വാര്‍ത്താ വിവരണം

  ദേശീയ ചലച്ചിത്ര മേള - ഒരു കാഴ്ചപാട്‌            

14 June 2018

 ദേശീയ ചലച്ചിത്ര മേള - ഒരു കാഴ്ചപാട്‌

റിവ്യൂ - പിലാത്തറ പെരിയാട് സ്വദേശി ഉദയൻ ആണ് ലേഖകൻ 


           
           പയ്യന്നൂരിന്റെ ചരിത്രത്തിന് പുതിയൊരു ഏട് കൂടി ചേർത്തു കൊണ്ട് കഴിഞ്ഞ അഞ്ചു ദിവസമായി നടന്നു വരികകയായിരുന്ന ദേശീയ ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു.
              എന്നെ പോലെയുള്ള ഒരു സാധാരണ സിനിമാസ്വാദകനെ സംബന്ധിച്ചിടത്തോളം വീണു കിട്ടിയ സുവർണ്ണാവസരം പോലെയേ ഈ മേളയേ കാണാൻ കഴിയൂ. iffk പോലുള്ള മേളകളേ പറ്റിയും മറ്റും വായിച്ചറിയുന്നതല്ലാതെ കാണാൻ പറ്റുമെന്ന് കരുതുന്നില്ല. nffk പയ്യന്നൂരിൽ സംഘടിപ്പിക്കുകയും, അത് പൊതുജനങ്ങളിലേക്കെത്തിക്കുന്നതിന് പരമാവധി ശ്രദ്ധിക്കുകയും ചെയ്ത സംഘാടകർക്ക് നന്ദി അറിയിക്കുന്നു .
               മേളയുടെ delegate pass തലേ ദിവസം വാങ്ങി വരുന്നത് കണ്ട സുഹൃത്ത് തമാശയായി പറയുകയുണ്ടായി, നിനക്കിനി അഞ്ചാറ് ദിവസത്തേക്ക് കുളിക്കുകയും മാറ്റുകയുമൊന്നും വേണ്ടല്ലോയെന്ന്. സാധാരണക്കാരന്റെ മനസ്സിലുറച്ചു പോയ പ്രതിനിധീബിംബങ്ങളെയാണ് അവന്റെ വാക്കിലൂടെ കാണാൻ കഴിയുന്നത്. എന്നാൽ അങ്ങനെയൊന്നും മേളനഗരിയിൽ കാണാൻ കഴിഞ്ഞിരുന്നില്ല ,ചില കെട്ടുകാഴ്ചകളൊഴിച്ചാൽ.
 
             കമലിനേയും സിബി മലയിലിനേയും പോലുള്ള സംവിധായകർ , വിവിധ ഭാഷാ ചിത്രങ്ങളുടെ സംവിധായകർ , nude എന്ന സിനിമയിൽ പേരുപോലെ തന്നെ നഗ്നയായി അഭിനയിച്ച നായിക കല്യാണി മ്യുലായ് തുടങ്ങി ,സിനിമയുടെ വിവിധ മേഖലകളിലെ പ്രമുഖർ, താരപരിവേഷമില്ലാതെ സാധാരണ ജനങ്ങളോടിട പഴകി സംസാരിച്ചു നടക്കുന്ന വേറിട്ട കാഴ്ചകൾ മേളനഗരിയിൽ കാണാൻ കഴിഞ്ഞു. 
               എനിക്ക് 8 സിനിമകളേ കാണാൻ പറ്റിയുള്ളൂ. അതിൽ മൂന്നെണ്ണം ( മിന്നാമിനുങ്ങ് ,ആളൊരുക്കം, ഈ മ യൗ) മലയാളമാണ്. ഇവ മൂന്നും നല്ല ചിത്രങ്ങളാണ് .  സുരഭി ലക്ഷ്മിക്കും ഇന്ദ്രൻസിനും അവാർഡ്‌ നേടിക്കൊടുത്ത മിന്നാമിനുങ്ങും ആളൊരുക്കവും പഴയതാണെങ്കിലും ,ഈമയൗ ഇപ്പോഴും തിയറ്ററിൽ ഓടുന്ന പുതിയ സിനിമയാണ്. നാട്ടിൻ പുറത്തേ ഒരു മരണവും, അതിനോടനുബന്ധിച്ചുള്ള നാട്ടുകാരും വീട്ടുകാരുമായും ബന്ധപ്പെട്ട സംഗതികൾ വളരേ തന്മയത്വത്തോടെ ഹാസ്യാത്മകമായി സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി വിജയിപ്പിച്ചിരിക്കുന്നു.
              ഒരു കലാകാരന്റെ മുമ്പിൽ ഏറ്റവും വലുത് തന്റെ സൃഷ്ടിയാണെന്നും, നഗ്നതയെന്നത് വൈകാരികമല്ലെന്നും nude ( മറാത്തി ) സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ മറ്റൊരാൾ കലാകാരന്റെ ചിത്രത്തേ ഏത് തലത്തിൽ നോക്കിക്കാണുന്നൂവെന്നും മോഡലായി നിന്ന സ്ത്രീയുടെ മകനിലൂടെയും ചില സമരക്കാരിലൂടേയും സംവിധായകൻ രവി ജാധവ് കാട്ടിത്തരുന്നു.
                ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ (ഹിന്ദി)എന്ന ചിത്രവും ,യാഥാസ്ഥിതിക കെട്ടുപാടുകളിൽ നിന്ന് സ്വതന്ത്രയാവാനുള്ള സ്ത്രീയുടെ അഭിവാഞ്ജ യേ, ഒരു പട്ടണത്തിലെ നാലു സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നു. ലൈംഗീകതയുടെ അതിപ്രസരം വെറുപ്പിക്കുന്നില്ലെങ്കിലും ശരാശരി മലയാളിയുടെ ആസ്വാദന തലത്തിനും അപ്പുറത്തേക്ക് പോകുന്നതായിഎനിക്ക് തോന്നിയിട്ടുണ്ട്. 
  റ്റു ലെറ്റ് (തമിഴ്) തിഥി (കന്നട ) എന്നിവയും മോശമല്ലാത്ത ചിത്രങ്ങളാണ് . ഗിരീഷ് കാസറവള്ളിയുടെ കൂർമ്മാവതാര (കന്നട )എന്ന ചിത്രമാണ് വേറൊന്ന്.  സത്യം പറഞ്ഞാ ആ സിനിമാ എന്തിനാ ഉണ്ടാക്കിയതെന്നും, പോരാഞ്ഞ് ഇവിടെ പ്രദർശിപ്പിച്ചതെന്തിനാണെന്നും എത്രയാലോചിച്ചിട്ടും എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ഒരു സാധാരണക്കാരനായ എന്റെ ആസ്വാദന നിലവാരം അത്രത്തോളം ഉയരാത്തത് കൊണ്ടാവും മനസ്സിലാവാതെ പോയത്.
 ഇനിയും ഇത്തരം മേളകൾ സംഘടിപ്പിക്കാൻ ഇതിന്റെ സംഘാടകർക്ക് കഴിയുമാറാകട്ടെ . 

      ഉദയൻ പിലാത്തറTags:
loading...