വാര്‍ത്താ വിവരണം

'മീശ' നോവലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയ

19 July 2018
Reporter: pilathara.com
യോഗക്ഷേമ സഭ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 11ന് കണ്ണൂര്‍ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന മാതൃഭൂമി ഓഫിസിലേക്ക് മാര്‍ച്ച് നടന്നു.

കണ്ണൂര്‍: മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച 'മീശ' എന്ന നോവലിനെതിരേ പ്രതിഷേധവുമായി യോഗക്ഷേമസഭ രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നോവലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ നോവലിന്റെ രണ്ടാം ഭാഗത്തിലെ ഒരു സംഭാഷണമാണ് വിവാദങ്ങള്‍ക്കു കാരണം. ഈ സംഭാഷത്തില്‍ ഹിന്ദു സ്ത്രീ സമൂഹത്തെയും ബ്രാഹ്മണ സമുദായത്തിലെ പൂജാരിമാരെയും മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതി. പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു കൊണ്ട് യോഗക്ഷേമ സഭ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 11ന് കണ്ണൂര്‍ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന മാതൃഭൂമി ഓഫിസിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഹൈന്ദവരുടെ അത്താണിയായി സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ക്ഷേത്ര സങ്കല്‍പനങ്ങളും അവിടുത്തെ ആരാധനാ സംവിധാനങ്ങളും അവ നടത്തിക്കൊടുക്കുന്ന പൂജാരി എന്ന സ്വത്വവുമൊക്കെ വികലമായി ചിത്രീകരിക്കപ്പെട്ടിട്ടും സൃഷ്ടി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് പ്രതിഷേധാര്‍ഹമാണെന്ന് യോഗക്ഷേമസഭ സംസ്ഥാനക്കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങളിലെ പൂജാരീസ്വത്വമായ തിരുമേനിമാരെ അവഹേളിച്ചതിലൂടെ ഹൈന്ദവികതയുടെ ആണിക്കല്ലായ ക്ഷേത്രങ്ങളേയും ഹിന്ദു സമുദായ ആരാധനാക്രമങ്ങളെയും തദ്വാര ഹിന്ദുക്കളെ തന്നെയും നിന്ദിച്ചതായും ഇതില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ടെന്നുംപ്രസ്താവനയിലുണ്ട്. നോവലിന്റെ തുടര്‍ പ്രസിദ്ധീകരണം നിര്‍ത്തിവെച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോടും ബ്രാഹ്മണ സമൂഹത്തോടും ഹിന്ദു സമൂഹത്തോടും പരസ്യമായി മാപ്പു പറയാന്‍ മാതൃഭൂമി അധികൃതര്‍ തയ്യാറാണമെന്നും അല്ലാത്തപക്ഷം ഹൈന്ദവ സമൂഹം മാതൃഭൂമിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും തള്ളിക്കളയുമെന്നും യോഗക്ഷേമസഭ പ്രസ്ഥാവനയിലൂടെ വ്യക്തമാക്കി. എന്നാല്‍ നോവലുമായി മുന്നോട്ടു പോകുന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആഴ്ചപതിപ്പ്. ഇന്നലെ ഇറങ്ങിയ പതിപ്പില്‍ നോവലിന്റെ മൂന്നാംഭാഗം പ്രസിദ്ധീകിരിച്ചിട്ടുണ്ട്.

ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും പ്രതിഷേധം നടക്കുന്നതിനെതിരേ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നോവലിനെ നോവലായി മാത്രം കാണണമെന്നാണ് അനുകൂലിക്കുന്നവരുടെ നിലപാട്. എന്നാല്‍ ആഴ്ചപതിപ്പ് കത്തിച്ചു കൊണ്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നോവലിസ്റ്റ് എസ്.ഹരീഷിനും കുടുംബത്തിനെതിരേയും ഫേസ്ബുക്കിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും കടുത്ത ഭീഷണിയും തെറിവിളിയും ആക്ഷേപങ്ങളും ഉയര്‍ന്നതിനെതിരേ ഹരീഷ് സൈബര്‍ സെല്ലിലും പോലീസിലും പരാതി നല്‍കിയതായും ഭീഷണി ഭയക്കുന്നില്ലെന്നും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.



whatsapp
Tags:
loading...