വിവരണം കൃഷി


ചെറുതാഴം കൃഷി ഭവന്റെ കീഴിൽ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം നടന്നു

Reporter: shanil cheruthazham

കൃഷി വകുപ്പിന്റെ സസ്യാരോഗ്യ ക്ലിനിക്കിന്റെ (crop health management) ഭാഗമായി ചെറുതാഴം കൃഷി ഭവന്റെ കീഴിൽ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം പെരിയാട്ട് വയലിൽ വാർഡ് മെമ്പർ ശ്രീ കെ .ജനാർദ്ദനനും കൃഷി ഓഫീസർ ശ്രീ പി.നാരായണനും ചേർന്ന്  നിർവ്വഹിച്ചു.


ഈ പ്രോജക്റ്റിന്റെ കോർഡിനേറ്റർ കൂടിയായ ഉദയന്റെ വാക്കുകൾ  ശ്രദ്ധിക്കാം

ഇന്നത്തെ പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചവരും, അല്ലാത്തവരുമായ -
എനിക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി സഹായിക്കുന്ന എല്ലാവർക്കും എന്റെ നന്ദി അറിയിക്കട്ടെ . 
               ........
      വാർഡ്മെമ്പർ ജനാട്ടൻ പഞ്ചായത്തിന്റെ പച്ചക്കറി പദ്ധതികളെ കുറിച്ചൊക്ക വിശദമായി സംസാരിച്ചു. കൃഷി ഓഫീസർ, ചുരുങ്ങിയ സമയം കൊണ്ട് കൃഷിരീതിയുടെ ശരിതെറ്റുകൾ വിശദീകരിക്കുകയുണ്ടായി.

അതിന് ശേഷമുണ്ടായ രസകരമായ ഒരു കാര്യമാണ് ഞാനിവിടെ സൂചിപ്പിക്കാനുദ്ദേശിക്കുന്നത്.

ചടങ്ങുകൾക്ക് ശേഷം എല്ലാവരും ചായ കുടിക്കാൻ പോവുകയുണ്ടായി. അതിനു ശേഷം ഞാൻ തിരിച്ച്  കൃഷിയിടത്തിലേക്ക് വന്നു. അപ്പോൾ കണ്ടത് ഞാൻ, കബളം / മത്തൻ നടാൻ തടമൊരുക്കിയതിനിടയിൽ ,ജാനകിയേച്ചി കിളച്ച് ചീര വിത്തിട്ട് വെള്ളമൊഴിക്കുന്നതാണ്?  (എനിക്ക് പരാതിയില്ല, എങ്കിലും കാര്യം പറയാതിരിക്കരുതല്ലോ).

ചോദിച്ചപ്പോൾ അവർ പറയുകയാ , ഇവിടെ ഒരു പാട് സ്ഥലം ഒഴിഞ്ഞുകിടക്കുന്നത് കണ്ടിട്ടാണെന്ന്. തീർച്ചയായും അവരെ കുറ്റപ്പെടുത്താൻ പറ്റില്ല. അവരുടെ കാഴ്ചപാടിൽ അത് ശരിയാണ്.

           2 മീറ്റർ X 4.5 മീറ്റർ അകലമാണ് പ്രസ്തുത തടങ്ങൾക്ക് ഞാൻ പാലിച്ചിരിക്കുന്നത് . സാധാരണ ഗതിയിൽ ഇത്രയും സ്ഥലത്ത് 7 -10 തടങ്ങൾ വരും.

അശാസ്ത്രീയം എന്ന്  പറഞ്ഞാലും നാട്ടുമ്പുറത്തുകാർ അത് അംഗീകരിക്കാർ പോകുന്നില്ല എന്നതാണ് ഇന്നത്തെ സംഗതിയിൽ നിന്നും മനസ്സിലാക്കേണ്ടത്. കൃഷി ഓഫീസർ ഇക്കാര്യം പറഞ്ഞ് കഴിഞ്ഞയുടനേയണ് ഇതു സംഭവിച്ചതെങ്കിൽ ഒന്നുമറിയാതെ കൃഷിച്ചെയ്യുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ?

         ഞാൻ 30 വർഷം മുമ്പ് അമ്മയുടെ കൂടെ പച്ചക്കറി നടാൻ പോയപ്പോൾ കണ്ടിരുന്ന അതേ രീതി തന്നെയാണ് ഇന്നും നാട്ടിൻപുറപച്ചക്കറി കൃഷിയിൽ മിക്കയിടങ്ങളിലും അനുവർത്തിച്ചു കാണുന്നത് എന്നത് ചർച്ച ചെയ്യേണ്ടുന്ന വിഷയം തന്നെയാണ്.
          എന്റെ അനുഭവത്തിലുള്ള 30 വർഷത്തിനിടയിലെ പുരോഗമനപരമായ മാറ്റം എന്നത് ശീതകാല വിളകളും , ഗ്രോബേഗ് ഫിഷ് അമിനോ ആസിഡ് സ്യൂഡോമോണസ് തുടങ്ങിയ ചൊട്ടു വിദ്യകളും പ്രചാരത്തിലായി എന്നത് മാത്രമാണെന്ന് പറയാതെ തരമില്ല.
അടിസ്ഥാന വിഷയങ്ങളായ നിലമൊരുക്കൽ, വളപ്രയോഗം, കീടനിയന്ത്രണം എന്നിവയിൽ നാട്ടിൻപുറ പച്ചക്കറി കൃഷിയിലെ ഗണ്യ വിഭാഗമായ ഗ്രാമീണ ജനത ഇന്നും അജ്ഞരാണ് എന്നത് ബന്ധപ്പെട്ടവർ ശ്രദ്ധിച്ചേ മതിയാവൂ. കൃഷി വ്യാപനത്തിന് സർക്കാരും വകുപ്പുകളും അഹോരാത്രം കിണഞ്ഞ് ശ്രമിക്കുകയും ഫണ്ട് വിനിയോഗിക്കുകയും ചെയ്യുമ്പോൾ അത് അതാത് പദ്ധതിയുടെ മാത്രം ഭാഗമായി  മാറുകയും പിന്നീട് ഏട്ടിലെ പശുവായി തീരുകയും ചെയ്യുന്ന കാഴ്ചയും അനുഭവങ്ങളുമാണ് വർഷങ്ങളായി നമ്മുടെ മുന്നിലുള്ളതെന്ന് കാണാവുന്നതാണ്.

          നാട്ടിൻപുറ പച്ചക്കറി കൃഷിയേക്കുറിച്ച് എടുത്തു പറയേണ്ടുന്ന കാര്യം എന്താണെന്ന് വച്ചാൽ ,-കൃഷി വിജ്ഞാനവും കൃഷി സേവന കേന്ദ്രങ്ങളും, കൃഷിയറിവുകൾ പകർന്നു നൽകാൻ പ്രാപ്തരും തൽപരരുമായ ഉദ്യോഗസ്ഥരും യഥേഷ്ടം ഉണ്ടെങ്കിലും ,സാധാരണക്കാരൻ ആശ്രയിക്കുന്നത് വളം വിൽപനക്കാരന്റെ വാക്കുകളേയും സാധന സാമഗ്രികളേയുമാണ് എന്നതാണ് . മാധ്യമങ്ങളിൽ വരുന്ന കൃഷിയറിവുകൾ മനസ്സിലാക്കുന്നുണ്ടെങ്കിലുംഇത്തരം കാര്യങ്ങൾക്ക് എന്തു കൊണ്ട് നമ്മുടെ ഗ്രാമീണതയുടെ നിഷ്കളങ്ക മുഖങ്ങളായ അമ്മ പെങ്ങൻമാർ , വിദ്യാഭ്യാസമുള്ളവരായിട്ടും ,കൃഷി വകുപ്പുകളേ സമീപിക്കാൻ വൈമുഖ്യം കാണിക്കുന്നു എന്നത് ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ തരമില്ല.

  •  ഉദയൻ പിലാത്തറ


loading...