വാര്‍ത്താ വിവരണം

കണ്ണൂര്‍ നഗരത്തെ നിശ്ചലമാക്കി 'നാമജപയാത്ര'...

11 October 2018
Reporter: pilathara.com

കണ്ണൂര്‍ നഗരത്തെ ഇളക്കി മറിച്ച് 'നാമജപയാത്ര'

 കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നാടെങ്ങും പ്രതിഷേധം. സേവ് ശബരിമല മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നാമജപയാത്ര നടന്നു. കൂടുതലും സ്ത്രീകള്‍ തന്നെയാണ് പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. അതേസമയം, സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് സെപ്തംബര്‍ 28 ന് സുപ്രീം കോടതി വിധി പറഞ്ഞത്. രാജ്യം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച കേസിന്റെ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചത് 1990ലെ ഒരു പത്രത്തിലെ ചിത്രമാണ്. പിന്നീട് 28 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍. 2006ല്‍ സുപ്രീം കോടതിയില്‍ എത്തിയ കേസില്‍ 12 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്. 1990 ഓഗസ്റ്റ് 19ന് ഒരു ദിനപത്രത്തില്‍ ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വച്ച് നടത്തുന്നതിന്റെ ചിത്രം വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ശബരിമലയില്‍ ചിലര്‍ക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നുവെന്നും യുവതികള്‍ ശബരിമലയില്‍ കയറുന്നുണ്ടെന്നും കാണിച്ച് ചങ്ങനാശേരി സ്വദേശി എസ്. മഹേന്ദ്രന്‍ 1990 സെപ്തംബര്‍ 24ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയതോടെയാണ് ചരിത്രപോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. ഇതിനെ തുടര്‍ന്ന് 1991 ഏപ്രില്‍ അഞ്ചിന് ശബരിമലയില്‍ സ്ത്രീപ്രവേശനം നിരോധിച്ച് കൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു.      ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി. ഈ വിധിയെ ചോദ്യം ചെയ്ത ഹര്‍ജിയൊന്നും പിന്നീട് ഉണ്ടായില്ലെങ്കിലും 15 വര്‍ഷത്തിന് ശേഷം 2006ലാണ് യംഗ് ലോയേഴ്സ് അസോസിയേഷന്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നത്. പതിനൊന്ന് വര്‍ഷത്തിന് ശേഷം 2017ല്‍ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ കോടതിയില്‍ എത്തിയതോടെയാണ് ശബരിമല കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. പൊതു ആരാധനാ സ്ഥലത്ത് അവന് പോകാമെങ്കില്‍ അവള്‍ക്കും പോകാമെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.  ക്ഷേത്രപ്രവേശനത്തിനും പ്രാര്‍ത്ഥനയ്ക്കും സ്ത്രീക്കും പുരുഷനും തുല്യഅവകാശമാണുള്ളതെന്നും ആര്‍ത്തവത്തിന്റെ പേരിലുള്ള വിലക്ക് ഭരണഘടനാ ധാര്‍മ്മികതയുടെ ലംഘനമാണെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നു. പിന്നീടാണ് ചരിത്രം തിരുത്തിയ ഈ വിധിയുണ്ടായത്. Tags:
loading...