വാര്‍ത്താ വിവരണം

നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള" പയ്യന്നൂരിൽ നടക്കും

24 May 2018
Reporter: saranya m charus

"നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള"യുടെ റജിസ്ട്രേഷൻ പയ്യന്നൂരിൽ ആരംഭിച്ചു.

കേരളാ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (NFFK) 2018 ജൂൺ 9 മുതൽ 13 വരെ തീയതികളിൽ  പയ്യന്നൂരിൽ വച്ച് നടത്തപ്പെടുന്നു. രാജധാനി തിയേറ്റർ കോംപ്ലക്സിലെ  2 തിയേറ്ററുകളിലായാണ് ദേശീയ ചലച്ചിത്രോത്സവം നടക്കുന്നത്.  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമകളല്ല, മറിച്ച് ഭൂരിഭാഗവും പുതിയ സിനിമകളാണ് നാഷണൽ ഫിലിം ഫെസ്റ്റിവല്ലിൽ പ്രദർശിപ്പിക്കുക. ഏകദേശം 25 ഓളം സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. രണ്ടു തിയേറ്ററിലും കൂടി 30 പ്രദർശനമെങ്കിലും ഉണ്ടാകും. 

മലയാള സിനിമയുടെ കരുത്തും സൗന്ദര്യവും ബോധ്യപ്പെടുത്തുന്ന ഒട്ടേറെ സിനിമകൾ ഏറ്റവും മികച്ച ക്യൂബ്/2 K പ്രൊജക്ഷനിൽ ആയിരിക്കും  പ്രദർശിപ്പിക്കുക. തമിഴ്, ബംഗാളി, മറാത്തി, ആസാമീസ്, മണിപ്പുർ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാചിത്രങ്ങളും മേളയുടെ പ്രധാന ആകർഷണമാണ്. 

ഫോക്കസ് വിഭാഗത്തിൽ ഇത്തവണ പ്രദർശനത്തിനെത്തുന്നത് കന്നട  ചിത്രങ്ങളാണ് എന്നാണ് അക്കാദമി നൽകുന്ന സൂചന. എന്തായാലും, ദേശീയ തലത്തിൽ ഇക്കഴിഞ്ഞ വർഷം ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച സിനിമകൾ കാണാനുള്ള അസുലഭമായ അവസരമാണ് പയ്യന്നൂരിലെ ചലച്ചിത്ര പ്രേമികൾക്ക് കൈവന്നിരിക്കുന്നത്. 

സിനിമകളുടെ പ്രദർശനം മാത്രമല്ല, മീറ്റ് ദ ഡയറക്റ്റർ, ഓപ്പൺ ഫോറം എന്നീ പരിപാടികൾ വഴി സിനിമയുടെ സംവിധായകർ, അണിയറ പ്രവർത്തകർ എന്നിവരുമായി സംവദിക്കാനുള്ള അവസരങ്ങളും കാണികൾക്ക് ലഭിക്കും.

മുൻ വർഷങ്ങളിൽ ദേശീയ പുരസ്കാരം ലഭിച്ച മലയാള സിനിമാ പ്രവർത്തകരെ നാഷണൽ ഫിലിം ഫെസ്റ്റിവല്ലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആദരിക്കാറുണ്ട്. അങ്ങിനെയെങ്കിൽ ഇക്കുറി ദേശീയ പുരസ്‌ക്കാരം ലഭിച്ച 13 പേരെ മേളയോടാനുബന്ധിച്ച് ആദരിക്കാനിടയുണ്ട്.

പാർവ്വതിയും ഫഹദ് ഫാസിലും, യേശുദാസും, ജയരാജും തുടങ്ങി മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ അനീസ് കെ മാപ്പിള വരെയുള്ള സെലിബ്രിറ്റികളും മേളയുടെ ഭാഗമായി പയ്യന്നൂരിൽ എത്തും എന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. 

പയ്യന്നൂരിലെ രാജധാനി തിയേറ്റർ കോംപ്ലക്സിലെ 2 തിയേറ്ററുകളിലുമായി 900 സീറ്റുകൾ മാത്രമാണ് ഉള്ളത്. അതുകൊണ്ടു തന്നെ 1200 മുതൽ 1500 വരെ ആളുകൾക്കുള്ള ഡെലിഗേറ്റു പാസുകൾ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. മുതിർന്നവർക്ക് 200 രൂപയും വിദ്യാർത്ഥികൾക്ക് 100 രൂപയുമാണ് ഡെലിഗേറ്റ് റജിസ്ട്രേഷൻ ഫീ. വിദ്യാർത്ഥികൾ, അവർ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രവും അപേക്ഷാ ഫോറത്തിനൊപ്പം ഹാജരാക്കണം. 

ഡെലിഗേറ്റ് പാസിനുള്ള അപേക്ഷാ ഫോറം മെയ് 22 ചൊവ്വാഴ്ച മുതൽ പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിലെ പബ്ലിക് ലൈബ്രറിയിൽ  പ്രവർത്തിക്കുന്ന സംഘാടക സമിതി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കേരള ചലച്ചിത്ര അക്കാദമിയുടെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കുന്ന ഫോറവും ഉപയോഗിക്കാം.  ഫോട്ടോ പതിച്ച അപേക്ഷാ ഫോറവും റജിസ്ട്രേഷൻ ഫീസും സംഘാടക സമിതി ഓഫീസിലെ ഡെലിഗേറ്റ് സെല്ലിൽ ഏൽപ്പിച്ചാൽ മതിയാകും.  ഫെസ്റ്റിവൽ ബാഗും ബുക്കും പാസും അടങ്ങുന്ന കിറ്റുകൾ ഡെലിഗേറ്റുകൾക്ക് ചലച്ചിത്രോത്സവത്തിന് തൊട്ടു മുന്നിലെ ദിവസങ്ങളിൽ ഡെലിഗേറ്റ് സെല്ലിൽ നിന്നും ലഭിക്കുന്നതാണ്.Tags:
loading...