വിവരണം കൃഷി


ആഹാരം തന്നെയാണ് ഔഷധം - ഒരു ഐ ടി കൃഷിയുടെ വിജയകഥ

Reporter:  - രാമചന്ദ്രൻ കടാങ്കോട്.

 

പച്ചക്കറികളുടെ വിലക്കയറ്റത്തെക്കുറിച്ചും അവയിലുപയോഗിക്കുന്ന കീടനാശിനികളെക്കുറിച്ചും തമിഴ്നാട് പച്ചക്കറിയെക്കുറിച്ചുമെല്ലാം വാതോരാതെ മണിക്കൂറുകളോളം പ്രസംഗിക്കാൻ മലയാളികൾ മത്സരിക്കുന്ന കാലമാണിത്. ' നാളെ മുതൽ ഞാനും പച്ചക്കറിനടും' എന്ന് ഉറക്കപ്പായിലേക്ക് നടക്കുമ്പോൾ തീരുമാനിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ, അതെല്ലാം പുതുവത്സരക്കിനാവായി 'മാത്രം പരിണമിക്കാറാണ് പതിവ്. എന്നാൽ വാക്കുകൾക്കുപരി പ്രവൃത്തിയിലാണ് കാര്യം എന്ന് വിശ്വസിക്കുകയും അത് പ്രവൃത്തിപഥത്തിലെത്തിക്കുകയും ചെയ്ത ഒരു യുവാവിന്റെയും കൂട്ടാളികളുടെയും വിജയഗാഥയാണ് ഈ കുറിപ്പിനാധാരം.


         പിലാത്തറ ആർച്ചികൈറ്റ്സ് ഐ ടി സ്ഥാപന ഉടമ ശ്രീ.ഷനിൽ കെ.പി.യും ബാല്യകാല സുഹൃത്ത് നിഷാന്തും പ്രണവ്, സുഹൈൽ തുടങ്ങി ആറ്റച്ചി കൈറ്റ്സിലെ 12 ഓളം സഹപ്രവർത്തകരും പിലാത്തറ  'ഹോപ്പിൽ ' തുടങ്ങി വെച്ച 'പച്ചക്കറി വിപ്ലവം' ഇതിനോടകം ഏവരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു.

 

       കാരുണ്യ - സേവന രംഗത്ത് ബദ്ധശ്രദ്ധനായ ഷനിൽ ഹോപ്പിലെ അശരണരായ അന്തേവാസികൾക്ക് ദീർഘനാളത്തേക്കുപകരിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് പച്ചക്കറി'യിലെത്തിച്ചേർന്നത്. ഒരു നേരത്തെ ആഹാരമോ, വസ്ത്രമോ കൊടുക്കുന്നതിനു പകരം, അവരെക്കൂടി പങ്കാളികളാക്കി ക്കൊണ്ടുള്ള പരീക്ഷണമാണ് പ്രായോഗികമാക്കിയത്. അതു വഴി അവരുടെ മാനസികോല്ലാസത്തിനും ക്രയശേഷിയുടെ സമർത്ഥമായവിനിയോഗത്തിനുമാണ് വഴി തുറക്കപ്പെട്ടത്.

   

       ഹോപ്പിലെ രണ്ടാം നിലയുടെ ടെറസ്സ് ഉപയോഗപ്പെടുത്തിയതോടെ സ്ഥല ലഭ്യതയുടെ പരിമിതി മറികടക്കാനായി. എന്നാൽ നിത്യേനയുള്ള പരിചരണം വലിയ ബുദ്ധിമുട്ടായി. ഇതെങ്ങനെ മറികടക്കും എന്നതായി അടുത്ത ചിന്ത. വിവിധ കാർഷിക കൂട്ടായ്മകളിൽ ഇടപെട്ട് അന്വേഷണം വ്യാപിപ്പിച്ചു. അങ്ങനെയാണ് ' തിരിനന'യിൽ എത്തിച്ചേർന്നത്. ഫേസ്ബുക്ക്  കൂട്ടായ്മയായ കൃഷിത്തോട്ടം ഗ്രൂപ്പിന്‍റെ സഹകരണത്തോടെ "പാഠം ഒന്ന് ഒരു കൃഷിത്തോട്ടം പ്രൊജക്റ്റ്"  കൃഷിക്ക് കരുത്തായി . 

      

             പ്രവർത്തന മൂലധനം സ്വരൂപിക്കുന്നതിനായി JCI പിലാത്തറയുടെ മെമ്പർമാരെയും , ആർച്ചി കൈറ്റ്സ് പിലാത്തറയെയും  സമീപിച്ചു. പൂർണ മനസ്സോടെ സഹായഹസ്തവുമായി അവർ മുന്നോട്ടുവന്നു. അങ്ങനെ, പുതിയൊരു സംരംഭത്തിനും കൂട്ടായ്മയ്ക്കും തുടക്കമായി. ' തിരിനന ' കൃഷി കൗതുകമായി. ആഴ്ചയിലൊരിക്കൽ വെള്ളം നിറച്ചാൽ മതി. ടെറസ്സിലായതിനാൽ കീട ശല്യവും കുറവ്. ആറോളം പശുക്കളുണ്ട് ഹോപ്പിൽ - ബയോഗ്യാസ് പ്ലാന്റും. അതിന്റെ സ്ലറിയും ഗോമൂത്രവുമാണ് പച്ചക്കറികളുടെ ജീവാമൃതം. രാസവളമോ രാസകീടനാശിനിയോ തൊട്ടു തീണ്ടാത്ത യഥാർത്ഥ ജൈവ കൃഷി. 

(ഫേസ് ബുക്ക് കൂട്ടായ്മയായ കെ ടി ജി കൃഷിത്തോട്ടം സുഹൃത്തുകളുടെ സന്ദർശനം )

 

         ആദ്യഘട്ടത്തിൽ പച്ചക്കറി ഉൽപാദനത്തിൽ പരാജയമായിരുന്നു എന്ന് ഷനിലും നിഷാന്തും തുറന്ന് സമ്മതിക്കുന്നു. എന്നാൽ, പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട്, കൂടുതൽ കരുത്തോടെ മുന്നോട്ടുവരികയും, ലക്ഷ്യപ്രാപ്തിക്കായി അവിശ്രമം യത്നിക്കുകയും ചെയ്തതാണ് ഇവരെ വേറിട്ടു നിർത്തുന്നത് . ഈ മേഖലയിലെ വിവിധ കൂട്ടായ്മകളെ ബന്ധപ്പെട്ടും, കൃഷിയിടങ്ങൾ സന്ദർശിച്ചും, കൃഷി അനുഭവങ്ങൾ പങ്കുവെച്ചും നേടിയെടുത്ത അറിവ് പ്രായോഗികതലത്തിലെത്തിച്ചപ്പോൾ ഇവരുടെ തിരി നന കൃഷി തളിർത്തു, പൂത്തു, കായ്ച്ചു.

(നിഷാന്തും, ഷനിലും രാവിലെ 6 മണിമുതൽ 7:30 വരെയുള്ള സമയം കൃഷി ഹോപ്പിൽ ചിലവഴിക്കും)

    

ഇന്നിപ്പോൾ ഹോപ്പിലെ പച്ചക്കറിത്തോട്ടത്തിൽ ഇല്ലാത്തതൊന്നുമില്ല എന്നു തന്നെ പറയാം. പച്ചക്കറിയുടെ വിനിയോഗത്തിലും വിതരണത്തിലും വ്യത്യസ്തത പുലർത്തുന്നുണ്ട്, ഇവർ. 70 % ഹോപ്പിലെ നിത്യോപയോഗത്തിന്. ബാക്കി വരുന്ന 30% വിത്തിനായി മാറ്റിവെക്കുന്നു. ഹോപ്പിലെ നൂതന കൃഷിരീതിയെപ്പറ്റി കേട്ടറിഞ്ഞ് കൗതുകക്കാഴ്ചയ്ക്കായി എത്തുന്നവർ നിരവധി. അവരെയാരെയും വെറുംകൈയോടെ മടക്കാറില്ല. വിത്ത് പാക്കറ്റുകൾ സൗജന്യമായി നൽകും. ഒരു കണ്ടീഷൻ മാത്രം - 'ഈ വിത്തുപയോഗിച്ച് പച്ചക്കറികൾ ഉൽപാദിപ്പിച്ചാൽ 30% വിത്തിനായി മാറ്റിവെക്കണമെന്നും, അത് മറ്റുള്ളവർക്ക് വിതരണം ചെയ്യണമെന്നും - അങ്ങനെ നാട്ടിൽ 'പച്ചക്കറി സമൃദ്ധി' - അതാണ് ഈ കൂട്ടായ്മയുടെ മുദ്രാവാക്യം. - ഒരു ജനതയുടെ ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും മുദ്രാവാക്യം. തോട്ടം കാണാൻ വരുന്നവരും വെറുതെയാക്കാറില്ല. പച്ചക്കറി കൃഷിയുടെ വികസനത്തിനാവശ്യമായ സഹായങ്ങൾ ഓഫർ ചെയ്താണ് മിക്കവരും മടങ്ങാറ്.

 

         കൃഷി വ്യാപനത്തിന്റെ ഭാഗമായി, പിലാത്തറ JCI യുടെ മുഴുവൻ മെമ്പർമാരുടെ വീടുകളിലും ഈ കൃഷി രീതി പ്രായോഗികമാക്കാനാണ് അടുത്ത ശ്രമം. ഒരു വീട്ടിൽ ഒന്നോ രണ്ടോ ഇനം മാത്രം നട്ടാൽ കീട ശല്യം കുറക്കാനും പരിചരണം എളുപ്പമാക്കാനും സാധിക്കും. പിന്നീട് 'ബാർട്ടർ സമ്പ്രദായ 'ത്തിലൂടെ ഉൽപന്ന കൈമാറ്റം നടത്തി എല്ലാവരിലും എല്ലാ ഉൽപന്നങ്ങളും എത്തിക്കും. അതു വഴി കൂട്ടായ്മയുടെ പറഞ്ഞറിയിക്കാനാവാത്ത ഒരു പുതിയ തലം - പഴയ കാർഷിക സംസ്കൃതിയുടെ പുത്തൻ പരിഛേദം - സൃഷ്ടിക്കാനാവുമെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.

 

          ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രീതയും അംഗങ്ങളും
( ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രീതയും അംഗങ്ങളും കൃഷി സന്ദർശിച്ചപ്പോൾ  )

 

ആഹാരം തന്നെയാണ് ഔഷധം എന്ന ആയുർവേദ വാക്യം കടമെടുത്തു കൊണ്ട് തന്നെ വർഷത്തിൽ ഒരു മാസമെങ്കിലും അല്ലെങ്കിൽ ഒരു ആഴ്ചയെങ്കിലും വിഷരഹിതവും കാലാവസ്ഥാനുകൂലമായ അരിയും പച്ചക്കറികളും ആത്മ സംതൃപ്തിയോടെയും സന്തോഷത്തോടെയും ശരീരത്തിൻറെ പുനർ പൂരണത്തിനും വേണ്ടി കഴിക്കുവാനായി വീട്ടിൽത്തന്നെ സ്വന്തമായി കരനെല്ല്  ഉത്പാദിപ്പിക്കുവാൻ ടെറസ്സിനെ ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമവും നടത്തുന്നു. 

         സ്വാശയത്വത്തിന്റെ പുത്തൻ അനുഭവ പാഠങ്ങളുമായി ഈ സംരംഭം മുന്നേറുമ്പോൾ ഒരു നാട് മുഴുവൻ ഇതിനോടൊപ്പം പങ്കുചേരാൻ മുന്നോട്ടു വരുന്നത്, നാടിന്റെ നല്ല നാളേയ്ക്കായി ആഗ്രഹിക്കുന്ന ഏവരുടെയും മനസ്സുനിറക്കുന്ന ആവേശക്കാഴ്ച തന്നെയാണ്. ഹരിതവിപ്ലവം വാക്കിൽ മാത്രമൊതുക്കാതെ പ്രവൃത്തിപഥത്തിലെത്തിക്കാൻ പുതുതലമുറയോട് നിശബ്ദമായി ആഹ്വാനം ചെയ്യുന്ന ഈ കൂട്ടായ്മയെ നമുക്ക് നെഞ്ചോട് ചേർക്കാം.

 - രാമചന്ദ്രൻ കടാങ്കോട്.


 loading...