വിവരണം കൃഷി


രുചിയിൽ കേമൻ വേങ്ങേരി വഴുതന

Reporter: PILATHARA.COM
വിറ്റാമിന് എ.യുടെയും കൊഴുപ്പിന്റെയും സ്റ്റാര്ച്ചിന്റെയും വിറ്റാമിന് സി., ഇ. എന്നിവയുടെയും കലവറയാണിത്. നടാം വളര്ത്താം നമുക്ക് വഴുതനങ്ങയെ.

വഴുതന കുടുംബത്തിലെ ഏറ്റവും നല്ല രുചിയുളളതും ,കമർപ്പ് ഇല്ലാത്തതുമായ തനി നാടൻ വഴുതനയാണ് വേങ്ങേരി വഴുതന

വേങ്ങേരി വഴുതനയെക്കുറിച്ച് ഒരു ചെറിയ വിവരണം 

 ഒരു അടുക്കളത്തോട്ടത്തിൽ ഇത് അത്യാവശ്യമാണ്. വേങ്ങേരിയുടെ സ്വന്തം പാമ്പ് വഴുതിന: അരമീറ്ററോളം വരുന്ന വഴുതിന; ഈ 'പാമ്പ് വഴുതിന' വേങ്ങേരിക്കാരുടെ സ്വന്തം.'വേങ്ങേരി വഴുതിന' കേരള കാർഷികസർവ്വകലാശാലയുടെ പ്രത്യേക പരിഗണനയുള്ള മുന്തിയ ഇനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ശരാശരി നീളം 44 സെ.മീറ്ററും വണ്ണം 12.5 സെ.മീറ്ററുമുള്ള കായകളില്നിന്ന് അഞ്ച് ഗ്രാം വരെ വിത്തും ലഭിക്കും. കടുംവയലറ്റ് നിറമുള്ള ഇതിന് ചവർപ്പു രസം കുറവാണെന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. താരതമ്യേന ഉയരക്കൂടുതലുള്ള ചെടിയെങ്കിലും മൂന്നുവര്ഷംവരെ വിളവെടുപ്പ് സാധ്യമാകുന്നതിനാല്‍ അടുക്കളത്തോട്ടത്തിലേക്ക് ഉചിതമാണ്. ഒരു സീസണില്‍ മാത്രം ചെടിയൊന്നിന് ശരാശരി 1.75 കി.ഗ്രാം ഉത്പാദനം ഉണ്ടാകും.

വഴുതനങ്ങ നമ്മള്‍ പണ്ടുമുതലേ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയ പച്ചക്കറിയിനമാണ്. സൊളാനേസീ സസ്യകുടുംബത്തിലെ അംഗമായ വഴുതനങ്ങയുടെ ജന്മദേശം ഇന്ത്യയാണ്. സൊളാനം മെലോന്‍ജിന (Solanam Melongena) എന്നാണ് ഇതിന്റെ ശാസ്ത്രനാമം.
ലോകത്ത് ആകെ ഉത്പാദിപ്പിക്കപ്പെടുന്ന വഴുതനങ്ങയുടെ 85 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് ഏഷ്യ വന്‍കരയിലാണ്. ഏറ്റവും വിളവിന്റെ തോതും ഇന്ത്യയിലാണ്. ഹെക്ടറിന് ആഗോളാടിസ്ഥാനത്തില്‍ 13-14 ടണ്‍ ആണെങ്കില്‍ ഇന്ത്യയില്‍ വഴുതനങ്ങയുടെ വിളവ് ഹെക്ടറിന് 20-22 ടണ്‍ ആണെന്നതാണ് കണക്ക്.

 

കാലാവസ്ഥ
തക്കാളിയുടെയും മുളകിന്റെയും കുടുംബത്തിലെ തലമുതിര്‍ന്ന അംഗമായ വഴുതനയ്ക്ക്‌ അനുയോജ്യം ഉഷ്ണമേഖലാ കാലാവസ്ഥയാണ്. 25 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ഊഷ്മാവാണ് അനുകൂലമായ താപനില. 15 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ കുറവാണ് അന്തരീക്ഷ ഊഷ്മാവെങ്കില്‍ വഴുതനങ്ങയുടെ വളര്‍ച്ചയെയും ഗുണത്തെയും ബാധിക്കും.
കേരളത്തിലെ വയല്‍ മേഖലയിലെ പശിമരാശി മണ്ണില്‍ വഴുതന നന്നായി വിളയും. ഇളകികിടക്കുന്ന നല്ല വളക്കൂറുള്ള മണ്ണാണ് എങ്കില്‍ വിളവ് കൂടും. മണ്ണിന്റെ അമ്ല-ക്ഷാര നില (പി.എച്ച്) 5.5 നും 6.5 നും ഇടയിലായിരിക്കണമെന്നത് പ്രധാനമാണ്. ഇല്ലെങ്കില്‍ വഴുതനയുടെ ഇല മുരടിച്ചുപോവുകയും മഞ്ഞളിപ്പ് രോഗം വേഗം ബാധിക്കുകയും ചെയ്യും.
വഴുതന ഇനങ്ങൾ
ഇംഗ്ലീഷില്‍ ബ്രിഞ്ചാള്‍ എന്നും എഗ്ഗ്പ്ലാന്റ് ന്നെും അറിയപ്പെടുന്ന വഴുതന, കായയുടെ വലുപ്പം, ആകൃതി, നിറം എന്നിങ്ങനെ ക്രമത്തില്‍ നിരവധി വ്യത്യാസങ്ങള്‍ കണ്ടുവരുന്നുണ്ട്. ഓരോ സ്ഥലത്തെയും പ്രാകൃതികമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച്, അവിടത്തെ അഭിരുചിക്കനുസരിച്ച് ഇനങ്ങള്‍ കാണാം.
കേരളത്തില്‍ വഴുതനങ്ങ കൃഷിയുടെ പ്രധാന വില്ലന്‍ ബാക്ടീരിയല്‍ വാട്ടമാണ്. ഇതിനെ പ്രതിരോധിക്കുന്നയിനങ്ങളാണ് ഇവിടെ കൃഷി ചെയ്യേണ്ടത്. ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കാന്‍ ശേഷിയുള്ളയിനങ്ങള്‍ ഇന്ത്യയിലെ വിവിധ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സൂര്യ, ശ്വേത, നീലിമ, ഹരിത, അര്‍ക്കനിധി, അര്‍ക്കനീലകണ്ഠ്, അര്‍ക്ക നവനീത്, ഗുലാബി, ശ്യാമള, ഭാഗ്യമതി എന്നിവയും നാം നേരത്തെ പ്രസ്താവിച്ച 'വേങ്ങേരി നീളന്‍' എന്നിവയുമാണ് പ്രധാനയിനങ്ങള്‍.
പൂസ പര്‍ള്‍പ്പിള്‍ ക്ലസ്റ്റര്‍, പുസ അന്‍മോള്‍ എന്നിവ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം പുറത്തിറക്കിയതാണ്. ഇതില്‍ പുസ അന്‍മോള്‍ സങ്കരയിനമാണ്. പുസ പര്‍പ്പിള്‍ ലോങ്, ഹൈദര്‍പുര്‍ എന്നിവയുടെ സങ്കരയിനമായ ഇതിന് പുസ പര്‍പ്പിള്‍ ലോങ് ഇനത്തെക്കാള്‍ 80 ശതമാനം അധിക വിളവ് നല്‍കുന്നു.
തമിഴ്‌നാട്ടിലെ അണ്ണാമലൈയില്‍ നിന്ന് ശേഖരിച്ച എസ്-6 എന്ന ശേഖരത്തില്‍ നിന്നുള്ള നിര്‍ധാരണം വഴി കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ബാക്ടീരിയ വാട്ടത്തിനെ ചെറുക്കാന്‍ ശേഷിയുള്ളയിനമാണ് 'സൂര്യ' അല്ലെങ്കില്‍ 'കേരസൂര്യ'യിനം. പര്‍പ്പിള്‍ നിറത്തിലുള്ള ഇതിന്റെ കായയ്ക്ക് ഉരുണ്ട ആകൃതിയാണ്. ഒരു കായയ്ക്ക് 50-75 ഗ്രാം തൂക്കം വരും. ഒരു ചെടിയില്‍ നിന്ന് ശരാശരി 1500 ഗ്രാം വരെ വിളവ് പ്രതീക്ഷിക്കാം.
ബാക്ടീരിയ വാട്ടത്തിനെ ചെറുക്കുന്ന മറ്റൊരിനമാണ് കേരള കാര്‍ഷിക സര്‍വകലാശാല ഹോര്‍ട്ടികള്‍ച്ചര്‍ കോളേജില്‍ നിന്ന് പുറത്തിറക്കിയ 'ശ്വേത'. പേരുപോലെ തന്നെ നല്ല വെള്ളനിറത്തില്‍ കുലകളായാണ് ഇതുണ്ടാകുന്നത്. ഇതിന്റെ കായകള്‍ ഇടത്തരം വലിപ്പത്തിലുള്ളതായിരിക്കും. ഇവയുടെ ചെടികള്‍ കുറിയതായി പടര്‍ന്നുവളരുന്നു. ഇതിന്റെ ശരാശരി വിളവ് ഹെക്ടറിന് 30-35 ടണ്ണാണ്.
ബാംഗ്ലൂരിലെ ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത 'അര്‍ക്ക നവനീത്' ഹെക്ടറിന് 60-80 ടണ്‍ വിളവുതരുന്ന മുന്തിയയിനമാണ്. പര്‍പ്പിള്‍ നിറത്തില്‍ 400-500 ഗ്രാം വരെ തൂക്കം വെക്കുന്ന വലിയ, ഉരുണ്ട കായകളാണ് ഇതിന്റെ പ്രത്യേകത.
ഇവയെക്കൂടാതെ നിരവധി സ്വകാര്യ ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ഒട്ടേറെയിനം സങ്കരയിനങ്ങള്‍ ഉണ്ട്. (ഇവയില്‍ ബി.ടി. വഴുതന ഒഴിവാക്കിയാല്‍) മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്‌സ് കമ്പനി വികസിപ്പിച്ച ഇരുണ്ട നീലനിറത്തില്‍ നീളമുള്ള കായകള്‍ എം.എച്ച്. 1, വണ്ണം കുറഞ്ഞ് പച്ചനിറത്തില്‍ നീണ്ട കായകള്‍ എം.എച്ച്. 2 എന്നിവയും. ബാംഗ്ലൂരിലെ ഇന്ത്യ- അമേരിക്കന്‍ ഹൈബ്രീഡ് സീഡ്‌സ് കമ്പനി സുഫല്‍ എന്ന സങ്കരയിനങ്ങള്‍ കുറെയുണ്ട്.

 

വഴുതന കൃഷിരീതി
വഴുതന വര്‍ഗ വിളകളായ തക്കാളി, പച്ചമുളക് എന്നിവയെപ്പോലെ തന്നെ തവാരണകളില്‍ മുളപ്പിച്ച് പറിച്ചു മാറ്റി നടുന്നതാണ് കൃഷി രീതി.
നന്നായി വെളിച്ചം ലഭിക്കുന്ന സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളിലാണ് തവാരണ തയ്യാറാക്കുന്നത്.
ഏകദേശം ഒരടി ഉയരത്തിലും രണ്ടോ മൂന്നോ അടി വ്യാസത്തിലുമുള്ള തവാരണകളാണ് തയ്യാറാക്കേണ്ടത്. നല്ല വളക്കൂറുള്ള മേല്‍മണ്ണും നന്നായി ഉണങ്ങിപ്പൊടിഞ്ഞ ചാണകവും കുറച്ച് വേപ്പിന്‍പിണ്ണാക്ക് പൊടിയും ചേര്‍ത്താകണം തവാരണ.
ഉണക്കിപ്പൊടിച്ച ചാണകത്തിന് പകരം ട്രൈക്കോഡര്‍മ ഉപയോഗിച്ച് പരിപോഷിപ്പിച്ച ചാണകപ്പൊടി ഉപയോഗിച്ചാല്‍ തൈകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താം. വിത്തുകള്‍ തവാരണകളില്‍ പാകിയ ശേഷം പച്ചോലയോ ചെറിയ പച്ചിലകളോ തവാരണകളുടെ മുകളില്‍ വിരിച്ചശേഷം ദിവസേന ഒരു നേരം പൊടിപൊടിയായി നനച്ചുകൊടുക്കണം.
വിത്ത് മുളച്ചുതുടങ്ങിയാല്‍ മുകളില്‍ വിരിച്ച പുത മാറ്റിക്കൊടുക്കണം. നിശ്ചിതമായ ഇടവേളകളില്‍ രണ്ടു ശതമാനം വീര്യത്തിലുള്ള സ്യൂഡോമോണസ് ഫ്‌ളൂറസെന്റ് ലായനി തളിച്ചുകൊടുക്കുന്നതും വളര്‍ച്ചയെ ത്വരിതമാക്കും. കൂടാതെ തൈകളുടെ പുഷ്ടി വര്‍ധിപ്പിക്കുന്നതിനും ഇതുപകരിക്കും. അല്ലെങ്കില്‍ നേര്‍പ്പിച്ച ചാണകപ്പാലോ ഗോമൂത്രമോ (പത്തിരട്ടിവെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചത്) ഇടവേളകളില്‍ തളിച്ചുകൊടുക്കുന്നതും നല്ലതാണ്.
നിലമൊരുക്കലും നടീലും
തൈകള്‍ പറിച്ച് മാറ്റി നടാന്‍ തയ്യാറാക്കുന്ന കൃഷിയിടം നന്നായി കിളച്ച് നിരപ്പാക്കണം. ഇളക്കിയിട്ട മണ്ണില്‍ തൈകള്‍ നടാന്‍ വാരമെടുക്കുന്നതിന് 15 ദിവസം മുമ്പേ സെന്റിന് അഞ്ച് കിലോ കുമ്മായം ചേര്‍ത്ത് കൊടുക്കണം. തൈകള്‍ നടുന്നതിന് നാലഞ്ച് ദിവസം മുമ്പ് ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടമായ ചാണകത്തില്‍ പി.ജി.പി.ആര്‍ 1 മിശ്രിതവുമായി ചേര്‍ത്തിളക്കി മണ്ണില്‍ കൂട്ടിക്കലര്‍ത്തി കൊടുക്കണം. ഇതാണ് അടിവളം.
തക്കാളിച്ചെടി നടുന്നതിലും അല്പം കൂടി അകലം അത്യാവശ്യമാണ്. തൈകള്‍ നടാനുള്ള തടങ്ങള്‍ നീളത്തിലോ വട്ടത്തിലോ തയ്യാറാക്കാം. മഴക്കാലത്ത് ആണ് കൃഷിയെങ്കില്‍ ഒരടി ഉയര്‍ത്തിയെടുക്കണം. മെയ്-ജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളാണ് തൈകള്‍ പറിച്ചുനടാന്‍ പറ്റിയ സമയം. മുക്കാല്‍ മീറ്റര്‍X60 സെ.മീ. ആണ് ഇടയകലം വേണ്ടത്. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് ഏകദേശം 375-500 ഗ്രാം വിത്താണ് വേണ്ടിവരിക.
മേൽവളങ്ങൾ
തവാരണകളില്‍ തൈകള്‍ പറിച്ചുനടുന്നതിന് മുമ്പ് നിലമൊരുക്കുമ്പോള്‍ കാലി വളമോ കമ്പോസ്റ്റോ അടിവളമായി ചേര്‍ക്കാം.
തവാരണകളില്‍ നിന്ന് തൈകള്‍ ഇളക്കിയെടുക്കുമ്പോള്‍ തവാരണകള്‍ നനച്ചുകൊടുക്കുന്നത് നല്ലതാണ്. തൈകള്‍ എളുപ്പം പറിഞ്ഞുപോരാനും വേരുകള്‍ പൊട്ടിപ്പോവാതിരിക്കാനും ഇതിനാല്‍ കഴിയും.
പറിച്ചെടുത്ത തൈകള്‍ തടങ്ങളില്‍ നടുന്നതിന് മുമ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണസ് കലക്കിയ ലായനിയില്‍ അല്പനേരം മുക്കിവെക്കുന്നത് നല്ലതാണ്. അടിവളമായി കാലിവളത്തിനുപകരം കോഴിക്കാഷ്ഠമോ പൊടിച്ച ആട്ടിന്‍കാഷ്ഠമോ ചേര്‍ത്തുകൊടുക്കാം. ചെടികള്‍ നട്ടുകഴിഞ്ഞതിന് ശേഷം പത്ത് ദിവസങ്ങളുടെ ഇടവേളകളില്‍ ജൈവ വളങ്ങള്‍ ചേര്‍ത്തുകൊടുക്കാം.
ചാണകം കലക്കിയ തെളിവെള്ളം 10 ലിറ്റര്‍ വെള്ളത്തില്‍ ഒരു ലിറ്റര്‍ ബയോഗ്യാസ് സ്ലറി ചേര്‍ത്തിളക്കിയത്. വെര്‍മി വാഷോ ഗോമൂത്രമോ ആണെങ്കില്‍ 8 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു മാത്രമേ ഒഴിക്കാന്‍ പാടുള്ളൂ. പത്ത് ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോ കടലപ്പിണ്ണാക്ക് കുതിര്‍ത്ത് കലക്കി അതില്‍ അല്പം ചാണകവെള്ളവും ചേര്‍ത്ത് നേര്‍പ്പിച്ചതും ഒഴിച്ചുകൊടുക്കാം. വേനല്‍ക്കാലത്ത് ഒന്നരാടാന്‍ നനച്ചുകൊടുക്കണം. തൈകള്‍ വളര്‍ന്നുമുറ്റിയാല്‍ ആവശ്യമാണെങ്കില്‍ താങ്ങുകൊടുക്കണം. പച്ചിലകളും ചകിരിച്ചോറും വൈക്കോലും (ഏതെങ്കിലുമൊന്ന്) പുതയിട്ടു കൊടുത്താല്‍ മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താം. സാധാരണ വഴുതിന വര്‍ഗ്ഗ വിളകളിലെ പരിപാലനം ഉത്തമമാണ്. 10 ദിവസത്തിലൊരിക്കല്‍ മണ്ണ് കയറ്റിക്കൊടുക്കല്‍ മേല്‍ വളപ്രയോഗം എന്നിവ നടത്താം. ചെടിയുടെ ചുവട്ടില കളകള്‍ വളരാനനുവദിക്കരുത്. ഓരോ ആഴ്ചയും പിഴുതു കളയണം.

 

വഴുതന രോഗങ്ങൾ
വഴുതനയില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട രോഗങ്ങള്‍ ബാക്ടീരിയല്‍ വാട്ടം, മുരടിക്കല്‍ എന്നിവയാണ്. ചെടിയുടെ വളര്‍ച്ച മുരടിച്ച് അടുത്തടുത്ത് ഇടതൂര്‍ന്ന് നന്നേ ചെറിയ ഇലകള്‍ ഉണ്ടായി കായ്ഫലം നല്‍കാനുള്ള കഴിവ് നഷ്ടപ്പെട്ടു പോകുന്ന രോഗമാണ് മുരടിക്കല്‍. മൈക്കോ പ്ലാസ്മ പോലുള്ള അണുക്കള്‍ പരത്തുന്ന രോഗമാണിത്. മറ്റ് ചെടികളിലേക്ക് പടരാതെ രോഗം വന്ന ചെടി പിഴുത് കത്തിച്ച് നശിപ്പിക്കുക. രോഗവാഹകരായ പ്രാണികളെ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം തളിച്ച് നശിപ്പിക്കുക എന്നിവയാണിതിന് പരിഹാരം.
ബാക്ടീരിയല്‍ വാട്ടം തടയാന്‍ മണ്ണൊരുക്കുമ്പോള്‍ തന്നെ നന്നായി ശ്രദ്ധിക്കണം. സെന്റിന് 10 കിലോ വേപ്പിന്‍ പിണ്ണാക്ക് മണ്ണൊരുക്കുമ്പോള്‍ നല്‍കിയാല്‍ ഒരു പരിധിവരെ നമുക്ക് ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കാം.
കീടങ്ങൾ
കായ, തണ്ട് തുരപ്പന്‍ പുഴുക്കള്‍
വഴുതനങ്ങയുടെ പ്രധാന ശത്രുവാണ് കായ, തണ്ട് തുരക്കുന്ന പുഴുക്കള്‍. വെളുത്ത ചിറകില്‍ തവിട്ടു കലര്‍ന്ന പുള്ളികളുള്ള ശലഭത്തിന്റെ പുഴുക്കളാണിത്. കായയേയും തണ്ടുകളെയും ആക്രമിക്കുന്ന പുഴുക്കള്‍ ചെടിയെത്തന്നെ തിന്ന് നശിപ്പിക്കുന്നു. ആക്രമണത്തിനിരയായ തണ്ടുകള്‍ വാടിക്കരിഞ്ഞാണ് ചെടി നശിക്കുന്നത്.
തൈകള്‍ പറിച്ചുനടുമ്പോള്‍ മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കുക. കേടുവന്ന ഭാഗങ്ങള്‍ വെട്ടി നശിപ്പിക്കുക. കീടങ്ങളുടെ ആക്രമണം കണ്ട് തുടങ്ങുമ്പോള്‍ വേപ്പിന്‍ കുരു സത്ത് തളിക്കുക എന്നിവയാണ് നിയന്ത്രണ മാര്‍ഗങ്ങള്‍.
എപ്പിലാക്സ് വണ്ടുകൾ
വഴുതനയിലയിലെ ഹരിതകം കാര്‍ന്നുതിന്നു നശിപ്പിക്കുന്ന വണ്ടിന്റെ പുഴുവാണിത്. തവിട്ടുനിറത്തില്‍ കറുത്ത പുള്ളിയുള്ള വണ്ടുകള്‍ ആണിത്. പുഴുക്കള്‍ മുട്ടക്കൂട്ടങ്ങള്‍ സമാധിരൂപം എന്നിവയാണ് ഇലകളില്‍ കാണപ്പെടുന്നത്. ഇവയുടെ ആക്രമണം വല്ലാതെയായാല്‍ ചെടിയപ്പാടെ നശിക്കുന്നു. വണ്ടുകളെ കൈവലയുപയോഗിച്ച് നശിപ്പിക്കുക. വേപ്പിന്‍കുരുസത്ത്, പെരുവലം സത്ത് എന്നിവ 10 ശതമാനം വീര്യത്തില്‍ നശിപ്പിക്കുക എന്നതാണ് നിയന്ത്രണ മാര്‍ഗങ്ങള്‍.
നീരൂറ്റും കീടങ്ങൾ
മീലിമുട്ട, മുഞ്ഞ തുടങ്ങിയ നീരൂറ്റും കീടങ്ങളെ വഴുതനയെ ബാധിക്കുന്നവയാണ്. മീലിമുട്ട ചെടിയുടെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്നതാണ്. കാണപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ഇവയധികം കാണപ്പെടുന്ന ഇലകള്‍ പറിച്ച് നശിപ്പിക്കുക, വേപ്പെണ്ണ, വെളുത്തുള്ളി കാന്താരി മുളക് അരച്ചത് എന്നിങ്ങനെയുള്ള നാടന്‍ ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് ഇവയെ തടയാം.


loading...