വാര്‍ത്താ വിവരണം

ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

14 March 2018
ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് - ആദരാജ്ഞലികള്‍

ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. 

കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ ബാധിതനായിരുന്നുവെങ്കിലും ചക്രക്കസേരയില്‍ സഞ്ചരിച്ച് ശാസ്ത്രത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.  കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസര്‍ പദവി വഹിച്ചിരുന്നു.

1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. 17 ാം വയസില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. 1963 ല്‍ 21 ാം  വയസില്‍ കേംബ്രിഡ്ജില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകുന്ന 'മോട്ടോര്‍ ന്യൂറോണ്‍ രോഗ'(എം.എന്‍.ഡി)ത്തിന്റെ പിടിയിലായത്.  വൈദ്യശാസ്ത്രത്തെ വിസ്മയിച്ചുകൊണ്ടാണ് അദ്ദേഹം 76 വയസ്സുവരെ ജീവിച്ചത്. ശരീരത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ട അദ്ദേഹത്തിന് അന്ന് ഡോക്ടര്‍മാര്‍ വിധിച്ചത് പരമാവധി ഒന്നോ രണ്ടോ വര്‍ഷത്തെ ജീവിതമാണ്. ആ പ്രവചനമെല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് ഹോക്കിങ് 76 ലെത്തിയത്.

രോഗം മൂര്‍ച്ഛിച്ച അന്നുമുതല്‍ ചക്രക്കസേരയില്‍ ചലനശേഷിയില്ലാത്ത ശരീരവുമായി കഴിഞ്ഞ ഹോക്കിങ് പക്ഷേ, ലോകത്തെ ഏറ്റവും ചലനാത്മകമായ മനസിനുടമയായിരുന്നു. ഹോക്കിങ്ങിന് എണീറ്റുനില്‍ക്കാന്‍ കഴിയില്ലെങ്കിലും, അദ്ദേഹം മുന്നോട്ടുവെച്ച പല ഭൗതീകശാസ്ത്രസിദ്ധാന്തങ്ങളും ശാസ്ത്രത്തെ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കി. ഇന്നും നിഗൂഢ പൂര്‍ണമായി മാറിയിട്ടില്ലാത്ത തമോഗര്‍ത്തങ്ങളുടെ (ബ്ലാക്‌ഹോളുകള്‍) രഹസ്യം അനാവരണം ചെയ്യുന്നതിലാണ് ഹോക്കിങ് ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത്.

ഒരു കോടി കോപ്പികള്‍ വിറ്റഴിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഹോക്കിങിന്റെ പ്രധാന പുസ്തകമാണ്. ദ യൂണിവേഴ്‌സ് ഇന്‍ എ നട്ട്‌ഷെല്‍, ദ ഗ്രാന്‍ഡ് ഡിസൈന്‍, ബ്ലാക്ക് ഹോള്‍സ് ആന്‍ഡ് ബേബി യൂണിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റിജേഴ്‌സ് എന്നിവ മറ്റ് പ്രധാന രചനകളാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി 2014 ല്‍ ദ തിയറി ഓഫ് എവരിതിങ് എന്ന പേരില്‍ സിനിമയും ഇറങ്ങിയിരുന്നു.Tags:
loading...