കല്യാശ്ശേരി വാര്‍ത്താ വിവരണം

കല്ല്യാശ്ശേരി മണ്ഡല സമഗ്ര വികസനത്തിനായി U.B.A പദ്ധതി നടപ്പിലാക്കും.

13 August 2018
Reporter: pilathara.com

കല്ല്യാശ്ശേരി മണ്ഡലത്തിലെ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിനായി മാനവവിഭവശേഷി വകുപ്പ് ഉന്നത് ഭാരത് അഭിയാൻ (U.B.A) പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ അഞ്ച് ഗ്രാമങ്ങളെ തെരഞ്ഞെടുത്തു. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ മൂശാരിക്കൊവ്വൽ, കല്ല്യാശ്ശേരി പഞ്ചായത്തിലെ ഇരിണാവ്, ചെറുകുന്ന് പഞ്ചായത്തിലെ കുന്നനങ്ങാട്, കണ്ണപുരം പഞ്ചായത്തിലെ പുഞ്ചവയൽ, ചെറുതാഴം പഞ്ചായത്തിലെ കുളപ്പുറം എന്നീ ഗ്രാമങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ടി.വി.രാജേഷ്എം.എൽ.എ അധ്യക്ഷതയിൽ പിലാത്തറ സെന്റ് ജോസഫ്സ് കോളേജിൽ വെച്ച് ചേർന്നു. ഐ.ഐ.ടി പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാങ്കേതികമായ അറിവും, വൈദഗ്ദ്യങ്ങളും ഗ്രാമങ്ങളുടെ സമഗ്രവളർച്ചക്കും വികസനത്തിനുമായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണ് ഉന്നത് ഭാരത് അഭിയാൻ. കല്യാശ്ശേരി മണ്ഡലത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് പിലാത്തറ സെന്റ് ജോസഫ്സ് കോളേജിന്റെ സഹായത്തോടെയാണ്. സംസ്ഥാന നോഡൽ ഏജൻസി കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയാണ്. ജൈവകൃഷി, ജലവിനിയോഗം, ഊർജ്ജസംരക്ഷണം, പരമ്പരാഗത തൊഴിൽ വ്യവസായത്തിന്റെ അഭിവൃദ്ധി, അടിസ്ഥാന സൗകര്യ വികസനം എന്നിവ നടപ്പിലാക്കും . ഗ്രാമങ്ങളെ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തും. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുശാരികൊവ്വൽ (വാർഡ് 12 ) ആഗസ്റ്റ് 18 ന് 4 മണി, കുളപ്പുറം (വാർഡ് ഏഴ്) 23 ന് 3 മണി, കുന്നനങ്ങാട് (വാർഡ് 3 ) 20 ന് 3 മണി, പുഞ്ചവയൽ (വാർഡ് 9 ) 21 ന് 3 മണി, ഇരിണാവ് ( വാർഡ് 17 ) 19 ന് 4 മണി പ്രസ്തുത സ്ഥലങ്ങളിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കും. . യോഗത്തിൽ ജനപ്രതിനിധികളും, വാർഡ് വികസന സമിതി അംഗങ്ങളും, കുടുംബശ്രീ, അയൽക്കൂട്ടം കൺവീനർമാരും, ആശ അങ്കൻവാടി പ്രവർത്തകരും, വായനശാല പ്രവർത്തകരും സാമൂഹിക പ്രവർത്തകരും, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും. പ്രാഥമിക ആലോചനാ യോഗത്തിൽ പ്രിൻസിപ്പൽ ഡോ.കെ.സി മുരളീധരൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രിൻസിപ്പൽ ഫാദർ ജോൺസൺ സിമേതി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പ്രഭാവതി, പി.കെ.അസൻകുഞ്ഞി മാസ്റ്റർ, കെ.വി.രാമകൃഷ്ണൻ, ഇ.പി.ഓമന, എം.കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.വി ഉണ്ണികൃഷ്ണൻ, ഒ.വി.ഗീത സോഷ്യൽ വർക്ക് വിഭാഗം മേധാവി ശ്രീ.ടോമി ജേക്കബ് എന്നിവർ സംസാരിച്ചു......
loading...