീലനം, വിദ്യാലയങ്ങളിൽ ജൈവ- ഔഷധ- ഫലവൃക്ഷ ഉദ്യാനം എന്നിവ നടപ്പാക്കും. പൊതു വിദ്യാലയങ്ങളിൽ കൂട്ടികളെ ചേർത്ത് മാതൃകയായ മുഴുവൻ രക്ഷിതാക്കളെയും ടി വി രാജേഷ് എംഎൽഎ അഭിനന്ദിച്ചു.

         
loading...