കല്യാശ്ശേരി വാര്‍ത്താ വിവരണം

കല്യശ്ശേരി മണ്ഡലം സമഗ്ര കൈപ്പാട് കൃഷി പദ്ധതി

27 June 2018
Reporter: pilathara.com

കൈപ്പട് കർഷകർക്ക്  സ്വന്തമായുള്ള ഒരു ഹെക്ടര്‍  വരെ  സ്ഥലവിസ്തീര്‍ണ്ണമുള്ള   കണ്ടലുള്ള സ്ഥലത്ത് കണ്ടൽ നീക്കം ചെയ്ത് നെൽകൃഷി ചെയ്യുന്നതിന് വനം വകുപ്പിന്റെ  അനുമതി ആവശ്യമില്ലെന്ന് തിരുവനന്തപുരത്ത് കൃഷിമന്ത്രി വി എസ് സുനിൽ കുമാറിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനം വകുപ്പ് അധികൃതർ അറിയിച്ചു.  ഒരു ഹെക്ടറിന് മുകളില്‍ വരുന്ന കയ്പാടു കൃഷിക്കാരുടെ കണ്ടലുള്ള കൈവശ ഭൂമി കൃഷിയോഗ്യമാക്കുന്നതിന് അനുമതി നല്‍കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതാണ്.            കല്യാശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കൈപ്പാട് കൃഷി പദ്ധതിയുമായി  ബന്ധപ്പെട്ട്  ടി.വി രാജേഷ് എം.എൽ.എ യുടെ ആവശ്യ പ്രകാരമാണ്   മന്ത്രി ഉന്നതതല യോഗം വിളിച്ചത്.   യന്ത്രവത്കരണം ഇതുവരെയും സാധ്യമായിട്ടില്ലാത്ത കൈപ്പട് കൃഷിയുടെ ആവശ്യത്തിനായി ചതുപ്പ് കുറവുള്ള സ്ഥലങ്ങളിൽ വിത്തിടുന്നതിനും കൂനയെടുക്കുന്നതിനുമായി ട്രാക്ടറും അതിന് ഘടിപ്പിക്കേണ്ട റിഡ്ജറും  പദ്ധതി നടപ്പിലാക്കുന്ന ഏഴോം, പട്ടുവം, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തിലേക്കും ഭാരം കുറഞ്ഞ കംബയിണ്ട് ഹാര്‍വെസ്റ്റര്‍ കല്യാശേരി ബ്ലോക്ക് ആഗ്രോ സർവീസ് സെന്ററിലേക്കും വാങ്ങുന്നതിനായി കൃഷി വകുപ്പിനെ ചുമതലപ്പെടുത്തി. ഓരോ പഞ്ചായത്തിലും 8 പേർ അടങ്ങുന്ന കർഷകരുടെ ഗ്രൂപ്പിന് കാർഷിക യന്ത്രം വാങ്ങുന്നതിന് നൂറ് ശതമാനം സബ്സിഡി  അനുവദിക്കും. എല്ലാ തരം കൈപ്പാടിലേക്കും  സ്ഥലം പരിശോധിച്ച്  യോജിച്ച   യന്ത്രങ്ങൾ കണ്ടെത്തുന്നതിനായി തവനൂര്‍ എഞ്ചിനീയറിംഗു  കോളേജിലെ  എഞ്ചിനീയറിംഗു വിഭാഗത്തെ ചുമതലപ്പെടുത്തി. മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി സംഭരിക്കുന്ന കൈപ്പാട് നെല്ല്, ചെറുതാഴം പഞ്ചായത്തിലെ റൈസ് മില്ലിൽ വെച്ച് അരിയുണ്ടാക്കുന്നതിനും, പ്രസ്തുത മില്ലിന് സമീപത്തായി സൊസൈറ്റിക്കായി ഒരു പേക്കിംഗ് യൂണിറ്റ് ആരംഭിക്കാനും തീരുമാനിച്ചു. ഭൗമ സൂചിക പദവി ലഭിച്ച കൈപ്പാട് അരി ഹോർട്ടികോർപ്പ്, ഇക്കോ ഷോപ്പ് വഴി നഗരങ്ങളില്‍  വിതരണം ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും.   തരിശായി കിടക്കുന്ന കയ്പാടു  മേഖലയിൽ കുടുതൽ കൃഷി ചെയ്യുന്നതിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ നൂതന പ്രൊജക്ടിന് അംഗികാരം ലഭ്യമാക്കുന്നതിന് കോ.ഓർഡിനേഷൻ കമ്മിറ്റിയുമായി ബന്ധപ്പെടുവാൻ കൃഷി വകുപ്പ് ഡയറക്ടറെ യോഗം  ചുമതലപ്പെടുത്തി.  കേരള ലാന്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ വഴി നടപ്പിലാക്കുന്ന നബാർഡ് സഹായത്തോടെയുള്ള 10 കോടി രൂപയുടെ പ്രവൃത്തികളുടെ പഞ്ചായത്തുതല അവലോകന യോഗം ജൂലായ് 15നകം നടത്തുവാൻ കെ എല്‍. ഡി സി മാനേജിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തി. അടുത്ത വർഷം മുതൽ കുടുതൽ കൈപ്പാട് കൃഷി ചെയ്യുന്നതിന്ന് ആവശ്യമുള്ള വിത്ത് പ്രത്യേകമായി  മലബാർ കൈപ്പാട് സൊസൈറ്റി മുഖാന്തിരം സമഹരിക്കാൻ ജില്ല കൃഷി ഓഫീസറെയും ചുമതലപ്പെടുത്തി. യോഗത്തിൽ എം.എല്‍.എ യെ കൂടാതെ  ഡോ.പി.കെ.ജയശ്രീ ( ഡയറക്ടർ കൃഷി വകുപ്പ്), ഡോ.ടി.വനജ, (അഗ്രികൾച്ചർ യൂണിവേഴ്സിറ്റി) പി.എസ് .രാജീവ്‌  (എം.ഡി, കെ.എല്‍..ഡി സി ),ആദർശ്  ( എ സി എഫ്, വനം വകുപ്പ്)  ടി. ലത (പ്രസിഡന്റ്, തളിപറമ്പ ബ്ലോക്ക് പഞ്ചായത്ത്), പഞ്ചായത്ത് പ്രസിഡന്റുമാരായ ആനക്കീൽ ചന്ദ്രൻ (പട്ടുവം), ഡി.വിമല ( ഏഴോം), പി.കെ.അസൻ കുഞ്ഞി മാസ്റ്റർ (ചെറുകുന്ന്), കെ.വി രാമകൃഷ്ണൻ (കണ്ണപുരം) കെ.പി കമലാക്ഷി ( കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി),  കൈപ്പാട് സൊസൈറ്റി ഭാരവാഹികളായ കെ.സുകുമാരൻ, നാരായണൻ പുഷ്പകുമാരി (അഡി.ഡയറക്ടർ), സുനിൽ (ഡെപ്യൂട്ടി ഡയറക്ടർ), ശ്രീകല (അസി.ഡയറക്ടർ),  മറിയം ജേക്കബ് (പ്രിൻസിപ്പാല്‍  കൃഷി ഓഫീസർ, കണ്ണൂർ),  സുരേന്ദ്രൻ (അസി.ഡയറക്ടർ, കല്യാശേരി ബ്ലോക്ക്) ഉമേഷ് (അസി.ഡയറക്ടർ,  തളിപറമ്പ ബ്ലോക്ക്)  മോഹനൻ (അസി.എക്സി.എഞ്ചിനീയർ, കൃഷി വകുപ്പ്) കൃഷി ഓഫീസര്‍മാരായ ബേബി റീന പി. കെ (കണ്ണപുരം),പ്രീത പട്ടുവം) രാഖി(ചെറുകുന്ന്),സതീഷ്(എഴോം) എന്നിവർ പങ്കെടുത്തു.
loading...