വാര്‍ത്താ വിവരണം

ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു

25 February 2018
Reporter: pratheesh

ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ്  അന്ത്യം.  മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബോളിവുഡ് നടനായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. ചടങ്ങില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതമുണ്ടായതെന്നാണ് വിവരം. മരണവിവരം ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ സ്ഥിരീകരിച്ചു. രാത്രി 11.30 നാണ് മരണം സംഭവിച്ചതെന്നാണ് സഞ്ജ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല

ഹിന്ദി, മലയാളം, തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലായി നുറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലാം വയസില്‍ തുണൈവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1971 പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. 

1997 ല്‍ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. തുടര്‍ന്ന് 2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 

2017 ല്‍ പുറത്തിറങ്ങിയ മാം (MOM) ആണ് അവസാനം അഭിനയിച്ച ചിത്രം. മകള്‍ ജാഹ്നവിയുടെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ശ്രാദേവി അന്തരിക്കുന്നത്.



whatsapp
Tags:
loading...