വിവരണം ഓര്‍മ്മചെപ്പ്


ചില നാടകങ്ങൾ മറയാതെനിൽക്കും

Reporter: ഷനിൽ ചെറുതാഴം

എന്‍റെ നാടക റിവ്യൂ  : പ്രണയ വസന്തം തീർത്തു ബദറുൽ മുനീർ ഹുസ്‌നുൾ  ജമാൽ 

        മോയിൻകുട്ടി വൈദ്യരുടെ കഥ പ്രമേയമാക്കി ഇബ്രാഹിം വെങ്ങര എന്ന നാടക പ്രതിഭയുടെ രചനയിൽ  പഴയങ്ങാടി പൗരവേദി അവതരിപ്പിച്ച 3 മണിക്കൂറിലേറെയുള്ള നാടകം ജനശ്രദ്ധയാകർഷിച്ചു. മാടായിയുടെ സാംസ്കാരികോർജ്ജത്തെ  വീണ്ടെടുക്കാൻ  പൗരവേദിക്കു സാധിക്കും എന്നു നിസംശയം  പറയാം . മഹാകവി മോയിൻകുട്ടി വൈദ്യരുടെ അത്യപൂർവ്വ പ്രണയകാവ്യത്തിന്‍റെ  ദൃശ്യഭാഷാ വിസ്മയം തന്നെയായിരുന്നു മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന നാടകം. ബദറുൽ മുനീറിനെയും ഹുസ്‌നുൾ  ജമാലിനേയും ശക്തമായ കഥാപാത്രത്തിലൂടെ വിശുദ്ധപ്രണയത്തിന്‍റെ ദൃശ്യരുപം കലാകാരൻമാർ വരച്ചുകാട്ടി . സ്നേഹത്തിനു  ജാതിയുടെയും മതത്തിന്‍റെയും അതിർവരമ്പുകൾ തിരിക്കുന്ന ഈ കാലഘട്ടത്തിൽ പരിപാവനമായ വിശുദ്ധ പ്രണയത്തിന്‍റെ ദൃശ്യരൂപം വരച്ചുകാട്ടാൻ ഈ നാടകത്തിലൂടെ കഴിഞ്ഞു. മനുഷ്യരും ജിന്നുകളും അലൗകിക അന്തരീക്ഷവുമെല്ലാം ഒത്തു ചേരുന്ന ഒരു റൊമാന്റിക് ഫാൻറ്റസിയിലൂടെ ഇബ്രാഹിം വെങ്ങര യുടെ സംവിധാന മികവ് കാണുവാൻ സാധിക്കും. പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവാഭിനയവുമായി ബദറുൽ മുനീറായി ദിനേശ് വെങ്ങരയും  ഹുസുസുൽ ജമാലായി ഷിൻസിതയും ജീവിക്കുകതന്നെയായിരുന്നു . 

        അഴിയുടെയും ആകാശത്തിന്‍റെയും നിലാവിനെയും പശ്ചാത്തല ഭംഗി ഒരുക്കിയ പ്രീയ സുഹൃത്തു ശ്രീനി ചിത്രാഞ്ജലിയുടെ ആർട്ട് ഡയറക്ഷൻ  നാടകത്തിന് മിഴുവു കൂട്ടാൻ സഹായിച്ചു എന്നതും, നാടകം മദ്ധ്യാഹ്നം പിന്നിടുമ്പോൾ ബദറുൽ മുനീറിൽ ബഹ്ജർ എന്ന ഭ്രാന്തൻ രാജാവിന്‍റെ വേഷത്തിൽ എനിക്ക് ഏറെ പ്രീയപ്പെട്ട കെ കെ ആർ മാഷെ കാണാൻ സാധിച്ചത് എന്നെ സംബന്ധിച്ചു സന്തോഷം ഇരട്ടിച്ചു . 

        അമച്വർ രംഗത്ത് ലഭിക്കാവുന്ന വലിയൊരു താര നിര തന്നെ ഈ നാടകത്തിൽ കാണാൻ സാധിക്കും .കെ.പി.കെ വെങ്ങര, കെ.പി.ഗോപാലൻ പപ്പൻ ചിരന്തന മുരളി ചവനപ്പുഴ, വിനോദ് കാവിൽ അഷറഫ് ചിരന്തന രാംദാസ്, ഷാജി, ജോൺസൺ, നിഷാന്ത് വെങ്ങര തുടങ്ങി നടന്മാരുടെ  നീണ്ട നിര. ഭാനുവേച്ചി, കൃഷ്ണവേണി ടീച്ചർ, രശ്മി രാമചന്ദ്രൻ, അനില ടീച്ചർ, ആതിര തുടങ്ങിയ അഭിനേത്രികൾ മികച്ചുനിന്നു . കൃഷ്ണവേണി ടീച്ചറുടെ പത്തോളം ശിഷ്യമാർ ചാന്ത്നിയുടെയും സാരംഗിയുടെയും നേതൃത്വത്തിൽ ഒരുക്കുന്ന നൃത്തങ്ങൾ നാടകവേദിയെ ഏറെ ആകർഷകമാക്കി.  

        ഓരോ നാടക വേദിയും നമ്മുക്ക് നൽകുന്നത് നന്മയുടെയും സ്നേഹത്തിന്‍റെയും സഹകരണത്തിന്‍റെയും നല്ല മുഹൂർത്തങ്ങളാണ്. 9 മണിക്ക് ആരംഭിച്ച നാടകം 12:15 ഓടുകൂടിയാണ് കഴിഞ്ഞത്. നല്ലൊരു നാടകം കാണാൻ സാധിച്ച ധനുമാസ പുലരിയിൽ കൂടെ വന്ന വി ടി വി മോഹൻ മാഷിനും നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു . 

സ്നേഹത്തോടെ ,
ഷനിൽ ചെറുതാഴം





loading...