വാര്‍ത്താ വിവരണം

കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളജിനു കിരീടം

5 March 2018
Reporter: Shuhail Chattiol
സർവകലാശാല കലോത്സവത്തിൽ പതിനേഴാമത് കിരീടം ചൂടിയ പയ്യന്നൂർ കോളേജ് ടീം.

 

പയ്യന്നൂർ : കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പതിനേഴാമത് കിരീടം ചൂടി പയ്യന്നൂർ കോേളജ്. സർകലാശാലയുടെ ചരിത്രത്തിൽ മൂന്നുവട്ടംമാത്രം കൈവിട്ട കിരീടം ഇക്കുറി എല്ലാ ആധികാരികതയോടെയുമാണ് പയ്യന്നൂർ കൈയ്യടക്കിയത്. ഒരിനത്തിന്റെ മാത്രം ഫലം പ്രഖ്യാപിക്കാനിരിക്കെ 240 പോയിന്റുകളോടെയാണ് കിരീടമുറപ്പിച്ചത്. 184 പോയിന്റോടെ ആതിഥേയരായ കണ്ണൂർ ശ്രീനാരായണ കോേളജാണ് രണ്ടാംസ്ഥാനത്ത്. 159 പോയിന്റുള്ള കാഞ്ഞങ്ങാട് നെഹ്റു കോളേജ് തൊട്ടുപിന്നിലുണ്ട്. 144 പോയിന്റുള്ള തലശേരി ഗവ. ബ്രണ്ണൻ കോളേജ് നാലാംസ്ഥാനത്താണ്. 

കോളേജ് യൂണിയൻ നിലവിലില്ലാതെയാണ് ഇക്കുറി പയ്യന്നൂർ  കോളേജ് കലോത്സവത്തിന് സജ്ജമായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് യൂണിയൻ നിലവിൽ വന്നിരുന്നില്ല. എസ്എഫ്ഐയും പിടിഎയും ചേർന്നാണ് കലോത്സവത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 

സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സി പി ഷിജു അധ്യക്ഷനായി. സംവിധായകൻ ആഷിക് അബു, ഇന്ത്യൻ ഫുട്ബോൾ താരവും എസ്എൻ കോളേജിലെ മുൻ ജനറൽ ക്യാപ്റ്റനുമായ സി കെ. വിനീത് എന്നിവർ മുഖ്യാതിഥികളായി. 

സമൂഹം കൂടുതൽ ഇടുങ്ങിയതാവുമ്പോൾ യുവതലമുറയിൽ മാത്രമാണ് പ്രതീക്ഷയെന്ന് ആഷിക് അബു പറഞ്ഞു. എല്ലാ അതിർവരമ്പുകളേയും അപ്രസക്തമാക്കി മനുഷ്യനെ ഒന്നിപ്പിക്കാനുള്ള കഴിവ് കലയ്ക്കും കായികമേഖലയ്ക്കുമുണ്ടെന്നും ആഷിക് അബു പറഞ്ഞു. ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സർവകലാശാല രജിസ്ട്രാർ ബാലചന്ദ്രൻ കീഴോത്ത്, എസ്എൻ കോളേജ് പ്രിൻസിപ്പൽ ശിവദാസൻ തിരുമംഗലത്ത്, സെനറ്റ് അംഗം എ നിശാന്ത്, പത്മനാഭൻ കാവുമ്പായി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എന്നിവർ സംസാരിച്ചു. ഇ കെ മുഹമ്മദ് സിറാജ് സ്വാഗതം പറഞ്ഞു.



whatsapp
Tags:
loading...