വാര്‍ത്താ വിവരണം

പഴയങ്ങാടി അല്‍ഫത്തീബി ജ്വല്ലറി കവര്‍ച്ച: മുഖ്യ പ്രതി പുതിയങ്ങാടി സ്വദേശി റഫീഖ്

24 June 2018

കണ്ണൂര്‍: പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചാ കേസില്‍ തുമ്പുണ്ടാക്കി പോലീസ്. ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യ സൂത്രധാരനും റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരനുമായ പുതിയങ്ങാടി സ്വദേശി റഫീഖ് (42) ആണ് കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.     തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലന്‍, പഴയങ്ങാടി എസ്.ഐ ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തിയത്. കവര്‍ച്ചയില്‍ നേരിട്ടുപങ്കെടുത്ത രണ്ടുപ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.     അല്‍ഫത്തീബിയില്‍ നിന്ന് 3.4 കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുമാണ് കവര്‍ച്ചചെയ്തതെന്നാണ് നേരത്തെ ജ്വല്ലറി ഉടമ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണ്ണം തൂക്കി നോക്കിയിരുന്നു. 2.880 കിലോയാണ് പ്രതികള്‍ കവര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പോലീസ് ജ്വല്ലറിയിലെ സ്‌റ്റോക്ക് വീണ്ടും പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രതികള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലായി. 2.880 കിലോയാണ് നഷ്ടപ്പെട്ടതെന്ന് ഉടമയും സ്ഥിരീകരിച്ചു.     പ്രതി റഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ മറ്റ് കവര്‍ച്ചയെക്കുറിച്ചും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. അല്‍ഫത്തീബി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ നട്ടുച്ചയ്ക്ക് പൂട്ടുപൊളിച്ചാണ് കവര്‍ച്ചാ സംഘം സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയും കൊണ്ടുപോയത്.     പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണ്ണവുമായി സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. സ്‌കൂട്ടറിനായി നടത്തിയ തെരച്ചിലില്‍ നാലായിരത്തോളം സ്‌കൂട്ടറുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. പതിനായിരത്തിലേറെ മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിച്ചു.     ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് അന്വേഷണത്തിന് വേഗത കൂടിയത്. മുഖ്യപ്രതി റഫീഖിനെ ചോദ്യം ചെയ്തതില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ നിരവധി കവര്‍ച്ചകളെക്കുറിച്ച് വ്യക്തമായിട്ടുണ്ട്...

കടപ്പാട്: കണ്ണൂർമെട്രോ

പഴയങ്ങാടി സബ് പോലീസ് ഓഫീസർ ബിനു മോഹൻ , ജില്ലാ പോലിസ് ഒഫിസർ തളിപ്പറമ്പ് Dysp വേണുഗോപാൽ സർ അടക്കം ഈ കേസന്വേഷണത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ

Tags:
loading...