വിവരണം ഓര്‍മ്മചെപ്പ്


എനിക്കുവിശക്കുന്നേ ....ഞാൻ ആദിവാസി...

Reporter: pilathara.com

കോഴിക്കോട് പാളയം മുതല്‍ മിഠായിത്തെരുവിലെ എസ് കെ ചത്വരം വരെ പൊരിവെയിലില്‍ അയാള്‍ ഓടി, വിശപ്പിന്റെ വേദന സഹിച്ച്... കീറിപ്പറിഞ്ഞ ഉടുപ്പുമായി... നഗ്നപാദനായി. എനിക്ക് വിശക്കുന്നേ... ആരാണെന്റെ കാട് മോഷ്ടിച്ചെടുത്തത്. ഞാന്‍ ആദിവാസി യുവാവ്- കാടിന്റെ മകന്‍. കാട്ടില്‍നിന്ന് പുറന്തള്ളപ്പെട്ടവന്‍... ഇങ്ങനെ പലതും വിളിച്ചുപറയുന്നുണ്ടായിരുന്നു.

തെരുവോരത്ത് കൂടിനിന്നവരോട് അയാള്‍ക്ക് പലതും പറയാനുണ്ടായിരുന്നു, ചോദിക്കാനുണ്ടായിരുന്നു, അറിയാനുമുണ്ടായിരുന്നു. കള്ളനെന്ന് മുദ്രകുത്തി അട്ടപ്പാടിയില്‍ ഒരുകൂട്ടം നിഷ്ഠുരരുടെ അതിക്രമത്തില്‍ ജീവന്‍ നഷ്ടമായ മധു എന്ന ആദിവാസി യുവാവ് വീണ്ടും എസ് കെ ചത്വരത്തിലെത്തി. തന്റെ വിശപ്പിനെയും നിറത്തെയും സമുദായത്തെയും ഒപ്പം കാടിനെയും ഒരിക്കല്‍കൂടി ജനങ്ങള്‍ക്ക് തുറന്നുകാട്ടാനായി. നടന്‍ സന്തോഷ് കീഴാറ്റൂരാണ് മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി എത്തിയത്്.

എനിക്കുവിശക്കുന്നേ ....ഞാൻ ആദിവാസി... തെരുവിൽ ഓടി സന്തോഷ്‌ കീഴാറ്റൂർ

മധുവിന്റെ ജീവിതം ഒരിക്കല്‍കൂടി തെരുവുനാടകത്തിലൂടെ പുനരാവിഷ്കരിക്കുകയായിരുന്നു സന്തോഷ്. കൈയിലെ കവറില്‍ ഒരുപിടി അരിയും മറ്റു ധാന്യങ്ങളും കറിപ്പൊടികളുമായിട്ടായിരുന്നു എത്തിയത്. തെരുവില്‍ കൂടിനിന്നവര്‍ക്ക് മുമ്പില്‍ മധുവിന്റെ ജീവിതം കാട്ടിക്കൊടുത്തു. നാടകത്തിലുടനീളം വിശപ്പിന്റെ രാഷ്ട്രീയം പറഞ്ഞ പ്രതിഷേധത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്.

മനുഷ്യരായി പിറന്നവര്‍ക്ക് കേള്‍ക്കാന്‍ പറ്റാത്ത വാര്‍ത്തയാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണമെന്ന് സന്തോഷ് കീഴാറ്റൂര്‍ നാടകശേഷം പറഞ്ഞു. ഈ ഒരു മരണത്തിലൂടെ പ്രബുദ്ധകേരളം ലോകത്തിനുമുന്നിലാകെ തലതാഴ്ത്തി നില്‍ക്കുകയാണ്. ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല മനുഷ്യരെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരന്‍ വി ആര്‍ സുധീഷ്, കോഴിക്കോട്ടെ നാടകപ്രവര്‍ത്തകരായ വിജേഷ്, ഷൈജു പി ഒളവണ്ണ, നവീന്‍രാജ് എന്നിവരും ഒപ്പമുണ്ടായി.






loading...