വാര്‍ത്താ വിവരണം

മണ്ണിലേക്കിറങ്ങിയ സിനിമാകാലം.

10 June 2018
Reporter: saranya m charus

സിനിമ എല്ലായെപ്പോഴും പ്രാദേശികമാണ്. പ്രാദേശികമായ പശ്ചാത്തലത്തിലൂടെ, മണ്ണിലൂടെ, കഥയിലൂടെ ദൃശ്യത്തെ കാണിക്കലാണ് സിനിമയുടെ ആത്യന്തികമായ ലക്ഷ്യമെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ സംഘടിപ്പിക്കപ്പെടുന്ന ദേശീയ ചലച്ചിത്രമേളയിലെ 'ഇന്ത്യ- പ്രാദേശിക സിനിമയും ഉപദേശീയതയും' എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ ബാബു കാമ്രത്ത് അഭിപ്രായപ്പെട്ടു. മണ്ണിൽ നിന്നുമുള്ള കണ്ടെത്തലാണ് സിനിമ, പ്രാദേശിക ഭാഷയിലുള്ള സിനിമയെ രാജ്യാന്തര നിലവാരത്തിലേക്കെത്തിക്കുന്നത് അതിന്റെ അവതരണത്തിലെ മികവും പ്രാദേശികതയും തന്നെയാണെന്നും അദ്ദേഹമഭിപ്രായപ്പെട്ടു.

രാജ്യാന്തര ചലച്ചിത്ര മേള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയാണ് ദേശീയ ചലച്ചിത്രമേളയെന്നും, ഒരു വർഷത്തിൽ രാജ്യത്തിൽ ഉണ്ടാകുന്ന ഏറ്റവും മികച്ച സിനിമ കാണികളിൽ എത്തിക്കൽ ആണ് ഇതിന്റെ ലക്ഷ്യമെന്നും ഓപ്പൺ ഫോറത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ സിബി മലയിൽ അഭിപ്രായപ്പെട്ടു. ഗൗരവകരമായ സിനിമാ ചർച്ചകളെ സിനിമയുടെ പ്രസക്തിയും, സമകാലീന സാമൂഹിക രാഷ്ട്രീയ സാഹചര്യവും മുൻനിർത്തി ചർച്ച ചെയ്യാനുള്ള വേദിയാണ് ചലച്ചിത്ര മേളകളിലെ ഓപ്പൺ ഫോറങ്ങൾ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയതയെന്ന പദം തന്നെയും ഒരുപാട് അർത്ഥതലമുള്ളതും, തീവ്ര സ്വഭാവമുള്ളതുമാണെന്ന് മമ്മദ് മൊൻണ്ടാഷ് പറഞ്ഞു. ഇന്ത്യൻ സിനിമയ്ക്ക് അതിന്റെതായ മുഖമുണ്ടെന്നും, മണ്ണിനും കാലാവസ്ഥയ്ക്കും അനുസരിച്ച് ആർക്കും ഇഷ്ടമാകും വിധം ആവിഷ്ക്കരണത്തിൽ വ്യത്യസ്തത പുലർത്തി നിർമ്മിക്കുന്ന സിനിമകളാണ് നമ്മുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സിനിമയിന്ന് ഒരു സാംസ്ക്കാരിക പഠന വിഷയമാണെന്നും, പഠന വിഷയമായി പഠിച്ചെടുത്തു ചെയ്യുന്നതിന് പുറമേ സ്വന്തം ദേശം സിനിമയിൽ ആവിഷ്‌കരിക്കാൻ ഉള്ള കഴിവ് ആണ് മികച്ച സിനിമകളെ നിർമ്മിച്ചെടുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിശ്ചല സിനിമകളിൽ നിന്നും ശബ്ദ സിനിമകളിലേക്ക് കാലം സഞ്ചരിച്ചപ്പോൾ മുതൽ ലോക സിനിമയിൽ ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് തനതിടം ലഭിച്ചു വന്നിരുന്നു. തള്ളികളയാൻ കഴിയാത്ത വിധം സംസ്ക്കാരത്തിന്റെ ഭാഗമായ ഇന്ത്യൻ സിനിമയ്ക്ക്, പരിവർത്തനത്തിന് വിധേയമാകുന്ന അല്ലെങ്കിൽ ഏത് ഉൾക്കൊള്ളണം ഏത് തള്ളിക്കളയണം എന്ന തിരിച്ചറിവുള്ള സമൂഹത്തെ ആവിഷ്‌കരിക്കാൻ ഉള്ള തിരിച്ചറിവുണ്ടെന്നുമദ്ദേഹം കൂട്ടിച്ചേർത്തു.

സമാന്തര ഇന്ത്യൻ സിനിമ, പഴയ കാല പ്രതാഭങ്ങളെയോ ഇൻസ്റ്റിട്യൂഷൻ പ്രേതഭാതയോ പിന്തുടർന്ന് നിർമ്മിക്കപ്പെടുന്നവയല്ലെന്നും, സിനിമയുടെ തനിമ കാത്തുസൂക്ഷിച്ചു കൊണ്ട് കൊമേർഷ്യൽ രീതികൾ കൈവിട്ട് തന്നിടങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ടിവിടെ അഭിപ്രായമുയർന്നു. ഡിജിറ്റൽ ഇടങ്ങൾ കുഞ്ഞു ദേശങ്ങൾക്ക് പ്രകടിപ്പിക്കലിന്റെ വേദി കൂടിയാകുമ്പോൾ തന്നെയും, പ്രതി സിനിമകൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകത കൂടി വരുകയുമാണ് സിനിമാ മേഖലയിൽ. 

സംവിധായകൻ സിബി മലയിൽ ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ മമ്മദ് മൊണ്ടാഷ്, ഗിരീഷ്, ഷെറി ഗോവിന്ദ്, ടി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തപ്പോൾ ജനറൽ കൗൺസിൽ മെമ്പർ മധു ജനാർദനൻ പരിപാടി നിയന്ത്രിച്ചു. നിറഞ്ഞ സാന്നിധ്യവും പ്രതികരണവും കാണികളുടെ ഭാഗത്തു നിന്നും ലഭിച്ചു.Tags:
loading...