വിവരണം കൃഷി


കപ്പ(മരച്ചീനി)ചരിതം 

Reporter: pilathara.com

കപ്പ(മരച്ചീനി)ചരിതം 
--------------------------------


മലയാളിയുടെ ഭക്ഷണസമ്പ്രദായത്തിലെ അഭിഭാജ്യഘടകമാണല്ലോ കപ്പ(cassava) എന്ന മരച്ചീനി .അതിന്റെ ചരിത്രത്തിലേക്കൊന്ന് എത്തിനോക്കിയാലോ? 

വളരെക്കാലം മുമ്പ് തന്നെ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ ആദിമജനതയുടെ ഭക്ഷണശീലത്തിന്റെ ഭാഗമായിരുന്നു manihot esculenta എന്ന ശാസ്ത്രനാമമുള്ള കപ്പ .ആദ്യം കാട്ടുകിഴങ്ങെന്ന രീതിയിലും പിന്നീട് കാർഷികവിഭവം എന്ന രീതിയിലും മാനിയോക്ക എന്നവർ വിളിച്ചിരുന്ന കപ്പ ഭക്ഷ്യവസ്തുവായും മദ്യനിർമ്മാണത്തിനായും അവര്‍ ഉപയോഗിച്ചിരുന്നു  .

ബ്രസീലിലെ ആദിമജനതയായ റ്റൂപികൾ (Tupi people )മാനിയോക്ക (manioca) എന്ന് കപ്പയെ വിളിച്ചിരുന്നതിനു പിന്നില്‍ ഒരു എെതീഹ്യം കൂടിയുണ്ട് .ആ കഥ ഇങ്ങനെയാണ് ഒരിക്കല്‍ ഒരു റ്റുപി വനിതയുടെ കുട്ടി കടുത്തപട്ടിണി മൂലം മരണമടഞ്ഞു .നിസ്സഹായയായ  ആ അമ്മ കുഞ്ഞിനെ തന്റെ കുടിലിന് മുന്നില്‍ തന്നെ അടക്കം ചെയ്തു .അന്നുരാത്രി മാനി (mani)എന്ന് പേരായ വനദേവത ആ അമ്മയെ സന്ദർശിച്ച് ആശ്വസിപ്പിച്ചു . ഇനിയുമൊരു പട്ടിണി മരണമുണ്ടാവാതിരിക്കാൻ ആ കുട്ടിയുടെ മൃതദ്ദേഹം ഒരു ചെടിയുടെ വേരാക്കി (കിഴങ്ങ്) മാറ്റി .റ്റുപികൾ ആ കിഴങ്ങിനെ മാനിയോക്ക എന്നു വിളിച്ചു മറ്റുചിലർ യൂക്ക(yuca) എന്നും പേരിട്ട് വിളിച്ചു .നമ്മൾ അതിനെ കപ്പ എന്നു വിളിക്കുന്നു .

 തെക്കേ അമേരിക്കയിലെത്തിയ പോർച്ചുഗീസുകാർക്ക് ആദ്യം കപ്പയെക്കുറിച്ച് വലിയ മതിപ്പൊന്നുമില്ലായിരുന്നു  എന്നാല്‍ പിന്നീടവർ ആഫ്രിക്കയില്‍ നിന്നും പിടിച്ചുകൊണ്ടുവരുന്ന അടിമകൾക്കു ഭക്ഷണമെന്ന രീതിയില്‍ കപ്പ ഉപയോഗപ്പെടുത്താൻ തുടങ്ങി .കൂടാതെ ആഫ്രിക്കയില്‍ ഇത് കൃഷിചെയ്യാൻ അവിടുത്തെ ജനങ്ങളെ നിർബന്ധിക്കുകയും ചെയ്തു .ഏഷ്യന്‍ ജനതയ്ക്ക് അരിയെന്നപോലെ യൂറോപ്യന്മാർക്ക് ചോളം പോലെ കപ്പ ഇന്ന് ആഫ്രിക്കന്‍ ജനതയുടെ പ്രിയഭക്ഷണമാണ് .ഒരുപക്ഷേ കപ്പ ഇല്ലായിരുന്നെങ്കില്‍ ആഫ്രിക്കയിലെ പട്ടിണി മരണങ്ങൾ പതിന്മടങ്ങാകുമായിരുന്നു .ഉഷ്ണമേഖല ,സമശീതോഷ്ണമേഖലാ പ്രദേശങ്ങളില്‍ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന കപ്പ ഇന്ന് ഏറ്റവും കൂടുതല്‍ കയറ്റിയയ്ക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളാണ് പ്രത്യേകിച്ചും നൈജീരിയ .വരണ്ടകാലാവസ്ഥയിൽ  പോലും വളരുന്നതുകൊണ്ട് സബ്സഹാറൻ ആഫ്രിക്കയുടെ പ്രിയപ്പെട്ട വിളയായി ഇത് മാറിയിരിക്കുന്നു .

ആഫ്രിക്കയിലെന്ന പോലെ ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും കപ്പയെ പരിചയപ്പെടുത്തിയത് പറങ്കികൾ തന്നെയായിരുന്നു. സ്വാഭാവികമായും മലയാളികളെ ആദ്യമായി കപ്പ തീറ്റിച്ചതും പോർച്ചുഗീസുകാരാണ് .പക്ഷെ കപ്പ മലയാളിയുടെ പ്രിയ ഭക്ഷണമാകാൻ കാരണക്കാരൻ തിരുവിതാംകൂറിലെ രാജാവായിരുന്ന  വിശാഖംതിരുന്നാളായിരുന്നു .1880 ൽ തിരുവിതാംകൂറിലുണ്ടായ ക്ഷാമം തെക്കേഅമേരിക്കക്കാരുടേയും ആഫ്രിക്കക്കാരുടേയും പ്രിയഭക്ഷണമായ കപ്പയെ ഇവിടെ  പ്രചാരത്തിലാക്കേണ്ട ആവശ്യകത അദ്ദേഹത്തിന് ബോദ്ധ്യപ്പെടുത്തി .പ്രജാമനസ്സറിയുന്ന രാജാവായിരുന്ന അദ്ദേഹം മലയായിൽ നിന്നും മേൽത്തരം കപ്പത്തൈകൾ വരുത്തി കൊട്ടാരംവക നാലഞ്ചേക്കറിൽ കൃഷി ചെയ്തിട്ട് താന്‍ പരീക്ഷണർത്ഥം കൃഷി ചെയ്തിരിക്കുന്ന വിളയുടെ ഗുണഗണങ്ങൾ കൊട്ടിഘോഷിച്ചുകൊണ്ടും ഇൗ വിള ആരെങ്കിലും മോഷ്ടിച്ചാൽ അവർക്ക് കനത്ത ശിക്ഷ നൽകുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടും വിളംബരം നടത്തി .തിരുവിതാംകൂറുകാരോടാണോ കളി? അവര്‍ രാജാവിന്റെ ഭീഷണി കാര്യമായെടുത്തു താമസിയാതെ കൊട്ടാരംവക സ്ഥലത്തെ കപ്പച്ചെടികൾ അപ്രത്യക്ഷമാകാൻ തുടങ്ങി. അധികം വൈകാതെ രാജാവിന്റെ കൃഷിയിടത്തിലെ അവസാനത്തെ തൈയ്യും പ്രജകൾ മോഷ്ടിച്ചുകൊണ്ട് പോയി .കാര്യങ്ങള്‍ താന്‍ വിചാരിച്ചതുപോലെ നടന്നു എന്നു മനസ്സിലാക്കിയ  രാജാവ് തന്റെ ഭീഷണി പിൻവലിച്ചുകൊണ്ട് മറ്റൊരു വിളംബരം ഇറക്കി മോഷ്ടിച്ചുകൊണ്ടുപോയി കപ്പ കൃഷി ചെയ്യുന്നവര്‍ ശിക്ഷ ഭയപ്പെടേണ്ടതില്ല എന്ന് ജനങ്ങളെ അറിയിച്ചു ഒപ്പം കപ്പ തൊലികളഞ്ഞ് രണ്ടുപ്രാവശ്യം തിളപ്പിച്ച് ഉൗറ്റിയതിനുശേഷമേ ഭക്ഷിക്കാവൂ  എന്നും അല്ലെങ്കില്‍ പച്ചക്കപ്പയിലും കപ്പച്ചെടിയുടെ ഇലകളിലും ഉള്ള  സയനോജനിക് ഗ്ളൈക്കോസൈഡസ് (cyanogenic glucosides)  ഉൾക്കൊള്ളുന്ന  ലിനാമാരിൻ എന്ന വിഷപദാർത്ഥം ജീവഹാനിവരെ ഉണ്ടാക്കുമെന്നും  ജനങ്ങളെ ഉപദേശിച്ചു  .

കപ്പയിൽ കയ്പ്പിന്റെ അളവ് കൂടുംതോറും linamarinന്റെ അളവും കൂടും ,മധുരമുള്ള കപ്പയിൽ ലിനാമാരിന്റെ അളവ് കുറവായിരിക്കും .ഒരു കിലോ മധുരക്കപ്പയിൽ(sweet cassava ) നിന്നും 20mg സയനൈഡ് ഉത്പ്പാദിപ്പിക്കാൻ സാധിക്കുമത്രേ .ഒരു കിലോ കയ്പ്പുള്ള കപ്പയിൽ (bitter cassava ) നിന്നും ഒരു ഗ്രാം സയനൈഡ് നിർമ്മിക്കാനും സാധിക്കും .ഒരു പശുവിനെ കൊല്ലാന്‍ ഒരു ഡോസ് സയനൈഡ് മതി .

 വിശാഖംതിരുന്നാൾ പ്രചരിപ്പിച്ചെങ്കിലും കപ്പ തിരുവിതാംകൂറുകാരുടെ ആവേശമാകാൻ രണ്ടാം ലോകമഹായുദ്ധം വരെ കാത്തിരിക്കേണ്ടിവന്നു .തിരുവിതാംകൂറിൽ ആവശ്യഘട്ടങ്ങളിൽ അരി ഇറക്കുമതി ചെയ്തിരുന്നത് ബർമ്മയിൽ നിന്നായിരുന്നു .രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്‍ ബർമ്മ വരെ എത്തിയതോടെ തിരുവിതാംകൂറിലേക്കുള്ള അരി വരവ് നിലച്ചു. അത്യാവശ്യം വന്നപ്പോള്‍ ജനങ്ങള്‍ കപ്പയെ ഒാർക്കുകയും വ്യാപകമായ രീതിയില്‍ കപ്പ കൃഷി ചെയ്യുകയും ഭക്ഷിക്കുകയും ചെയ്തു .മലബാറുകാർക്ക് കപ്പയെ നേരത്തെ പരിചയമുണ്ടെങ്കിലും തിരുവിതാംകൂറിൽ നിന്നും വടക്കോട്ടു പോയ കുടിയേറ്റകർഷകരാണ് കപ്പകൃഷി അവിടെ വ്യാപകമാക്കിയത് .

രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് അമേരിക്കയില്‍ നിന്നും ,സിംഗപ്പൂരിൽ നിന്നും മറ്റും എത്തിക്കൊണ്ടിരുന്ന  ചോളമാവിന്റെ  വരവ് നിലച്ചപ്പോഴാണ് മലയാളികള്‍ തിന്നു  തീർക്കുന്ന കപ്പയിൽ നിന്നും സ്റ്റാർച്ചും (tapioca)ചൗവ്വരിയും (sago) ഉൽപ്പാദിപ്പിക്കുന്നതിനെക്കുറിച്ച് ഉണക്ക മീന്‍ കച്ചവടക്കാരനായിരുന്ന  മാണിക്കം ചെട്ടിയാര്‍ എന്ന തമിഴന്‍  ആലോചിച്ചത് .മലയായിൽ നിന്നെത്തിയ പോപ്പത് ലാൽ .ജി.ഷാ എന്നയാള്‍ കപ്പയിൽ നിന്നും മാവും  ചൗവ്വരിയും ഉണ്ടാക്കുന്ന വിദ്യ ചെട്ടിയാരെ പഠിപ്പിച്ചു .പ്രാകൃതമായി ഉൽപ്പാദിപ്പിക്കുന്നതിനാൽ ദിനംപ്രതി 200കിലോയിലേറെ ഉത്പ്പാദിപ്പിക്കാൻ അദ്ദേഹത്തിനായില്ല .ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചപ്പോൾ ചെട്ടിയാർ ഉത്പ്പാദനം വർദ്ധിപ്പിക്കാനായി വെങ്കിടാചലഗൗണ്ടർ എന്ന മെക്കാനിക്കിന്റെ സഹായം തേടി .ഗൗണ്ടർ നിർമ്മിച്ച യന്ത്രം ഉപയോഗിച്ച് ചെട്ടിയാര്‍ ദൈനദിന ഉത്പ്പാദനം 2500കിലോ ആയി വർദ്ധിപ്പിച്ചു .ഇന്ന് തമിഴ്നാട്ടിൽ ഹൈവേ68ലൂടെ സഞ്ചരിക്കുകയാണെങ്കിൽ തലൈവാസലിനും ആറ്റൂരിനും ഇടയില്‍ നിരവധി ചൗവ്വരി( sago) നിർമ്മാണ ഫാക്ടറികൾ തലയുയർത്തി നില്‍ക്കുന്നത് കാണാം .

Tapioca എന്ന കപ്പപ്പൊടി അഥവാ കപ്പമാവ് പലതരം ബിസ്ക്കറ്റുകളും ബ്രഡ്ഡുകളും നിർമ്മിക്കാനും ഡെസ്സേർട്ടുകളും മറ്റും കുറുക്കുവാനും ഉപയോഗിക്കുന്നതു കൂടാതെ മദ്ധ്യപ്രദേശ്,ബംഗാൾ,ഗുജറാത്ത് തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ചൗവ്വരികൊണ്ടുണ്ടാക്കുന്ന പപ്പടം ,ചിവ്ടവട,ഉപ്പ്മാവ് തുടങ്ങിയവ ഉപയോഗിക്കാറുണ്ട്. . മദ്യനിർമ്മാണത്തിനായും തുണി നിർമ്മാണ രംഗത്തും ,ദ്രാവക ഗ്ളൂക്കോസ് നിർമ്മിക്കാനും കപ്പ സ്റ്റാർച്ച് ഉപയോഗപ്പെടുത്തുന്നുണ്ട്  .

 കപ്പ പുഴുങ്ങിയും ,ചുട്ടും ,എണ്ണയില്‍ വറുത്തും, കുഴമ്പുരൂപത്തിലാക്കിയും ,പുളിപ്പിച്ചെടുത്തും, മാവാക്കിയും വിവിധ നാട്ടുകാര്‍ വൈവിദ്ധ്യമാർന്ന വിഭവങ്ങളുണ്ടാക്കി ഭക്ഷിക്കുന്നു .ഹെയ്തിക്കാർ കപ്പമാവുകൊണ്ട് റൊട്ടിയുണ്ടാക്കി പാലോ, പീനട്ട് ബട്ടറോ പുരട്ടി കഴിക്കുന്നു.കപ്പ ചീകിയെടുത്ത് മുട്ടയും ബട്ടറും പഞ്ചസാരയും അടുക്കടുക്കായി ചുട്ടെടുത്ത് ഇടയില്‍ പന്നിയിറച്ചിയോ കോഴിയിറച്ചിയോ നിറച്ച് ഒാവനിൽ കയറ്റി ബേക്കുചെയ്തെടുക്കുന്ന കപ്പപ്പൈ (cassava pie) .ബർമുഡക്കാർ ക്രിസ്മസിനുണ്ടാക്കുന്ന വിശേഷ ഭക്ഷണമാണത്രേ . കപ്പയും ഉപ്പിലിട്ട മീനും സുരിനാംകാർക്ക് വലിയ ഇഷ്ടമാണ് . ചിരകിയ തേങ്ങയും  പുഴുങ്ങിയ കപ്പയും ചേർത്ത് കഴിക്കാനിഷ്ടപ്പെടുന്നത്  ഫിലിപ്പൈൻകാരും ശ്രീലങ്കക്കാരുമാണ് . ചൈനയിലെ ഗ്വാൻചി (Guanxi) പ്രവിശ്യക്കാർ വലിയ കപ്പ പ്രിയരാണ് .വിയറ്റ്നാംകാർ ഉത്പ്പാദിപ്പിക്കുന്ന കപ്പ തിന്നു തീർക്കുന്നത് ഇവരാണ് കൂടാതെ ചൈനാക്കാർ മദ്യം നിർമ്മിക്കാനും എത്തനോൾ ഉണ്ടാക്കാനും കപ്പ ഉപയോഗപ്പെടുത്തുന്നുണ്ട് .ഗാപ്ലെക്ക് (gaplek)എന്ന ജാവക്കാർ വിളിക്കുന്ന ഉണക്ക കപ്പ  ഭക്ഷിക്കുന്നതാണ് അവിടുത്തെ ജനങ്ങളുടെ ആരോഗ്യരഹസ്യം.കപ്പച്ചെടി ഉണക്കി കാലിതീറ്റ നിർമ്മാണം നടത്തുന്നുണ്ട് .ഇങ്ങനെ കപ്പയുടെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല .

Vineesh Peariya ഭീമൻ കപ്പയും ആയി കൃഷിത്തോട്ടത്തിൽ.


loading...