വിവരണം ഓര്‍മ്മചെപ്പ്


പിലാത്തറ ദം - ബിരിയാണി

Reporter: ഡോ. പി. എം. മധു

മിനിക്കഥ 


പിലാത്തറ ദം - ബിരിയാണി

പാന്റ്സിന്റെ പോക്കറ്റിൽ നിർത്താതെ ചിലച്ചു കൊണ്ടിരുന്ന ഫോൺ എടുത്ത് "ഇപ്പ എത്തിച്ചേക്കാം" എന്നും പറഞ്ഞ് റിയാസ് ഓടി കോളനി സ്റ്റോപ്പിനടുത്ത് നിർത്തിയിട്ടിരുന്ന പൗലോസേട്ടന്റെ ഓട്ടോയിൽ കയറി...

"പൗലേട്ടാ... പരിയാരത്തേക്ക് വിട്ടോ.... അവിടുന്നുള്ളത് ഹോപ്പിലെത്തിച്ചിട്ടു വേണം കടന്നപ്പള്ളിയിലേതെടുത്ത് മാതമംഗലം ആശ്രയേലെത്തിക്കാൻ ... "

റിയാസിനെ നന്നായി അറിയാവുന്നതുകൊണ്ട് പൗലോസേട്ടൻ നല്ല സ്പീഡിൽത്തന്നെ വണ്ടി വിട്ടു.
സദ്യയിലും ആഘോഷങ്ങളിലും ബാക്കിയാവുന്ന വിഭവങ്ങൾ കോളനികളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമെന്നിങ്ങനെ ആവശ്യക്കാർക്കെത്തിക്കലാണ് റിയാസിന്റെ ഹോബി

രണ്ടായിരത്തി പതിനേഴിന്റെ അവസാന ദിവസമാണ് ... ഉച്ച ഭക്ഷണമെത്തിക്കാൻ കുറേയിടങ്ങൾ ബാക്കിയാണ്...  ആഘോഷങ്ങൾ കൊഴുക്കുമെന്നുറപ്പുള്ളതുകൊണ്ടാണ് നാലഞ്ച് അനാഥാലയങ്ങളിൽ ഭക്ഷണമെത്തിക്കാമെന്നു വാക്കു കൊടുത്തത്... സമയമിത്രയുമായിട്ടും ആരും വിളിക്കുന്നേയില്ലല്ലോ ....
റിയാസിന്റ വേവലാതി ഉച്ചത്തിലായപ്പോൾ പൗലോസേട്ടൻ സമാധാനിപ്പിച്ചു... " നോക്കാം റിയാസേ... "

"അല്ലേല് നീയെന്തിനാ ഇവർക്കൊക്കെ വാക്കു കൊടുക്കാൻ പോയേ?... ഈ ന്യൂ ഇയർ ആഘോഷമൊക്കെ രാത്രീലല്ലേ?..."

" പറ്റിപ്പോയി പൗലേട്ടാ... ഒരറുപത് പേർക്കെങ്കിലും ഇനീം സംഘടിപ്പിക്കാനുണ്ട് ''
പരിയാരത്തെ കല്യാണ വീട്ടിലിറങ്ങി റിയാസ് ബാക്കിയായ ഭക്ഷണം കോരി പാത്രങ്ങളിലാക്കി ഓട്ടോയുടെ പിന്നിലേക്കെടുത്തു വെച്ചു.ഹോപ്പിലേക്കു പോകുമ്പോഴും കടന്നപ്പള്ളിയിൽ നിന്ന് മാതമംഗലത്തേക്ക് പോകുമ്പോഴുമൊന്നും ഭക്ഷണം ബാക്കിയായവരാരും വിളിച്ചില്ല.കുറ്റൂരിലെ ബിവറേജ് ഷോപ്പിനു മുന്നിൽ കുറിഞ്ഞിയുത്സവത്തിന്റെ തിരക്കുണ്ടായിരുന്നു...
" ക്യൂവിലുള്ളോര് രണ്ടുറുപ്യ വെച്ച് തന്നാ ത്തന്നെ ഈ അനാഥാലയത്തിലെയെല്ലാം വിശപ്പ് മാറ്റാര്ന്ന്  ...ല്ലേ റിയാസേ... " പൗലോസേട്ടൻ തിരിഞ്ഞ് റിയാസിനെ നോക്കി.
" ഇന്ന് റിക്കോർഡ് തകർക്കേണ്ട ദിവസോല്ലേ പൗലേട്ടാ... ഓര്ടെ ഒരുപ്യ പോലും ഞാക്ക് വേണ്ട... അനാഥാലയങ്ങക്ക് പട്ടിണിയൊരു പുതിയ സംഭവൊന്ന്വല്ല... പക്ഷേ വാക്കു കൊടുത്തതോണ്ടാ..."

പെട്ടന്ന് റിയാസിന്റെ ഫോണടിച്ചു... "റിയാ സേ വെളയാംങ്കോട് ഉസ്കൂളിന്റെ അടുത്തേക്ക് വന്നോ ഒരയ്മ്പത് ബിരിയാണി " തരാന്ണ്ട്.

ഞെട്ടലിൽ റിയാസ് ചോദിച്ചു.. "എന്താ സംഗതി ? ങ്ങളാരാണ്?"
"  നീ അറിഞ്ഞിലാ?പുതിയ ഷോപ്പ് നാളെ തൊറക്വല്ലേ... പിലാത്തറ ദം - ബിരിയാണി ഷോപ്പ് ..വെളയാങ്കോട്. അയിന് മുന്നോടിയായി ഉണ്ടാക്കീതാണ്. അമ്പതെണ്ണം ബാക്കിയായി. "

ഓട്ടോ വിളയാങ്കോട് സ്കൂളിന്റെ മുന്നിൽ നിന്നു... ആരെയും കാണാനുണ്ടായിരുന്നില്ല. പക്ഷേ സ്കൂളിന്റെ ഗേറ്റിനടുത്ത് വലിയൊരു പാത്രം വെച്ചിട്ടുണ്ടായിരുന്നു.. നല്ല ആവി പറക്കുന്ന ദം-ബിരിയാണി...

അനാഥാലയത്തിലെ കുട്ടികൾ ആർത്തിയോടെ ബിരിയാണി വാരിത്തിന്നുന്നത് റിയാസ് സന്തോഷത്തോടെ നോക്കി... ബാക്കിയായത് അവനും പൗലോസേട്ടനും ചേർന്ന് തീർത്തു..
"ഈ പാത്രമിനി എവിടെ കൊടുക്കും പൗലേട്ടാ....?" 
"നീ സ്റ്റോപ്പിലിറങ്ങിക്കോ.. ഞാനിത് സ്കൂളിന്റെ മുന്നീത്തന്നെ വെച്ചിട്ട് പോയ്ക്കോളാം." പൗലോസേട്ടൻ വണ്ടി വിട്ടു.
റിയാസിറങ്ങിയ ശേഷം പൗലോസേട്ടൻ സ്കൂളിനു മുന്നിലൂടെ ഓട്ടോ ഓടിച്ച് വളവ് തിരിഞ്ഞ് കേശവൻ നമ്പൂതിരിയുടെ ഇല്ലത്തേക്കാണ് വണ്ടി കയറ്റിയത്.... ദേഹണ്ഡക്കാരൻ!

" നീ വിളിച്ചപ്പോ അത്ര പെട്ടന്ന് ണ്ടാക്കാൻ പറ്റുന്ന് നിരീച്ചതല്ല... ങ്ങനെ ണ്ടാർന്നു ദം?"

"തകർത്തു... നമ്പൂരിച്ചാ തകർത്തു... റിയാസ് നാളെ ചുറ്റും....
പിലാത്തറ ദം - ബിരിയാണി ഷോപ്പ്  "

രണ്ടു പേരും കുടുകുടെ ചിരിയ്ക്കുമ്പോൾ
ഒരു വർഷത്തിന്റെ അവസാനത്തെ ആഘോഷം തുടങ്ങാനുള്ള വെടി ദൂരെയെവിടെയോ കേട്ടു .

ഡോ. പി. എം. മധു
പിലാത്തറ

loading...