വിവരണം കൃഷി


വെള്ളീച്ചവിശേഷങ്ങൾ :-


വെള്ളീച്ചവിശേഷങ്ങൾ :-

മുളക് , തക്കാളി എന്നീ വിളകളുടെ വലിയ ശത്രുവാണ് വെള്ളീച്ച ... ഇവ ഇലകളുടെ അടിയിൽ വെള്ളപൊടി പോലെ പറ്റി പിടിച്ച് കിടക്കും .ഇളക്കുമ്പോൾ പാറി പോവും .ഇവ ഇലക്കടിയിൽ പറ്റി പിടിച്ച് നീരുറ്റി കുടിച്ച് ഇലകൾ കുരുടിക്കുകയും , ക്രമേണ ഉണക്കം ബാധിച്ച് ചെടികൾ നശിക്കുകയും ചെയ്യുന്നു .
ഇലക്കടിയിലായതിനാൽ ആദ്യമൊന്നും നമ്മൾ കാണില്ല . ചെടി നന്നായി പടർന്ന് പൂവും കായുമിടുമ്പോഴാവും പെട്ടെന്നൊരു ഉണക്കം , അപ്പഴാണ് നമ്മൾ ശ്രദ്ധിക്കുക , അപ്പോഴേക്കും ചെടിയെ രക്ഷിക്കാൻ പറ്റാതാവും .. ഇലക്കടിയിൽ നിറയെ വെളുത്ത പൊടി ' നിറഞ്ഞിരിക്കും ..

നിയന്ത്രണമാർഗ്ഗങ്ങൾ:-

1. വെള്ളീച്ചയുടെ ഉപദ്രവം തുടങ്ങുന്നത് ഏറ്റവും അടിയിലെ ഇലകളില്‍ നിന്നുമായതിനാൽ ആദ്യം തന്നെ ചെയ്യേണ്ടത്
അടിയിലെ ഇലകള്‍ മുറിച്ചു കളയുക എന്നതാണ്,, മണ്ണിനോട് തട്ടി ഒരൊറ്റ ഇലകളും വളരാന്‍ സമ്മതിക്കാതിരിക്കുക, ജീവന്‍ നഷ്ടപ്പെട്ടു എന്ന് തോന്നുന്ന ഇലകള്‍ഉടനെ ഒരു ബ്ലേഡ് കൊണ്ട് മുറിച്ചു നീക്കുക. മുളക് ചെടികളുടെ ഇലകള്‍ അടിവശത്ത് വെള്ളം സ്പ്രേ ചെയ്തു കഴുകുക . ശേഷം അല്പം ചാരം കലക്കിയ വെള്ളം കൊണ്ട് ഇലകളുടെ അടിയില്‍ തടകുക , അല്പം ചാരം ഇലകളില്‍ പറ്റിപിടിച്ചു കിടന്നോട്ടെ .ഈ വെള്ളീച്ചകൾ വലിയ വ്യത്തിക്കാരാണ് . വൃത്തിയുള്ള ഇലകളില്‍ ആണ് വെള്ളീച്ച വരുക . ചാരം മണ്ണ് എന്നിവ പറ്റിപിടിച്ച ഇലകളില്‍ വെള്ളീച്ചയുടെ ശല്യം സാധാരണയായി കാണാറില്ല'

2 മഞ്ഞക്കെണി :-
ഒരു കാർഡ് ബോർഡിന്റെ രണ്ട് വശത്തും മഞ്ഞ ചാർട്ട് പേപ്പർ ഒട്ടിച്ച ശേഷം , അതിൻ മേൽ ആവണക്കെണ്ണ അല്ലെങ്കിൽ വെള്ള ഗ്രീസ് ഇവയിലേതെങ്കിലും പുരട്ടിയ ശേഷം മുളകു ചെടിക്കടുത്ത് തൂക്കിയിടുക .മഞ്ഞ കളർ ഇവയെ ആകർഷിക്കുമെത്രെ . അങ്ങനെ വരുന്നവ കെണിയിൽ ഒട്ടിപിടിച്ച് നശിച്ചോളും .

3. ആവണക്കെണ്ണ , വേപ്പെണ്ണ മിശ്രിതം :-
ആവശ്യമുള്ള സാധനങ്ങൾ

ആവണക്കെണ്ണ - 20 മി.ലി., വേപ്പെണ്ണ - 80 മി.ലി., വെളുത്തുള്ളി - 120 ഗ്രാം, ബാർ സോപ്പ് - 6 ഗ്രാം, വെള്ളം 6 ലിറ്റർ

തയ്യാറാക്കുന്ന വിധം

ബാർ സോപ്പ് 50 മി.ലി. വെള്ളത്തിൽ നന്നായി ലയിപ്പിക്കുക. ഈ ലായനിയിലേക്ക് വേപ്പെണ്ണയും,ആവണക്കെണ്ണയും ചേർത്തിളക്കുക. ഇതിലേക്ക് നന്നായി അരച്ചെടുത്ത വെളുത്തുള്ളി കൂടി ചേർത്ത് നന്നായി ഇളക്കിയ ശേഷം ബാക്കി വരുന്ന വെള്ളം കൂടി ചേർത്തിലാക്കിയ ശേഷം അരിച്ചെടുക്കുക. ഈ ലായനി ഇലകൾക്കിടയിൽ തളിച്ചാൽ മുഞ്ഞ, വെള്ളീച്ച,പച്ചത്തുള്ളൻ എന്നിവയെ നിയന്ത്രിക്കാം.

4. 5മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളുടെ അടിയിലും, മുകളിലും,തണ്ടുകളിലും വീഴും വിധം തളിക്കാം.

5 . വേപ്പിന്‍ പിണ്ണാക്ക് കുതിര്‍ത്ത ലായനി എടുത്തു ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ തളിക്കാം

6. വേപ്പെണ്ണ 5മില്ലി, ആറല്ലി വെളുത്തുള്ളി ചതച്ചതും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം.

7 . ബിവേറിയ മിത്രകുമിൾ 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു വൈകുന്നേരം ഇലകളുടെ അടിയിലും മുകളിലുമായി തളിക്കാം...

8. അഗ്രോ പ്ലസ് എന്ന ജൈവ കീടനാശിനി സ്പ്രേ ചെയ്യുക .

9. കുരുടിപ്പ് പരത്തുന്ന ഇവയെ തുരത്താന്‍ മുളക് ചെടികളുടെ ഇലകളില്‍ കുമ്മായം തൂവി കൊടുക്കാം .ചെറിയ അളവിലുള്ള കുമ്മായം നേരിട്ട് ഇലകളില്‍ ഇടാം . (ചായ അരിപ്പയിൽ കുമ്മായമിട്ട് ഇലകൾക്ക് മുകളിൽ പിടിച്ച് ഇളക്കിയാൽ നേർത്ത അളവിൽ കുമ്മായം ഇലകൾക്ക് മീതെ തൂവി കൊള്ളും)

Courtesy : FB  Krishithottam



loading...