വിവരണം ഓര്‍മ്മചെപ്പ്


ഓർമയിലെ കയ്യാലകൾ


കയ്യാലകൾ

 പാതയിക്കര നമ്പൂതിരിമാരെ കുറിച്ചൊരു കഥയുണ്ട്.അമാനുഷിക കായിക ശേഷിയുള്ളവരായിരുന്നു,ഏട്ടൻ നമ്പൂതിരിയും അനിയൻ നമ്പൂതിരിയും.ഒരു ദിവസം ഏട്ടൻ നമ്പൂതിരി അമ്പലത്തിലേക്കുള്ള യാത്രയിൽ ഒരു ഇടവഴിയിൽ എത്തിച്ചേർന്നു.ഈ സമയം എതിർഭാഗത്ത് നിന്നും തടിച്ചു കൊഴുത്ത ഒരാനയും ആനയ്ക്ക് പിന്നിലായി അനിയൻ നമ്പൂതിരിയും വരുന്നുണ്ടായിരുന്നു.ആർക്കും വഴിമാറി കൊടുക്കുന്ന സ്വഭാവക്കാരല്ലായിരുന്നു ചേട്ടനും അനിയനും.മുന്നിൽ തടസ്സമായി വന്ന ആനയെ പിന്നോട്ട് നടത്തുവാനായി ഏട്ടൻ നമ്പൂതിരി മസ്തകത്തിൽ കൈ ചേർത്ത് തള്ളി.ഈ സമയം അനിയൻ പിന്നിൽ നിന്നും ആനയെ മുന്നോട്ടും തള്ളി .രണ്ടുപേരുടെയും ഇടയിൽ നീങ്ങാനാവാതെ ആന ഞെരുങ്ങി ചിന്നം വിളിച്ചു.പരസ്പരം കാണുന്നുണ്ടായിരുന്നില്ലെങ്കിലും കാര്യം മനസ്സിലാക്കിയ ഏട്ടൻ നമ്പൂതിരി വിളിച്ചു ചോദിച്ചു "അനിയനുണ്ടോ പിന്നിൽ?." "ഉണ്ട് എന്ന് ഉത്തരം."എന്നാൽ പിടിച്ചോ എന്നും പറഞ്ഞ് ഇരുവരും ചേർന്ന് ആനയെ കയ്യാലപ്പുറത്തേക്ക് മറിച്ചിട്ടു,പരസ്പരം കടന്നുപോയി എന്നതാണ് കഥ.

• ഇടവഴികളും കയ്യാലകളും അടുത്ത കാലം വരെ നാട്ടിൽ സാർവ്വത്രികമായിരുന്നു.മണ്ണുകൊണ്ടും കല്ലുകൾ കൊണ്ടും പടുത്ത കയ്യാലകൾ , വേലിച്ചെടികളാൽ നെറുകയിൽ പൂ ചൂടിയ കയ്യാലകൾ ,ഓലമേഞ്ഞ കയ്യാലകൾ ,ചാണകം മെഴുകിയ കയ്യാലകൾ ,ഇല്ലിമുള്ളുകൾ കൊണ്ടുള്ള അരവേലികൾ ചൂടിയ കയ്യാലകൾ തുടങ്ങി,ദേശവ്യത്യാസമനുസരിച്ച് പലതരം കയ്യാലകൾ പറമ്പുകൾക്കതിരിട്ട് കോട്ടകൾ പോലെ വീടുകളും വിളകളും കാത്തുരക്ഷിച്ചു.

• മൺകയ്യാലകൾ പണിയുന്നതിൽ മിടുക്കനായ ഒരു കുഞ്ഞമ്പുവേട്ടനുണ്ടായിരുന്നു നാട്ടിൽ.കുറുകിയ ദേഹം,മുട്ടു മറയുന്ന കച്ചത്തോർത്തും കോളറും കുടുക്കുമില്ലാത്ത മുറിക്കൈയ്യൻ കുപ്പായവുമാണ് വേഷം.ബീഡി,തീപ്പെട്ടി,മുറുക്കാൻ പൊതികൾ ഒളിപ്പിച്ച തൊപ്പിപ്പാളയുണ്ടാവും എപ്പോഴും തലയിൽ.മണ്ണറിഞ്ഞ് ,മണ്ണിൻറെ ചെരിവറിഞ്ഞ് ,ഉടയോൻറെ മനസ്സറിഞ്ഞ് കുഞ്ഞമ്പുവേട്ടൻ കയ്യാലകൾ പണിതു. ഇരുഭാഗത്തു നിന്നും മണ്ണു കിളച്ചുകൂട്ടി ചവിട്ടിയും മൺവെട്ടി കൊണ്ടിടിച്ചും ഓലമടൽകൊണ്ടിടിച്ചും ഉറപ്പിക്കുന്ന കയ്യാലയിൽ നിരയൊപ്പിച്ച് കുഞ്ഞമ്പുവേട്ടൻറെ കാൽപാടുകളും ഓലമടൽപാടുകളും പതിഞ്ഞുകിടപ്പുണ്ടാവും.മേമ്പൊടിയായി ഉച്ചുളി (കാക്കത്തോട്) പതിപ്പിച്ച് വിവിധരൂപങ്ങളും ചിത്രപ്പണികളും കൂടി ചെയ്ത്കഴിയുമ്പോൾ കയ്യാലയൊരു കലാസൃഷ്ടിയായിട്ടുണ്ടാവും.കയ്യാലയുടെ നെറുകയിൽ മുണ്ടയോ കള്ളിച്ചെടിയോ വേലിച്ചെടികളോ അകലമൊപ്പിച്ച് നട്ടുപിടിപ്പിക്കുന്ന പതിവുണ്ട്.

• മഴ പെയ്ത് മണ്ണുകുതിർന്നാൽ കയ്യാലയിൽ നട്ടതും താനേ മുളച്ചതുമായി പലതരം ചെടികൾ കിളിർത്തുവരും.തുമ്പയും മുയൽച്ചെവിയും മുത്തങ്ങയും മണിത്തുമ്പയും നിലനാരകവും നിലവേപ്പും നിലംപരണ്ടയും വേലിച്ചെടികളും പേരറിയാപുല്ലുകളും വളർന്നുമുറ്റി കയ്യാലയെ മൂടും.ഉച്ചയൂണിന് ഉപായത്തിലൊരു ഇലക്കറിയുണ്ടാക്കാനൊരുങ്ങുന്ന വീട്ടമ്മയുടെ കൈകൾ നീളുന്നത് കയ്യാലയുടെ പച്ചപ്പിലേക്കായിരിക്കും.തകരയിലക്കറി,തോട്ടച്ചീരക്കറി,തെഴുതായ്മയിലക്കറി,ഐവർകോവയിലയും,വേളയിലയും,കുറിച്ചച്ചുളിയിലയും ചേർത്തൊരു കോക്ടെയിൽ ഇലക്കറി .പഴിച്ചത്തിൻറെ തളിരില കനലിൽ ചുട്ടരച്ച ചമ്മന്തി,താളിയിലയും പഴിച്ചവും കാന്താരിമുളകും ചേർത്ത് ഉച്ചകഞ്ഞിക്കൊരു കൊതിയൂറും കറി .ഇങ്ങനെ കയ്യാലയുടെ പങ്കാളിത്തത്തിൽ ഒരുക്കിയിരുന്ന റസിപ്പികൾ പലതരം.ഇടിവെട്ടി മഴപെയ്തു കഴിഞ്ഞാൽ കയ്യാലയിൽ നീളെ പലതരം കൂണുകൾ മുളച്ചുവരും.പടക്കൂണും,അരിക്കൂണും,പന്നിക്കൂണും കൊണ്ടുള്ള കൊതിപെരുകും കറികളായിരിക്കും അന്ന് വീട്ടിലും അയൽക്കാർക്കും.കയ്യാലയിൽ നിന്ന് ശേഖരിക്കുന്ന ചെമ്പരത്തിയിലയും തിരുതാളിയും കുറുന്തോട്ടിയുമൊക്കെയായിരുന്നു അമ്മയുടെയും ചേച്ചിയുടെയും മുടിയഴകിൻറെ രഹസ്യം.

• നാരായണൻ വൈദ്യരുടെ തറിമരുന്ന് കടയിലേക്ക് ഔഷധച്ചെടികളും വേരുകളും മറ്റും തേടി പുള്ളുവൻ കണ്ണേട്ടൻ എത്തുന്നത് കയ്യാലയിലേക്കായിരിക്കും.തേച്ചിവേരും പുത്തിരിച്ചുണ്ടയും കുറുന്തോട്ടിയും പ്രസാരണിയും വിഷ്ണുക്രാന്തിയും പാൽമുതുക്കും മറ്റും കൊണ്ട് കണ്ണേട്ടൻറെ ചാക്കും മനസ്സും നിറയാൻ അധികനേരം വേണ്ടിവരില്ല.അച്ഛന് ചില ചികിത്സകളും ഒറ്റമൂലിപ്രയോഗങ്ങളുമുണ്ടായിരുന്നു ഇതിലേക്കാവശ്യമായ ഇലകളും മറ്റും ശേഖരിച്ചിരുന്നത് കയ്യാലയിൽ നിന്നായിരുന്നു.തിരണ്ടിമീനിൻറെ മുള്ളുകൊണ്ടാൽ പാവട്ടയില,കടന്നൽ കുത്തിയാൽ കരിംതകരയില, തേൾവിഷത്തിന് ഉറിതൂക്കിവേര് ,മാറാവ്രണത്തിന് നാഗമുല്ല ,വയറിളക്കത്തിന് മുഞ്ഞയും,മുത്തങ്ങയും ,ചുമയ്ക്ക് ആടലോടകം,കണ്ണ് വേദനക്ക് മുക്കുറ്റി,പരുവിനു മുയൽചെവി തുടങ്ങി ,കയ്യാലയുടെ കൂട്ടായ്മയിൽ രൂപപ്പെട്ട പ്രയോഗങ്ങൾ പലതുമുണ്ടായിരുന്നു.

• പഞ്ഞക്കർക്കിടം പാതികഴിഞ്ഞാൽ സമൃദ്ധിയുടെ സൂചകമായി നിറ വരും.ആദ്യം വിരിയുന്ന നെൽക്കതിരിനെ ശ്രീഭഗവതിയായി സങ്കൽപ്പിച്ച് അമ്പലങ്ങളിലും വീട്ടുപകരണങ്ങളിലും ഫലവൃക്ഷങ്ങളിലും തൊഴുത്തിലും മറ്റും കെട്ടിവെക്കുന്ന പതിവുണ്ട്.ഇതിലേക്ക് ആവശ്യമായ എരുവള്ളിയും പൊലുവള്ളിയും വെള്ളിലയും വട്ടപ്പലവുമൊക്കെ കയ്യാലയിൽ തന്നെ സുലഭമായുണ്ടാവും.പിന്നാലെയെത്തുന്ന ഓണക്കാലത്ത് മുക്കുറ്റിയും തുമ്പപ്പൂവും,ഓണപ്പൂവും മഞ്ഞക്കോളാമ്പിയും കൊങ്ങിണിപ്പൂവും തെച്ചിപ്പൂവും ചിരവപ്പൂവും കൃഷ്ണകിരീടവും കൊണ്ട് പൂക്കണിയൊരുക്കി കയ്യാല പൂക്കുടകളുമായെത്തുന്ന പൈതങ്ങളെ വരവേല്ക്കും .ഈ നേരം ഇശ്വരമുല്ലയിലും എരുക്കിലും പാണലിലും മറ്റും വിരിഞ്ഞിറങ്ങിയ പൂമ്പാറ്റകൾ വർണ്ണചിറകടിച്ച് തത്തിപ്പറന്ന് തേൻ നുകരുന്നുണ്ടാകും .

• ഓണം കഴിഞ്ഞാൽ പിന്നെ കൊയ്ത്തുകാലമാണ്.കയ്യാലയിൽ കാവൽനിൽക്കുന്ന മുണ്ടയുടെ കൈ (ഓല )അറുത്തെടുത്ത് മാംസള ഭാഗം നീക്കിയാൽ ലഭിക്കുന്ന വെളുത്ത നാരുകൾക്ക് പട്ടിൻറെ മിനുപ്പും നല്ല ബലവുമുണ്ടാകും.മുണ്ടനാരുകൾകൊണ്ട് പിരിച്ചെടുക്കുന്ന കറ്റകയർകൊണ്ട് കതിർകറ്റകൾ വലിയ കെട്ടുകളാക്കി ചുമന്നാണ് മെതിക്കളത്തിൽ എത്തിച്ചിരുന്നത്.നൈലോൺ,പ്ലാസ്റ്റിക് കയറുകൾ വ്യാപകമാകുന്നതിന് മുമ്പേ മുണ്ടക്കയറായിരുന്നു മീൻവലകളിൽ ഉപയോഗിച്ചിരുന്നത്.കെട്ടിടങ്ങളിൽ വെള്ള പൂശുന്ന "നൂറുകുമാരന്മാർ" ബ്രഷ് നിർമ്മിച്ചിരുന്നതും മുണ്ടക്കൈ കൊണ്ടാണ്.

• തുലാപ്പത്ത് കഴിഞ്ഞാൽ മഴ തുടങ്ങുന്നതുവരെ ഉത്തരകേരളത്തിൽ തെയ്യക്കാലമാണ്.കാവുകളിലും മച്ചകങ്ങളിലും വിശ്രമത്തിലായിരുന്ന പരദേവതമാരും തമ്പുരാട്ടിമാരും ഊഴമനുസരിച്ച് അരങ്ങിലേക്കിറങ്ങി വരും.ഭഗവതിയും കുട്ടിച്ചാത്തനും ഗുളികനും ചാമുണ്ടിയും കതിവനൂർ വീരനുമൊക്കെ വർണ്ണ രൂപവൈവിധ്യമാർന്ന തിരുമുടികളും (കിരീടം)ആടയാഭരണങ്ങളും കാൽച്ചിലമ്പുമണിഞ്ഞ് അറഞ്ഞറഞ്ഞു മുറുകുന്ന ചെണ്ടകളുടെ താളത്തിൽ ഉറഞ്ഞാടും .തെയ്യങ്ങളുടെ കേശഭാരവും കുറുമീശയും താടിയുമൊക്കെ നിർമ്മിച്ചിരിക്കുന്നത് മുണ്ടനാരുകൊണ്ടാണ് .മെയ്ക്കോപ്പുകൾ കണ്ണിചേർക്കാനും മുണ്ടനാര് തന്നെ വേണം.തെയ്യങ്ങളുടെ മുടിയിൽ നിറച്ചാർത്തണിയിക്കുന്ന പൂക്കളിൽ മിക്കതും കയ്യാലയുടെ സംഭാവനയായിരിക്കും.പല രൂപത്തിലും വലുപ്പത്തിലുമുള്ള ഉറികൾ അടുത്തകാലം വരെ നമ്മുടെ വീട്ടകങ്ങൾക്ക് അലങ്കാരമായിരുന്നു.മീൻകറി പൂച്ച കൊണ്ടുപോകാതെയും പലഹാരം പിള്ളേർ കട്ടുതിന്നാതെയും വിത്തുകൾ ഉറുമ്പരിച്ചു പോകാതെയും ഉത്തരത്തിൽ തൂങ്ങിക്കിടക്കുന്ന ഉറികൾ കാത്തു.മുണ്ടനാരാണ് ഉറി നിർമ്മാണത്തിനുള്ള അസംസ്കൃതവസ്തു.മുണ്ടകൾക്കാവട്ടെ കയ്യാലയല്ലാതെ വളരാൻ മറ്റൊരിടമില്ല.

• തൊഴുത്തിൽ ക്ഷമയറ്റു കഴിയുന്ന പൂവാലിപ്പശു കയറൊന്നയഞ്ഞു കിട്ടിയാൽ നേരെ വെച്ചുപിടിക്കുന്നത് കയ്യാലയിലേക്കായിരിക്കും.വളർന്നുപടർന്ന പുല്ലുകൾ ഒറ്റ മൂച്ചിന് അകത്താക്കിയതിന് ശേഷമേ അവൾ അമ്മയുടെ പിൻവിളിക്ക് കാതു കൊടുത്തിരുന്നുള്ളു .കാള പൂട്ടുന്ന ഗോപാലൻ ചേട്ടനും കാളവണ്ടിക്കാരൻ അന്ത്രുമാനിക്കയും നൊച്ചികോൽ അന്വേഷിച്ചെത്തിയിരുന്നത് കയ്യാലയിലേക്കാണ്.നെച്ചിക്കാട് കനലിൽ പുകയ്ക്കുന്നതായിരുന്നു പ്രധാന കൊതുകുനിവാരണ മാർഗ്ഗം .മഴക്കാലത്തേക്ക് പാചകത്തിനുള്ള വിറകായ ചാണകവർളികൾ ഉണക്കിയെടുത്തിരുന്നത് കയ്യാലയിൽ പതിച്ചാണ്.

• കയ്യാലയിലെ നീരൂലിപ്പൊന്തയിൽ നിന്നും സന്ധ്യാനേരത്ത് പാമ്പിൻറെ വായ്നാറ്റം പരക്കും .ഉള്ളിൽ ഭയമുണ്ടായിരുന്നെങ്കിലും കുട്ടിക്കാലത്ത് ഞങ്ങളുടെ ഇഷ്ടകളിയിടമായിരുന്നു കയ്യാല.കള്ളനും പോലീസും സാറ്റും കളിക്കാനും തുമ്പിയെ പിടിക്കാനും കയ്യാല കഴിഞ്ഞേ മറ്റിടമുണ്ടായിരുന്നുള്ളു.ചോറും കറിയും വെക്കാൻ ഇലകളും പൂക്കളും നൊട്ടിനുണയാൻ തെച്ചിപ്പഴവും ആകാശമുട്ടയും മുട്ടായിക്കായയും കനിഞ്ഞേകി കയ്യാല ചങ്ങാത്തമുറപ്പിക്കും.കണ്ണിലിറ്റിക്കാൻ കുളിരാർന്ന പുല്ലെണ്ണ (വള്ളിപ്പുല്ലിൻറെ വേരിൽ തങ്ങി നിൽക്കുന്ന ദ്രാവകം) തന്ന് അവാച്യമായ അനുഭൂതി പകരും .കടലാവണക്കിൻറെ ഇലകൾ അടർത്തി സ്ഫടിക ഗോളങ്ങൾ ഊതിപ്പറത്തുന്നത് ഞങ്ങളുടെ പ്രധാന വിനോദമായിരുന്നു.എരിക്കിൻ പൂക്കൾ മേലോട്ടെറിഞ്ഞ് കമിഴ്ന്നതും മലർന്നതും നോക്കി കൂട്ടുകാരന് കടം വെക്കുക,മുയൽചെവിയുടെ പൂവിനകത്ത് കാക്കയോ കൊക്കോ എന്ന് പ്രവചിക്കുക തുടങ്ങീ കയ്യാലയുടെ പങ്കാളിത്തത്തിൽ അരങ്ങേറുന്ന ബാലകേളികൾ പലതുമുണ്ടായിരുന്നു.സ്കൂൾ ഓർമ്മകളിൽ നിറം ചാർത്തുന്ന മഷിത്തണ്ടും മഷിക്കായും ചേരിക്കൊട്ടയും ഇലമുളച്ചിയും കള്ളിപ്പൂവുകളും വർണ്ണത്തൂവലുകളുമൊക്കെ കയ്യാലക്കനിവുകൾ തന്നെ.

• മണ്ണടരുകളിലെ ജീവജാലിക 

• കയ്യാലയുടെ പണി പൂർത്തിയാക്കി കുഞ്ഞമ്പുവേട്ടൻ സ്ഥലം വിടേണ്ട താമസം,ഈ പുതിയ വീട്ടിലേക്ക് പുതിയ താമസക്കാരെത്തുകയായി.കുഞ്ഞുറുമ്പുകൾ മുതൽ കുറുക്കന്മാർ വരെയുണ്ടാവും.കയ്യാലയെന്ന നെടുംപുരയിൽ പൊറുതിക്കിടം തേടുന്നവരിൽ.സ്ഥിരതാമസത്തിനെത്തുന്നവർ ,തല്ക്കാലത്തേക്ക് വഴിയമ്പലം തേടുന്നവർ,കുഞ്ഞുങ്ങളെ പെറ്റു പോറ്റുവാൻ സുരക്ഷിതമായൊരിടം തേടുന്നവർ,ഇര തേടുവാനെത്തുന്നവർ,കെണിയൊരുക്കി ഇരയെ വീഴ്ത്തുവാനെത്തുന്നവർ,ശത്രുക്കളിൽ നിന്നും അഭയം തേടുന്നവർ,വേനല്ക്കാലത്തേക്ക് ഉറക്കറ തേടുന്നവർ തുടങ്ങി,കയ്യാലയിൽ എത്തുന്ന ജീവികളിൽ പലതരക്കാർ ഉണ്ടാവും.

• ആദ്യമെത്തുന്ന കട്ടുറുമ്പും ചോണോനും പാമ്പനുറുമ്പുമൊക്കെ കയ്യാലയിൽ ഓരോ ഭാഗത്ത് ചെറുമാളങ്ങൾ തീർത്ത് പൊറുതി തുടങ്ങും.അങ്ങേ മൂലയിൽ നനവുള്ള ഭാഗത്ത് കണ്ടുകണ്ടിരിക്കെ ചിതൽപുറ്റിൻറെ മിനാരങ്ങൾ ഉയർന്നു വരും.ഈ സമയം ചില്ലകളിലും മണ്ണിലും വല കെട്ടിയും അല്ലാതെയും പലതരം ചിലന്തികൾ വേട്ട തുടങ്ങിയിട്ടുണ്ടാവും.ചിലന്തികളെയും പുഴുക്കളേയും പിടികൂടി വലിച്ചും ചുമന്നും കൂട്ടിലെത്തിക്കാൻ പിന്നാലെ കടന്നലുകൾ പറന്നുവരും.ചില കൂട്ടർ കയ്യാല തുരന്ന് അതിനകത്ത് തന്നെ മുട്ടയിടും.കയ്യാലച്ചെരുവിൽ തീർത്ത കുഴികളിലേക്ക് കാലിടറി വീഴുന്ന ഉറുമ്പകളേയും കാത്ത് കുഴിയാനകൾ അന്തരാളത്തിൽ മറഞ്ഞിരിപ്പുണ്ടാവും.മണ്ണടരുകളിൽ മണ്ടിനടക്കുന്ന മണ്ണട്ട ഓർക്കാപ്പുറത്താവും ഒളിഞ്ഞിരിക്കുന്ന കരിംതേളിൻറെ പെരുകാലുകളിൽ അകപ്പെടുക .ഓന്തിനും അരണയ്ക്കും ഉടുമ്പിനും കുഞ്ഞുങ്ങളെ വിരിയിക്കാനും ഇരതേടുവാനുമുള്ള ഇടമാണ് കയ്യാല.ആമയും ഒച്ചും തേരട്ടയും കോട്ടിപ്പുഴുവും കയ്യാലയിലെത്തുന്നത് മഴ പെയ്ത് മണ്ണ് കുളിരുന്നത് വരെയുള്ള ഗ്രീഷ്മനിദ്രയ്ക്കാണ്.കയ്യാലയിൽ പലവഴികളും അറകളുമുള്ള മാളം കുഴിച്ച് കുടിയേറിയ പെരുച്ചാഴി കുടുംബത്തിലേക്ക് ക്ഷേമാന്വേഷണത്തിനായി ഒരു നാൾ ചേരപ്പാമ്പ് പുളഞ്ഞിഴഞ്ഞെത്തും.മൂഷിക കുടുംബത്തിന് ഒന്നടങ്കം മോക്ഷം നൽകി "ഞാനൊന്നുമറിഞ്ഞില്ലേ"എന്നാ ഭാവത്തിൽ ഇഴഞ്ഞുപോകുന്ന ചേരപ്പാമ്പ് ചെന്നെത്തുന്നത് രണ്ടുദിവസമായി പട്ടിണിയിലായിരുന്ന ചെങ്കണ്ണൻ കീരിയുടെ മുന്നിലേക്കായിരിക്കും.

• വേലിത്തത്തയും മീൻകൊത്തിയും മുട്ടയിടാറായാൽ കയ്യാലയിലേക്ക് പറന്നെത്തും.പുതുതായി പൊത്തുണ്ടാക്കി മുട്ടയിട്ട് കുഞ്ഞുങ്ങൾ വിരിഞ്ഞ് പറക്കമുറ്റുന്നതു വരെയുള്ള ഇടത്താവളമാണ് ഈ പറവകൾക്ക് കയ്യാല.കയ്യാലയുടെ ഹരിതസമൃദ്ധിയിൽ വിരിയുന്ന പൂക്കളിൽ തേൻ നുകരാനും കനികൾ ഉണ്ണുവാനും പുഴുക്കളേയും പ്രാണികളെയും കൊക്കിലൊതുക്കുവാനും വിരുന്നെത്തുന്ന കിളികളുടെ കൂട്ടത്തിൽ സൂചിമുഖിയും തുന്നാരനും വണ്ണാത്തിക്കിളിയും മൈനയും കുട്ടുറുവനും ഓലേഞ്ഞാലിയും പച്ചക്കിളിയും മഞ്ഞക്കിളിയും ചെമ്പോത്തുമൊക്കെയുണ്ടാവും.ഇവർക്ക് അകമ്പടിയായി അണ്ണാറക്കണ്ണനുമെത്തും.പച്ചോലപ്പാമ്പും വില്ലൂന്നിയും മണ്ണൂലിയും ഇരുതലമൂരിയുമാണ് കയ്യാലയിൽ ഇരതേടാനെത്തുന്ന പന്നഗങ്ങളിൽ പ്രധാനികൾ.

• വേനലറുതിയിൽ പെയ്തിറങ്ങുന്ന പുതുമഴയിൽ ഉയർന്നുപരക്കുന്ന പുതുമണ്ണിൻറെ മണത്തോടൊപ്പം ചിതൽപുറ്റിൽ നിന്നും മഴപ്പാറ്റകൾ കൂട്ടത്തോടെ പറന്നുയരും .പറവകൾക്കും അണ്ണാനും വവ്വാലിനും പറവക്കുഞ്ഞുങ്ങൾക്കും നിറവയർ സദ്യ നൽകി മഴപ്പാറ്റകൾ ഒടുങ്ങും.ശേഷിച്ചവ പുതിയ കൂടൊരുക്കി പൊറുതി തുടങ്ങും.മഴ കനക്കുന്നതോടെ നീണ്ടകാലം മണ്ണിനടിയിൽ തപസ്സിലായിരുന്ന ചീവീടുകൾ പുത്തൻ ചിറകുകളുമായി പുറത്തു വന്ന് പാട്ടു കച്ചേരി തുടങ്ങും.ചന്നംപിന്നം പെയ്യുന്ന മഴയിൽ മിന്നാമിനുങ്ങുകളുടെ വെട്ടത്തിൽ വിളങ്ങുന്ന കയ്യാല ഭേകസംഗീതം കൊണ്ട് മുഖരിതമായിരിക്കും.

• ഞങ്ങളുടെ വീട്ടുപറമ്പിൻറെ കയ്യാലയിലെ മാളത്തിൽ വർഷം തോറും മുടങ്ങാതെ വന്ന് കുഞ്ഞുങ്ങളെ പെറ്റ് പോറ്റിയിരുന്ന ജംബൂക ദമ്പതികളുണ്ടായിരുന്നു.ധനു,മകരമാസങ്ങളിൽ വന്നെത്തുന്ന കുറുക്കനും കുറുക്കത്തിയും മാളത്തിൻറെ കേടുപാടുകൾ തീർത്ത് താമസം തുടങ്ങും.പകൽ മുഴുവൻ മാളത്തിൽ കഴിയുന്നവ രണ്ടും ഇരുൾ പരന്നു കഴിഞ്ഞാൽ പതുക്കെ പുറത്തുവരും.മൂരിനിവർന്ന് പരിസരമൊക്കെയൊന്ന് നിരീക്ഷിച്ചതിന് ശേഷം ആൺകുറുക്കൻ നീട്ടിയൊന്ന് കൂവും.കുറുക്കത്തിയുടനെ കണവന് മറുകൂക്ക് കൂവും.ഇതുകേൾക്കേണ്ട താമസം അയൽപ്പക്കത്തുള്ള പട്ടികളും അകലെയുള്ള കുറുക്കന്മാരുമൊക്കെ വലിയ വായിൽ ഓലിയിട്ടു തുടങ്ങും . ആരോഹണാവരോഹണങ്ങളിലൂടെ നാടാകെ മാറ്റൊലികൊള്ളുന്ന ഈ സംഘഗാനമൊന്നടങ്ങിയാൽ രണ്ടുപേരും ഇരതേടിയിറങ്ങും.വീടുകളുടെ പിന്നാമ്പുറത്തൂടെ ,കോഴിക്കൂടുകൾക്കരികിലൂടെ,അറവുശാലയുടെ സമീപത്തുകൂടെ ,തോട്ടിറമ്പിലൂടെ ,വയൽവരമ്പിലൂടെ യാത്ര പുഴയോരത്തുള്ള കൈതക്കാട്ടിൽ അവസാനിക്കുമ്പോൾ രണ്ടിൻറെയും പള്ള ബലൂൺ പോലെ നിറഞ്ഞുവീർത്തിട്ടുണ്ടാവും .മാളത്തിലേക്ക് മടങ്ങുന്നതിന് മുമ്പേ വീണ്ടുമൊരു കൂവലും മറുകൂവലുകളുമുയരും.നേരം പരപരാ വെളുക്കുമ്പോൾ രണ്ടും മാളത്തിൽ തിരിച്ചെത്തിക്കഴിഞ്ഞിരിക്കും.അക്കാലങ്ങളിൽ കുറുക്കനായിരിക്കും രാവിലത്തെ കണി .കുഞ്ഞുങ്ങൾ പിറന്നുകഴിഞ്ഞാൽ കുറുക്കനും കുറുക്കത്തിയും ഊഴമിട്ട് പകൽ നേരത്തും ഇരതേടിയിറങ്ങും.പറമ്പിൽ ചിക്കിച്ചികഞ്ഞു നടന്നിരുന്ന പിടകളെയും അയൽവീട്ടിലെ കുറിഞ്ഞിയുടെ അടുക്കൽ സംബന്ധത്തിന് പോകാറുള്ള പാണ്ടൻപൂച്ചയേയും ദുരൂഹസാഹചര്യത്തിൽ കാണാതാവുന്നതാണ്. ഇക്കാലത്താണ് അടുത്ത വീട്ടിലെ ജൂലിപ്പട്ടിയുടെ കുഞ്ഞുങ്ങളിൽ ഒന്നിനെയും തട്ടിയെടുത്തിട്ടുണ്ട് ഈ കുറുക്കദമ്പതിമാർ..മുതിരുന്ന മുറയ്ക്ക് ഇരതേടിയിറങ്ങുന്ന അച്ഛനമ്മമാരുടെ കൂടെ പോകാൻ ചില കുട്ടികുറുക്കന്മാർ വാശിപിടിച്ചിറങ്ങും.വികൃതികളെ ശാസിച്ചടക്കി ഇരതേടിപ്പോകുന്ന മാതാപിതാക്കൾ മടങ്ങിവരുന്നതുവരെ കുട്ടികൾ മാളത്തിന് പുറത്ത് കടികൂടുകയും കെട്ടിമറിഞ്ഞും നേരും പോക്കും.കുറുക്കനും കുറുക്കത്തിയും തിരിച്ചെത്തിയാൽ പിന്നെ സന്തോഷത്തിൻറെ തിരയിളക്കമായിരിക്കും .കുഞ്ഞുങ്ങൾ വളർന്ന് തനിക്ക് താൻ പോരുന്നവരായി കഴിഞ്ഞാൽ ഒരുനാൾ ജംബുക കുടുംബം വിടപറഞ്ഞുപിരിയും. മുറ തെറ്റാതെയുയരുന്ന കൂവലുകളിലൂടെ തങ്ങൾ ഇവിടെയൊക്കെ തന്നെയുണ്ടെന്ന് അവ ഓർമ്മപ്പെടുത്തും .രണ്ടുകൊല്ലമായി പേറ്ററ തേടി കയ്യാലയിലെത്തിയിട്ട് മുറ തെറ്റാതെ നാഴിക മണിയുടെ മണിനാദം പോലെ മുഴങ്ങിയിരുന്ന അവയുടെ യാമശംഖൊലികളും ഈയിടെയായി കേൾക്കാറില്ല .സൗകര്യപ്രദമായ ഇടംതേടി പോയതാവാം .അഥവാ ............?.

• പുല്ലിനും പുൽച്ചാടിക്കും പുഴുവിനും പൂമ്പാറ്റക്കും പാമ്പിനും പറവകൾക്കും ഉറുമ്പിനും ഉടുമ്പിനും കീരിക്കും കുറുക്കനുമൊക്കെ ആലയമായിരുന്നു.കയ്യാലകൾ .ഇരകളും ഇരപിടിയന്മാരും കൊന്നും തിന്നും കൊണ്ടും കൊടുത്തും ഒടുങ്ങിയും പിന്നെയും പെരുകിയും നീളുന്ന ജീവൻറെ ജാലികയിലെ ചെറുതും വലുതുമായ കണ്ണികൾക്ക് അഭയവും ആശ്രയവുമായിരുന്നു കയ്യാലകൾ .വിപുലവും വൈവിധ്യപൂർണ്ണമായ കയ്യാലയെന്ന ആവാസവ്യവസ്ഥയെ യന്ത്രകൈ കൊണ്ട് തുടച്ചുമാറ്റി.അവിടെ കോൺക്രീറ്റ് മതിൽ പണിത്,മുകളിൽ കുപ്പിച്ചില്ലുകൾ പതിച്ച് ജീവനാശിനിയായ പെയിന്റടിച്ച് ,കറുപ്പിനെ വെളുപ്പിക്കാനും വെളുത്തതിനെ കറുപ്പിക്കാനും മെലിഞ്ഞവനെ തടിപ്പിക്കാനും തടിയനെ മെലിയിക്കാനും വൃദ്ധനെ യുവാവാക്കാനും കാക്കയെ കൊക്കാകാനുമൊക്കെയുള്ള മാന്ത്രികാസൂത്രങ്ങളുടെ പരസ്യമെഴുതിവെച്ച് പൂപ്പിനും പായലിനും ജീവനീതിക്ക് തന്നെയും എന്നന്നേക്കും വിടചൊല്ലി സായൂജ്യമടയുന്നു നമ്മൾ.





loading...