വിവരണം ഓര്‍മ്മചെപ്പ്


മഹാരാഷ്ട്ര ലോങ്ങ് മാര്‍ച്ച് - ഈ വിജയം കരിവെള്ളൂർകാരൻ്റെയും

Reporter: pilathara.com
അഭിവാദ്യങ്ങൾ വിജയശില്പിക്ക് - വിജു കൃഷ്ണന്‍

മഹാരാഷ്ട്രയില്‍ സിപിഎമ്മിന് പുതുകരുത്തു പകർന്ന  പ്രക്ഷോഭത്തിന്റെ അമരക്കാരില്‍ ഒരു കണ്ണൂരുകാരനുമുണ്ട്. കമ്മ്യൂണിസ്റ്റ് സമര ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള കരിവള്ളൂരില്‍ നിന്നുമാണ് ഈ നേതാവിന്റെ പിറവി. നാസിക്കില്‍ നിന്നും 200 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച ലോങ്ങ് മാര്‍ച്ച് മഹാരാഷ്ട്ര നിയമസഭ മന്ദിരത്തിലേക്കെത്തുന്ന പ്രക്ഷോഭത്തിലെ അമരക്കാരന്‍ കണ്ണൂര്‍ കരിവള്ളൂര്‍ സ്വദേശി വിജു കൃഷ്ണനാണ്. മഹാരാഷ്ട്രയുടെ കര്‍ഷക പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമരങ്ങളില്‍ ഒന്നാണ് ഇതെന്നാണ് വിലയിരുത്തുന്നത്.

   മാന്യമായി കോട്ടും സ്യൂട്ടുമിട്ട് സുഖമായി ജീവിക്കാവുന്ന ജോലി വലിച്ചെറിഞ്ഞ് കര്‍ഷക സമരങ്ങളുടെ അമരക്കാരനായി മാറിയ വ്യക്തിയാണ വിജു കൃഷ്ണന്‍. സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവും അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണനാണ് ലോങ്ങ് മാര്‍ച്ചിന്റെ നേതൃനിരയിലെ മലയാളി സാന്നിധ്യം. രാജ്യത്തെ കര്‍ഷകസമരപോരാട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് വിജു. ജെഎന്‍ യുവില്‍ പഠിക്കുന്ന കാലത്തായിരുന്നു വിജു കൃഷ്ണന്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്.    എസ്എഫ്ഐയുടെ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായിരുന്ന വിജു കൃഷ്ണന്‍ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്താണ് നേതൃസ്ഥാനത്തേക്ക് കടന്നുവരുന്നത്. നവഉദാരീകരണ നയങ്ങള്‍ എങ്ങനെ കേരളത്തിലെയും ആന്ധ്രയിലെയും കര്‍ഷകരെ ബാധിച്ചു എന്ന വിഷയത്തിലായിരുന്നു വിജുകൃഷ്ണന്റെ പിഎച്ച്ഡി ഗവേഷണം. ബംഗളൂരു സെന്റ് ജോസഫ്‌സ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനായിരുന്ന വിജു കൃഷ്ണന്‍ ജോലി രാജിവച്ചാണ് മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്.

 


2009 മുതല്‍ കര്‍ഷകസംഘ നേതൃസ്ഥാനത്തുള്ള വിജു കൃഷ്ണന്‍ ഏറെ ചരിത്ര പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കരിവെള്ളൂരിലാണ് ജനിച്ചത്. ദേശീയ തലത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് വിജുവായിരുന്നു.   കമ്മ്യൂണിസ്റ്റ് കുടുംബം തന്നെയാണ് വിജുവിന്റേത്. ഇകെ നായനാര്‍ ഉള്‍പ്പെടെ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വിജു കൃഷ്ണന്റെ വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നു. കുടുംബത്തിലെ പലരും കമ്മ്യൂണിസ്റ്റ് അനുഭാവികളോ പ്രവര്‍ത്തകരോ ആയിരുന്നു. ജന്മിമാരുടെ അടിച്ചമര്‍ത്തലുകളെയും അതിനെതിരെയുള്ള പോരാട്ടങ്ങളെയും കുറിച്ചുള്ള കഥകള്‍ ചെറുപ്പത്തില്‍ വല്ലാതെ സ്വാധീനിച്ചിരുന്നു. ഇതൊക്കെയാവാം പാര്‍ട്ടിയില്‍ ചേരാന്‍ പില്‍ക്കാലത്തു പ്രേരണയായതെന്ന് വിജു തന്നെ പറയുന്നു.     1996 മുതല്‍ സജീവ രാഷ്ട്രീയത്തിലുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഡല്‍ഹിയിലെ പഠന കാലയളവിലാണ് എസ്എഫ്ഐയില്‍ ചേരുന്നത്. ജെഎന്‍യുവില്‍ യൂണിയന്‍ പ്രസിഡന്റായിരുന്നു. അതിനു ശേഷം പിഎച്ച്ഡി ചെയ്തത് കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും കര്‍ഷകരെ നവഉദാരീകരണ നയങ്ങള്‍ എങ്ങനെ ബാധിച്ചുവെന്നതിലായിരുന്നു. പിന്നീട് ബംഗളൂരുവില്‍ ഒരു കോളേജില്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റായി പ്രവര്‍ത്തിച്ചു. കര്‍ഷകരുടെ നയങ്ങളില്‍ അനുദിനം ഇടപെടുമായിരുന്നു.     വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പ്ലാനിങ് ബോര്‍ഡിന്റെ അഗ്രികള്‍ച്ചര്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു. ആ സമയത്താണ് ജെഎന്‍യുവില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ പോസ്റ്റിലേക്ക് ഇന്റര്‍വ്യൂ കോള്‍ വന്നത്. എന്നാല്‍ പിന്നീടാണ് ജോലി വേണ്ടെന്ന് തീരുമാനിച്ച് പൂര്‍ണ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നത്. 2009 മുതല്‍ കര്‍ഷക സംഘത്തില്‍ സജീവമാണ്. മിക്ക സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിലേക്ക് പോകാന്‍ ശ്രമിക്കാറുണ്ട്. പറ്റുന്നിടത്തോളം അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും സമരങ്ങളില്‍ പങ്കു ചേരുകയും ചെയ്യുന്നു.

    രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമരം ചെയ്യാനും സദാ സന്നദ്ധനായ സമരപോരാളിയാണ് വിജു കൃഷണന്‍. 2018 ഫെബ്രുവരിയില്‍ രാജസ്ഥാനില്‍ നടന്ന കര്‍ഷക സമരത്തില്‍ സജീവമായി പങ്കെടുത്ത വിജുകൃഷ്ണന്‍ ഉനയില്‍ 2016 ഓഗസ്റ്റ് 15ന് നടന്ന ചരിത്ര സമരത്തിലും ജിഗ്‌നേഷ് മേവാനിക്കൊപ്പം സമരക്കാരെ അഭിസംബോധന ചെയ്തും സംസാരിച്ചിരുന്നു. 2016 നവംബറില്‍ തമിഴ് നാട് വിരുദനഗറില്‍ ആരംഭിച്ച കിസാന്‍ സഭയുടെ കിസാന്‍ സംഘര്‍ഷ് ജാഥയുടെ അമരത്തും വിജു കൃഷ്ണന്‍ ഉണ്ടായിരുന്നു.     കര്‍ഷക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേട്ടമുണ്ടാകുന്നന്നാണ് വിജു പറയുന്നത്. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ പലയിടത്തും പഞ്ചായത്തുകളില്‍ പല സ്ഥലങ്ങളിലും സിപിഎമ്മിന് പ്രതിനിധികളുണ്ടെന്നും വിജു ചൂണ്ടിക്കാട്ടുന്നു. ജാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ് നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ എന്നിവിടങ്ങളിലും ഭൂമി അധികാര ആന്ദോളന്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.


" frameborder="0" allowfullscreen>