വിവരണം ഓര്‍മ്മചെപ്പ്


പ്രതിഷേധത്തിന്റെ പുതിയ മുഖം തീർത്ത് രണ്ട് യുവാക്കൾ

Reporter: Saranya M Charus

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രതിഷേധ കാൽനടയാത്ര നടത്തി ചരിത്രത്തിലാദ്യമായി രണ്ട് യുവാക്കൾ പ്രതിരോധത്തിന്റെ പുതിയ പാതയൊരുക്കുന്നു. കേരളത്തിൽ വർധിച്ചുവരുന്ന പ്രധാന പ്രശ്നങ്ങളെ മുഖ്യമന്ത്രി യുടെ ശ്രദ്ധയിൽപ്പെടുത്തി പ്രതിവിധി കണ്ടെത്തുകയാണ് വ്യത്യസ്തമായ ഈ പ്രതിഷേധത്തിലൂടെ മെക്കാനിക്കൽ എഞ്ചിനീയറായ ഹാരിസ് രാജും മെഡിക്കൽ മാർക്കറ്റിംഗ് ജീവനക്കാരനായ സലീം വട്ടക്കിണറും ലക്ഷ്യമിടുന്നത്. 

ഭക്ഷ്യവിഭവങ്ങളിലെ കീടനാശിനികൾ ഒഴിവാക്കുക, ദിനംപ്രതി കൂടിവരുന്ന പെട്രോൾ ഡീസൽ വില വർധനവിൽ നിയന്ത്രണം കൊണ്ട് വരുക, ജനജീവിതം ദുസ്സഹമാക്കുന്ന അനാവശ്യ ഹർത്താലുകളും പണിമുടക്കുകളും നിർത്തലാക്കുക, ഭിക്ഷാടന മാഫിയയെ നിയന്ത്രിച്ചുകൊണ്ട് യഥാർത്ഥ യാചകർക്ക് വേണ്ട സംരക്ഷണവും അവകാശവും ഉറപ്പ് നൽകുക എന്നിവയാണ് പ്രധാനമായ നാല് ലക്ഷ്യങ്ങൾ. ഇതിന് പുറമെ സാമൂഹ്യപ്രവർത്തനവും ജനക്ഷേമ പരിപാടികളും ഇവരുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.


ദിവസം 15 മുതൽ 20 വരെ കിലോമീറ്റർ യാത്രചെയ്യുന്ന ഇവർ നടന്ന് പോകുന്ന എല്ലാ ജില്ലകളിലേയും വഴിയോര യാചകർക്ക് ഭക്ഷണം നല്കുന്നതിനോടൊപ്പം, ജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്താനും ഉദ്ദേശിക്കുന്നു. കാസർഗോഡ് ജില്ലയിലെ ഒസൻഗഡിയിൽ ഫെബ്രുവരി പതിനാലിന് പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ സുഹൈർ ചുങ്കത്തറ ഉദ്ഘാടനം ചെയ്ത പ്രതിഷേധ കാൽനടയാത്ര ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചിന് പിലാത്തറയിലെ സ്വീകരണവും ജനങ്ങളിൽ നിന്നുമുള്ള ഒപ്പ് ശേഖരണവും ഏറ്റുവാങ്ങി കടന്നു പോയി.
      

loading...