വിവരണം ഓര്‍മ്മചെപ്പ്


" ഇങ്ക ഞവരക്കിഴി പണ്ണിത്തരുമാ സാർ? "

Reporter: Dr.Madhu P.M , HOD Pariyaram Ayurveda college.

" ഇങ്ക ഞവരക്കിഴി പണ്ണിത്തരുമാ സാർ? "

ആയുർവേദ കോളേജ് ഒ.പിയിലെത്തിയ അയാൾ ആദ്യം ചോദിച്ചത് അതാണ്..
മണിവേൽ... കോയമ്പത്തൂർ സ്വദേശി. 24 വയസ്സ് പ്രായം. കിണറുപണിക്കിടെ വീണ് നട്ടെല്ല് പൊട്ടി അരക്കു കീഴ്പോട്ട് തളർന്നു പോയതാണ്. അലോപ്പതി ആശുപത്രികളിലെ ചികിത്സകൾക്ക് ശേഷം കാര്യമായ പുരോഗതി കാണാഞ്ഞ്, ആരോ പരിചയക്കാർ പറഞ്ഞറിഞ്ഞ് ആയുർവേദ ചികിത്സക്കായി കേരളത്തിലെത്തി. പയ്യന്നൂരടുത്തുള്ള ഒരു മർമ്മ ചികിത്സാലയത്തിലാണ് എത്തിപ്പെട്ടത്. ഒരു സ്ത്രീയാണ് ചികിത്സക . ശരിയാക്കിക്കൊടുക്കാമെന്ന് ഗ്യാരണ്ടിയും പറഞ്ഞു. ഉഴിച്ചിലും പിഴിച്ചിലും മരുന്നുകളുമൊക്കെയായി അവിടെത്തന്നെ താമസമാക്കി. ഒരു മാസത്തോളം ചികിത്സ തുടർന്നപ്പോൾ ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം  ചെലവായി. ഒരു മാറ്റവും കണ്ടില്ലെന്നു മാത്രമല്ല, പിൻഭാഗത്ത് വലിയൊരു വ്രണവും രൂപപ്പെട്ടു... നട്ടെല്ലു വരെ കാണാം... പനിയുണ്ട്.
ചോദിച്ചപ്പോൾ  ചികിത്സക  പറഞ്ഞുവത്രേ... " ഇത് നല്ല ലക്ഷണമാണ് ശരിയായി വരുന്നതിന്റെ... പക്ഷേ ഒരു ഞവരക്കിഴി കൂടി വേണ്ടിവരും "

മുപ്പതിനായിരം രൂപയാണ് ചെലവു വരിക. ആ തുക കൈയ്യിലില്ലാത്തതു കൊണ്ട് ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് വന്നതാണ്.. ഗവ.കോളേജിൽ നിന്ന് ഞവരക്കിഴി സൗജന്യമായി ലഭ്യമാകാൻ...
...................................................
വായിച്ചിട്ട് എന്തെങ്കിലും തോന്നുന്നുണ്ടോ?

ഏറ്റവും കൂടുതൽ സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന കേരളീയർക്കിടയിലാണ് മർമ്മ ചികിത്സയെന്ന പേരും പറഞ്ഞ് യാതൊരു യോഗ്യതയുമില്ലാത്തവർ രോഗികളെ ചൂഷണം ചെയ്യുന്നത്. എന്നിട്ട് പേരുദോഷം ആയുർവേദത്തിനും.

പല പല രോഗങ്ങൾ താൻ ചികിത്സിച്ചു മാറ്റിയിട്ടുണ്ടെന്ന് നിരന്തരം വീമ്പടിച്ച് രോഗികളെ വലയിലാക്കാനിവർക്ക് അസാമാന്യ കഴിവാണ്. അധികം കുഴപ്പമില്ലാത്ത ചില ചതവ് കേസുകളിൽ രോഗിയോട്  " എല്ല് പൊട്ടിയിട്ടുണ്ട്‌.... പക്ഷേ ഞാൻ കെട്ടി ശരിയാക്കിത്തരാം" എന്ന ആ മുഖത്തോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്... 

ശരീരത്തെക്കുറിച്ചോ ആന്തരികാവയവങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത, എങ്ങനെയോ കുറച്ച് കേസുകളിൽ യാദൃശ്ചികമായി എന്തോ ചെയ്ത് ഗുണം കണ്ടപ്പോൾ അതിൽപ്പിടിച്ച് ജീവിത മാർഗ്ഗം കണ്ടെത്തുന്ന ഇത്തരം ശിക്കാരി ശംഭുമാരെ തിരിച്ചറിയാൻ ഇനിയും വൈകരുത്.

മേൽപ്പറഞ്ഞ ചികിത്സക പയ്യന്നൂർ, എടാട്ട്, ഏഴിലോട്, പിലാത്തറ ഭാഗങ്ങളിൽ വർഷങ്ങളായി ബോർഡ് മാറ്റി മാറ്റി വെച്ച് ചികിത്സ തുടരുകയാണ്... ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല എങ്കിലും ഇത്തരം അധാർമ്മിക നടപടികൾ പ്രോത്സാഹിപ്പിക്കാൻ കൂട്ടുനിൽക്കരുത് നമ്മൾ.


ഇത്രയുമടുത്ത് ഒരു ഗവ. ആയുർവേദ കോളേജ് മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോൾ വ്യാജ ചികിത്സകർക്ക് തലവെച്ചു കൊടുക്കുന്നവർ ഒന്ന് പരിയാരം വരെ വരൂ ...
 

 

ശരിയായ ആയുർവേദം എന്തെന്ന് കണ്ടറിഞ്ഞ് മനസ്സിലാക്കാൻ.... ആയുർ എക്സ്പോ - 2018 ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് 2 ദിവസം കൂടി നീട്ടിയിരിക്കുന്നു.( January 13 TO 21 )




loading...