വാര്‍ത്താ വിവരണം

റോ‍ഡ് വികസനത്തിൽ മുന്നേറി പെരിങ്ങോം വയക്കര പഞ്ചായത്ത്

23 April 2018
Reporter: Shuhail Chattiol

പെരിങ്ങോം ∙ പരിമിതികൾക്കിടയിലും പെരിങ്ങോം വയക്കര പഞ്ചായത്തിനു വികസനക്കുതിപ്പ്. പഞ്ചായത്തിലെ മിക്ക പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും വിവിധ ഏജൻസികളുടെ സഹകരണത്തോടെ നടക്കുന്ന നവീകരണം പുരോഗമിക്കുകയാണ്. മരാമത്ത് വകുപ്പ് നേരിട്ടു റീടാറിങ് നടത്തുന്ന പാടിയോട്ടുചാൽ– ഓടമുട്ട്, പൊറക്കുന്ന് – അരവഞ്ചാൽ, പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് പദ്ധതിയിൽപെടുത്തിയ പാടിയോട്ടുചാൽ – തൊള്ളത്തുവയൽ കുണ്ടുവാടി, പെടേന– കാര്യപ്പള്ളി റോഡുകൾ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലാണ്. നവീകരണം മുടങ്ങി വിവാദമായ പൊന്നമ്പാറ– മാതമംഗലം, പെരിങ്ങോം– ചെറുപുഴ, പെരിങ്ങോം – വെള്ളൂർ റോഡുകൾ മെക്കാഡം ടാറിങ് നടത്തുവാനുള്ള നടപടികൾ പൂർത്തിയായതോടെ പരാതികൾക്ക് പരിഹാരമായ നിലയിലാണ്.

നാലുവർഷമായിട്ടും പണിപൂർത്തിയാകാതെ പാതിവഴിയിലായ പാടിയോട്ടുചാൽ – തൊള്ളത്തുവയൽ കുണ്ടുവാടി റോഡ് അടിയന്തരമായും പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തകർന്നുതരിപ്പണമായ പെരിങ്ങോം– കൊരങ്ങാട് റോഡും നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്. മലയോര മേഖലയിലെ പ്രധാന വാണിജ്യകേന്ദ്രമായ പാടിയോട്ടുചാൽ ടൗൺ വികസനത്തിനു പണി പൂർത്തിയായ പാടിയോട്ടുചാൽ – തട്ടുമ്മൽ, പാടിയോട്ടുചാൽ– കൊല്ലാട, പാടിയോട്ടുചാൽ – പോത്താംകണ്ടം റോഡുകളും, കൊല്ലാട, നെടുങ്കല്ല് പാലങ്ങളും ഉപകരിക്കുന്ന നിലയിലാണ്.

വിവാദങ്ങൾക്കൊടുവിൽ പാടിയോട്ടുചാലിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാൻഡ് നിർമാണവും പുരോഗമിക്കുകയാണ്. പി.കരുണാകരൻ എംപി, സി.കൃഷ്ണൻ എംഎൽഎ എന്നിവരുടെ ഇടപെടലാണ് പെരിങ്ങോം വയക്കര പഞ്ചായത്തിന്റെ പശ്ചാത്തലമേഖലയിലെ വികസനക്കുതിപ്പിനു സഹായമായത്.



whatsapp
Tags:
loading...