വിവരണം കൃഷി


ജൈവ കൃഷിയിൽ ഉപയോഗിക്കുന്ന മിത്ര കുമിളുകൾ / ബാക്ടീരിയകൾ

Reporter: pilathara.com

പച്ചക്കറി നടുമ്പോൾ ശ്രദ്ധിക്കു ഈ നാലു ജൈവ മിത്ര കുമിളുകൾ / ബാക്ടീരിയകൾ  പിലാത്തറ ഡോട്ട് കോം വഴി പരിചയപ്പെടാം . 1, ട്രൈക്കഡോർമ.   2, സ്യൂഡോമോണസ്. 3 ,ബിവേറിയ.  4 ,വെർട്ടിസീലിയം

1, ട്രൈക്കഡോർമ .

ജൈവ കൃഷി ചെയ്യുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു മിത്ര കുമിൾ ആണ് ട്രൈക്കഡോർമ  

 ട്രൈക്കോഡർമ: കർഷകർക്കിടയിൽ വളരെ പ്രചാരം നേടിയ ഒരു മിത്ര കുമിളാണ് ട്രൈക്കോഡർമ. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളിൽ കടന്ന് അവയെ നശിപ്പിക്കുന്നു.സസ്യങ്ങളിലെ വേരുചീയർ രോഗങ്ങൾക്കെതിരെ വളരെ ഫലപ്രദമാണ് ഇത്. ഈ മിത്ര കുമിളിനെ നേരിട്ട് മണ്ണിൽ ചേർക്കാൻ കഴിയില്ല. അധികം നനവില്ലാത്ത ചാണകത്തിന്റെയോ,കമ്പോസ്റ്റിന്റെയോ കൂടെ കലർത്തി മണ്ണിൽ ചേർത്ത് കൊടുക്കാം. ഗ്രോബാഗിലും, ചട്ടിയിലും പോട്ടിംങ് മിശ്രിതം തയ്യാറാക്കുമ്പോൾ ഇവ ഉപയോഗിക്കാം. ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയും, വേപ്പിൻപിണ്ണാക്കും 9:1 എന്നക്രമത്തിൽ കലർത്തി മിശ്രിതം തയ്യാറാക്കാം. ഇതിൽ ട്രൈക്കോഡർമ കൾച്ചർ കലർത്തി ആവശ്യത്തിന് ഇർപ്പം നൽകിയ ശേഷം നന്നായി ഇളക്കുക. ഈ മീശ്രിതം തണലുള്ള സ്ഥലത്ത് ഒരടി ഉയരത്തിൽ കൂന കൂട്ടിയിട്ട ശേഷം ഈർപ്പമുള്ള ചണച്ചാക്കോ പോളിത്തീൻ ഷീറ്റോ ഉപയോഗിച്ച് മൂടിയിടുക. ഒരാഴ്ചയ്ക്കു ശേഷം നോക്കിയാൽ നീല കളറിലും രണ്ടു ദിവസം കൂടി കഴിഞ്ഞ് നോക്കിയാൽ പച്ച കളറിലും പൂപ്പലായി കുമുളിന്റെ വളർച്ച കാണാം. ഒന്നുകൂടി ഇളക്കി രണ്ടുമൂന്ന് ദിവസം കൂടി മൂടിയിടുക. പിന്നീട് ചെടികൾക്ക് പ്രാരംഭ ദശയിൽ തന്നെ ഇട്ടുകൊടുക്കാം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലത്തായിരിക്കണം ഇതിന്റെ പ്രയോഗം നടത്തേണ്ടത്. ഇല്ലെങ്കിൽ കാര്യമായ പ്രയോജനം ലഭിക്കില്ല. അതുപോലെ തന്നെ കുമ്മായം, ചാരം, കുമിൾ നാശിനി എന്നവിയുടെ കൂടെ പ്രയോഗിച്ചാൽ ഇവ നശിച്ചുപോകും. പ്രയോജനം ലഭിക്കില്ല. മണ്ണിൽ പുതയിട്ടു കൊടുത്താൽ കൂടുതൽ ശക്തമായി കുമിൾ പ്രവർത്തിക്കും. പച്ചക്കറികളിൽ കാണുന്ന കുമിൾ രോഗങ്ങൾ, കുരുമുളകിന്റെ ദ്രൂതവാട്ടം, ഏലത്തിന്റെ അഴുകൽ, കടചീയൽ, നീമാവിരകൾ, ഇഞ്ചിയുടെ മഞ്ഞളിപ്പ്, മൂട് ചീയൽ തുടങ്ങിയവയ്ക്ക് ട്രൈക്കോഡർമ വളരെ ഫലപ്രദമായിട്ട് കാണുന്നു.

കുമിൾ രോഗത്തിനു ട്രൈക്കോഡർമ
ഉണക്കിപ്പൊടിച്ച ചാണകം, വേപ്പിൻ പിണ്ണാക്ക് ഇവ 9:1 എന്ന അനുപാതത്തിൽ നന്നായി കൂട്ടിച്ചേർത്ത് 10 കിലോഗ്രാമിന് 200 ഗ്രാം എന്ന തോതിൽ ട്രൈക്കോഡർമ ചേർത്ത്, കുഴയാത്ത രൂപത്തിൽ, ആവശ്യത്തിനു വെള്ളം ചേർത്ത് നന്നായി കലർത്തുക.ഇത് തണലത്ത്  കൂനകൂട്ടി ഈർപ്പമുള്ള തുണിയോ, ചാക്കോ ഉപയോഗിച്ച് മൂടിവെക്കുക. ഒരാഴ്ചയ്ക്കുശേഷം ട്രൈക്കോഡർമയുടെ പച്ച നിറത്തിലുള്ള പുപ്പൽ കണ്ടു തുടങ്ങും. ഇത് വീണ്ടും ഇളക്കിച്ചേർത്ത് ആവശ്യത്തിനു വെള്ളംചേർത്ത് പഴയപോലെ കൂനകൂട്ടി ഈർപ്പമുള്ള തുണികോണ്ട് മൂടിവെക്കുക. ഒരാഴ്ചയ്ക്ക് ശേഷം ചെടികൾക്ക് ഉപയോഗിക്കാം. ട്രൈക്കോഡർമ ചേർത്ത ജൈവവളം ഉപയോഗിക്കുന്നത്, ചെടികളുടെ കുമിൾരോഗ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും, ത്വരിത വളർച്ചയ്ക്കും ഉപകരിക്കുന്നു. കുരുമുളകുകൊടിയുടെ ദൃതവാട്ടം, ഇഞ്ചിയുടെ അഴുകൽ രോഗം മുതലായവ തടയാൻ ഉത്തമമാണ്

2, സ്യൂഡോമോണസ്

ഇത് ഇല്ലാതെ ജൈവ കൃഷി സാധ്യമല്ല  എല്ലാവരും ഒരു പാക്കറ്റ് വാങ്ങി വെയ്ക്കുക

ജൈവ കൃഷി നടത്തുന്നവർ തീർച്ചയായും കരുതിയിരിക്കേണ്ട ഒരു ജൈവ മിത്ര കുമിൾ നാശിനിയാണ് സ്യൂഡോമോണസ്....... ഇത് രാസകീടനാശിനിയൊന്നുമല്ല ഇത് ഒരു മിത്ര കുമിൾ ആണ്

ഇത് കൃഷി വിഞ്ജാന കേന്ദ്രങ്ങൾ , അഗ്രി ഷോപ്പുകൾ , വള കടകൾ തുടങ്ങിയ സ്ഥലങ്ങളിൽ ലഭ്യമാണ് ...... Expirary date കൂടി നോക്കി വാങ്ങണം  ഇതിന് വ്യാജൻമാർ ഇഷ്ടം പോലെയുണ്ട് .  ചോക്ക് പൊടിച്ച് ചേർത്ത് ഇത് വിൽപ്പനയ്ക്ക് എത്താറുണ്ട് അതുകൊണ്ട് ഗുണനിലവാരമുള്ള ISO Certitied കമ്പനികളുടെ പ്രൊഡക്റ്റുകൾ വാങ്ങുക . അസുഖം വരാൻ കാത്തിരിക്കണ്ട ..എല്ലാ ചെടികൾക്കും ആഴ്ചയിൽ ഒരു ദിവസം 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ച് കുമിൾ , കീട , വൈറസ് രോഗങ്ങളിൽ നിന്ന് ചെടികളെ സംരക്ഷിക്കാം 

സ്യുഡോമോണസ് ഉപയോഗവും മറ്റു വിവരങ്ങളും – ജൈവ കൃഷി രീതിയില്‍

എന്താണ് സ്യുഡോമോണസ് എന്ന് നോക്കാം. ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ്. ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ചു രോഗാണുക്കളെ നശിപ്പിക്കാന്‍ സ്യുഡോമോണസിന് സാധിക്കും. ചെടികളിലെ ചീയല്‍ രോഗം, ചീരയിലെ ഇലപ്പുള്ളി രോഗം ഇവയ്ക്കെതിരെ സ്യുഡോമോണസ് വളരെ ഫലപ്രദം ആണ്. വിത്തുകള്‍ നടുമ്പോള്‍, തൈകള്‍ പറിച്ചു നടുമ്പോള്‍ , ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ , ഇവയിലൊക്കെ നമുക്ക് സ്യുഡോമോണസിന്റെ നമുക്ക് പ്രയോജനപ്പെടുത്താം.

സ്യുഡോമോണസ് ദ്രവ , ഖര രൂപത്തില്‍ ലഭ്യമാണ്. ദ്രവ രൂപത്തിന് വില കൂടുതല്‍ ആണ്. ഖര രൂപതിലുള്ളവ വെളുത്ത പൊടി പോലെ ഇരിക്കും. അതിനു വില കുറവാണ്. ഒരു കിലോ ഏകദേശം 50-60 രൂപ ആണ് ഖര രൂപത്തിലുള്ള സ്യുഡോമോണസിന്‍റെ വില. വാങ്ങുമ്പോള്‍ ഉപയോഗിച്ച് തീര്‍ക്കേണ്ട ഡേറ്റ് നോക്കി വാങ്ങണം. ഏകദേശം 3-4 മാസം ആണ് പൊടി രൂപത്തിലുള്ള സ്യുഡോമോണസ് ഉപയോഗിച്ച് തീര്‍ക്കേണ്ട സമയം. സൂര്യ പ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കണം. സ്യുഡോമോണസ് ഉപയോഗിക്കുമ്പോള്‍ രസ വളങ്ങളും കീട നാശിനികളും ഒഴിവാക്കണം.

എവിടെ ലഭിക്കും ? – കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വി എഫ് പി സി കെ, വളങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇവിടെ ലഭ്യമാണ്. ജൈവ കൃഷിക്കാവശ്യമായ സൂക്ഷ്മാണുക്കള്‍ തപാല്‍ മാര്‍ഗം ലഭിക്കുന്ന വിവരം ഇവിടെ നേരത്തെ കൊടുത്തിട്ടുണ്ട്‌.

ഉപയോഗം – വിത്ത് പാകുമ്പോള്‍ – ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ ഇട്ടു വെക്കാം. നമ്മുടെ അടുക്കളതോട്ടതിലേക്ക് വളരെ ചെറിയ തോതില്‍ നടുമ്പോള്‍ ഇത്രയും അളവ് വെള്ളം എടുക്കണ്ട, കുറച്ചു എടുത്താല്‍ മതി. ചീര , തക്കാളി , വഴുതന , മുളക് , കാബേജ് , പാലക് , കോളി ഫ്ലവര്‍ , ബീറ്റ്റൂട്ട് പോലത്തെ ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി സ്യുഡോമോണസ് ലായനിയില്‍ ഇട്ടു വെക്കാം. ശേഷം പാകാം, വിത്തുകള്‍ ആരോഗ്യത്തോടെ എളുപ്പത്തില്‍ മുളച്ചു കിട്ടും.

രോഗ നിയന്ത്രണതോടൊപ്പം വിത്തുകളുടെ അങ്കുരണ ശേഷി കൂട്ടുക, വളര്‍ച്ചക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുക, വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, ഇവയൊക്കെ സ്യുഡോമോണസിന്‍റെ മറ്റു മേന്മകള്‍ ആണ്. നെല്‍കൃഷിയില്‍ വിത്ത് മുക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ , ഒരു കിലോ ഗ്രാം നെല്‍വിത്തിന് 10 ഗ്രാം സ്യുഡോമോണസ് കലര്‍ത്തി 8 മണികൂര്‍ വെച്ചാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്നും നെല്ലിനെ രക്ഷിക്കാം.

തൈകള്‍ പറിച്ചു നടുമ്പോള്‍ – ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തൈകളുടെ വേരുകള്‍ മുക്കി വെക്കാം, അര മണിക്കൂര്‍ കഴിഞ്ഞു തൈകള്‍ നടാം. ചെടികളുടെ വളര്‍ച്ചയുടെ സമയത്തും സ്യുഡോമോണസ് ഉപയോഗിക്കാം, മേല്‍പ്പറഞ്ഞ അളവില്‍ കലക്കി ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം, ഇലകളില്‍ തളിച്ച് കൊടുക്കാം.

നിങ്ങള്‍ ജൈവ കൃഷി രീതിയില്‍ താല്‍പരര്‍ ആണെങ്കില്‍ ഒരു തവണ സ്യുഡോമോണസ് ഉപയോഗിച്ച് നോക്കുക, അര കിലോ പാക്കെറ്റ് വാങ്ങിയാല്‍ ഒരു തവണത്തെ അടുക്കള തോട്ടത്തിലെ വിളകള്‍ക്ക് ഉപയോഗിക്കാം. ജൈവ കൃഷിയില്‍ ആക്രമണത്തിനെക്കാള്‍ പ്രതിരോധം ആണ് നല്ലത്.


3 ,ബിവേറിയ 


ബിവേറിയ സ്പ്രേ ചെയ്യാൻ പറയുമ്പോൾ ചിലർക്ക് ഒന്നും മനസ്സിലാകാതെ നിൽക്കുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട് ,അതുകൊണ്ട് ബിവേറിയ എന്താണെന്ന് പറഞ്ഞ് തരാം .

ജൈവ കൃഷി ചെയ്യുന്ന എല്ലാവരും കൈവശം വയ്ക്കേണ്ട ഒരു മിത്ര കുമിൾ നാശിനിയാണ് ബിവേറിയ .  എല്ലാത്തരം പുഴുക്കളെയും ബിവേറിയ ഉപയോഗിച്ച് ഓടിക്കാൻ കഴിയും . എല്ലാവരും ഇത് ഒന്ന് വാങ്ങി സൂക്ഷിക്കുക .ചില്ലറക്കാരനല്ല ബ്യൂവേറിയ കുമിള്‍ (ബിവേറിയ).

പച്ചക്കറികൃഷിയിലെ പുതിയ രക്ഷകനാണ് ബ്യൂവേറിയ. നീണ്ട ശത്രുനിരയെ ആക്രമിച്ച് നശിപ്പിക്കാനുള്ള കഴിവാണ് ബ്യൂവേറിയയുടെ പ്രത്യേകത. ബ്യൂവേറിയ ബാസിയാന എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ വെളുത്ത കുമിള്‍, രാസകീടനാശിനികള്‍ക്ക് പോലും അപ്രാപ്യമായ തണ്ടുതുരപ്പനെയും കായതുരപ്പനെയും നശിപ്പിക്കാന്‍ മിടുക്കനാണ്. ചിതലിനെയും വെള്ളീച്ചയേയും ഇവന്‍ തുരത്തും. പച്ചക്കറിയില്‍ ബ്യൂവേറിയ തളിച്ചുകൊടുക്കുന്ന പണി മാത്രമേ കര്‍ഷകനുള്ളൂ. പ്രശ്‌നക്കാരനായ പുഴുവിന്റെ ശരീരത്തില്‍ തുളച്ചുകയറി മദിച്ചുവളര്‍ന്ന് നശിപ്പിക്കുന്ന പ്രവൃത്തി ബ്യൂവേറിയ ഏറ്റെടുക്കും. പുഴുവിന്റെ ശവശരീരത്തില്‍ നിന്നും പുറത്തിറങ്ങുന്ന ബ്യൂവേറിയ പുഴുവിന്റെ അടുത്ത തലമുറയെയും നശിപ്പിക്കുമെന്നത് ഈ മിത്രകുമിളിന്റെ മാത്രം പ്രത്യേകത.
വെണ്ടയിലും വഴുതനയിലും പ്രധാന പ്രശ്‌നമാണ് കായും തണ്ടും തുരക്കുന്ന പുഴുക്കള്‍. ഇവയുടെ ആക്രമണം മൂലം ഇളംതണ്ട് വാടി തൂങ്ങുന്നു. പുഴുക്കള്‍ കായ്കളില്‍ ദ്വാരം ഉണ്ടാക്കി ഉള്‍ഭാഗം തിന്ന് നശിപ്പിക്കും.


രണ്ടാഴ്ച ഇടവിട്ട് 20 ഗ്രാം ബ്യൂവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി തളിച്ച് പുഴുവിനെ നിലയ്ക്ക് നിര്‍ത്താം. വെള്ളരി, കുമ്പളം, മത്തന്‍ തുടങ്ങിയ വെള്ളരിവര്‍ഗ വിളകളുടെ പ്രധാന ശത്രുവാണ് മത്തന്‍വണ്ട്. ഇലയില്‍ ദ്വാരമുണ്ടാക്കിക്കൊണ്ടാണ് ആക്രമണം തുടങ്ങുക. എന്നാല്‍ പുഴുക്കള്‍ വേരുതുളച്ച് ഉള്ളില്‍ കയറുന്നതോടെ വെള്ളരി പൂര്‍ണമായും ഉണങ്ങും. 20 ഗ്രാം ബ്യൂവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി ഉപയോഗിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ തടം കുതിര്‍ക്കണം.


കയ്പയുടെ ഇലയുടെ അടിഭാഗത്ത് കാണുന്ന ആമവണ്ടും മഞ്ഞ നിറത്തിലുള്ള പുഴുക്കളും ഹരിതകം കാര്‍ന്നുതിന്ന് അരിപ്പപോലെയാക്കും. ഇവിടെയും ബ്യൂവേറിയ തളിച്ച് കയ്പയെ രക്ഷിക്കാം. ഇല ചുരുട്ടിപ്പുഴുവിനെ പിടിക്കാനുള്ള ഒന്നാന്തരം ജൈവിക കീടനിയന്ത്രണമാര്‍ഗമാണ് ബ്യൂവേറിയ പ്രയോഗം. ചിതല്‍ശല്യമുണ്ടെങ്കില്‍ 20 ഗ്രാം ബ്യൂവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ മണ്ണ് കുതിര്‍ക്കണം.

 ഇത് കാർഷിക ഗവേഷണ കേന്ദ്രങ്ങൾ , കൃഷി വിഞ്ജാന കേന്ദ്രങ്ങൾ , തുടങ്ങിയ സ്ഥലങ്ങളിൽ ലഭ്യമാണ് .

പൊടി ആണെങ്കിൽ 20 gm for one 1 litter water ..
ലിക്വിഡ് ആണെങ്കിൽ ... 5 ml for One 1 Litter

4 ,വെർട്ടിസീലിയം . ഇത് കരുതിയിരിക്കണം 

വെർട്ടിസീലിയം ലെക്കാനി എന്ന മിത്രകുമിൾ.

വിളകളായ തക്കാളി,മുളക്,വഴുതന,വെണ്ട തുടങ്ങിയിലെ കീടനിയന്ത്രണത്തിന് പൗഡർ രൂപത്തിലുള്ള വെർട്ടിസീലിയം കുമിളുകൾ ഫലപ്രദമാണ്.രാസകീടനാശിനികൾക്ക് പോലും വഴങ്ങാത്ത ശൽക്ക കീടങ്ങളെപ്പോലും നശിപ്പിക്കാൻ ഈ കുമുളിന് കഴിയും.ശൽക്ക കീടങ്ങളുടെ ബാഹ്യാവരണം മിനുസമുള്ളതും ദൃഢവും ആയതിനാലാണ് അത് മറ്റ് ശത്രുകീടങ്ങളിൽനിന്നും കീടനാശിനികളിൽനിന്നും രക്ഷപെടുന്നത്.എന്നാൽ വെർട്ടീസീലിയത്തിന് ശരീരത്തിൽ വഴുവഴുക്കലുള്ളതിനാൽ അത് ശൽക്കകീടങ്ങളുടെ ദേഹത്ത് പറ്റിപ്പിടിക്കുന്നു.ഇങ്ങനെ പറ്റിപ്പിടിച്ച് വിരിയുന്ന മുട്ടകൾ ശൽക്ക കീടങ്ങളുടെ ബാഹ്യാവരണത്തിനിടയിലൂടെ ശരീരത്തിന്റെ പുറംപാളിതകർത്ത് ആന്തരീകാവയവത്തിലെത്തുന്നു. ഇവ പുറപ്പെടുവിക്കുന്ന നാരുകൾ  പോലുള്ള ഹൈഫകൾ കീടത്തിന്റെ ആന്തരീകാവയവങ്ങൾ മുഴുവനും വിഷവസ്തുക്കളാൽ നശിപ്പിക്കുന്നു. പൂർണ്ണമായി കീഴ്‌പ്പെടുത്തിയ കീടത്തിന്റെ ശരീരം മുഴുവൻ ഈ കുമിൾ പടർന്നുപിടിച്ച് ഒരു പഞിക്കെട്ടുപോലെ തോന്നിക്കുന്നു. വെർട്ടിസീലിയത്തിന്റെ ആക്രമണത്തിൽ ശത്രുകീടത്തിന് ഒരാഴ്ചയിലധികം പിടിച്ചുനിൽക്കാൻ കഴിയില്ല.അതിനകം അതിന്റെ കഥകഴിച്ചിരിക്കും.അന്തരീക്ഷ ആർദ്രത 80 ശതമാനമായാൽ ഇത് കൂടുതൽ സജിവമായി നിലനിൽക്കും.ചെടികളെ ബാധിക്കുന്ന വെള്ളീച്ച, മണ്ഡരി, ചാഴി, മുഞ്ഞകൾ, നിമാവിരകൾ, ഇലപ്പേനുകൾ, തുടങ്ങിയവെ ഇവ പൂർണ്ണമായും നശി്പ്പിക്കും. പത്തുഗ്രാം വെർട്ടിസീലിയം കുമിൾ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തയ്യാറാക്കിയ ലായനി രാവിലെയോ വൈകുന്നേരമോ ഇലകളുടെ ഇരുവശത്തും നനയത്തക്കവിധം തളിക്കാവുന്നതാണ്. നൂറ് ഗ്രാം ശർക്കര അലിയിച്ച് ചേർത്താൽ ഗുണം കൂടുകയും ചെയ്യും. മിത്രകൂമിളിനെ ഉപയോഗിച്ച് മീലിമുട്ടകളെ ജൈവരീതിയിൽ നിയന്ത്രിക്കാൻ കഴിയും. മീലിമുട്ടയ്ക്കു പുറമെ മുഞ്ഞ, വെള്ളീച്ച, ഇലപ്പേൻ എന്നിവയെയും ഇതുപയോഗിച്ച് നശിപ്പിക്കാം. ഇത്തരം കീടങ്ങളുടെ ശരീരവുമായി സമ്പർക്കത്തിൽ വരമ്പോൽ ഈ മിത്രകുമിൾ ചില വിഷവസ്തുക്കൾ ഉത്പദിപ്പിച്ചാണ് കീടനിയന്ത്രണം നടത്തുന്നത്. 10-15 ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിക്കണം. അഞ്ച് ഗ്രാം ബാർസോപ്പ് ഒരു ലിറ്റർ ചൂടു വെള്ളത്തിൽ ലയിപ്പിച്ച ശേഷം മീലിമുട്ടയുടെ ശല്യമുള്ള ചെടികളിൽ ആദ്യം തളിക്കുക.അപ്പോൾ മൂട്ടയുടെ വെള്ളനിറത്തിലുള്ള പുറം ആവരണം മാറുന്നതുകാണാം.ഇതിന് ശേഷം വേണം വെർട്ടിസീലിയം തളിക്കാൻ.രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കീടങ്ങൾ നശിക്കും.പതിനഞ്ച് ദിവസത്തിലൊരിക്കൽ വീണ്ടും  തളിച്ചുകൊടുക്കുക.മീലിമൂട്ടയെ ഫലപ്രദമായി നിയന്ത്രിക്കാം.

ഇവയൊക്കെ  കൃഷി വിഞ്ജാന കേന്ദ്രം ,കിസാൻ കേന്ദ്ര തുടങ്ങിയ പല സ്ഥാപനങ്ങളിലും ലഭ്യമാണ് .

(പല വളക്കടകളിൽ ,അഗ്രാ ഷോപ്പുകളിലും ഇതൊക്കെ  ലഭ്യമാണ് )

വിവരണംകടപ്പാട്:  മാതൃഭൂമി & സോഷ്യൽ മീഡിയ 



loading...