വിവരണം ഓര്‍മ്മചെപ്പ്


അതിജീവനത്തിന്റെ തീവണ്ടി യാത്ര.

Reporter: റിപ്പോർട്ട് : നിബിൻ ജോസ് മടുക്കാങ്കൽ

ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രെസ്സിൽ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലെ രാത്രികളിൽ യാത്രചെയ്തിട്ടുണ്ടോ ? ഉണ്ടെങ്കിൽ
ട്രെയിൻ ബോഗിയിലെ ബെർത്തുകളിൽ മുല്ലപ്പൂ കൂടുകൾ നിരനിരയായി തൂക്കിയിട്ടിരിക്കുന്നത് കാണാൻ കഴിയും, വിരിഞ്ഞു തുടങ്ങുന്ന കുഞ്ഞു മൊട്ടുപൂവിന്റെ പരിമളം അനുഭവിക്കാൻ കഴിയും.

കോയമ്പത്തൂർ, തിരുപ്പുർ, മധുര, കടലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുല്ലപ്പൂവെത്തുന്നത്. ജൂൺ മുതൽ ഒക്ടോബർ വരെയാണ് മുല്ലപ്പൂവിന്റെ വിളവെടുപ്പ് കാലം. തമിഴ്നാട്ടിലെ മുല്ലപ്പൂ കർഷകരെ സംബന്ധിച്ചിടത്തോളം അവർക്കിത് വറുതിയിൽ നിന്നുമുള്ള മോചനകാലമാണ്,  വിളവെടുപ്പുകാലമാണ്.

കോയമ്പത്തൂരിലെ ഉൾഗ്രാമങ്ങളിലെ പൂകർഷകർ ഒരുമിച്ച് കൃഷിക്ക് യോജിച്ച സ്ഥലം പാട്ടത്തിനെടുക്കുന്നു. കൃഷിക്ക് യോജിച്ച ഈ സ്ഥലത്ത് കൂട്ടു കൃഷിയായാണ് ഇവർ വിത്തിടുന്നതും വിളവെടുക്കുന്നതും. ഡിസംബർ ജനുവരി മാസങ്ങളിലെ തണുപ്പ് കഴിയുന്നതോടെ മുല്ലപ്പൂക്കൾ തമിഴ്‌നാട്ടിൽ സുലഭമാകുവാൻ തുടങ്ങും. കേരളത്തിൽ വിവാഹമുൾപ്പടെയുള്ള മംഗള കർമ്മങ്ങളിൽ മുല്ലപ്പൂവ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ്. അതുകൊണ്ടുതന്നെ കേരളമാണ് തമിഴ്നാട്ടിലെ മുല്ലപ്പൂ കർഷകരുടെ പ്രധാന വിപണനകേന്ദ്രം.

കോയമ്പത്തൂരിലും തിരുപ്പൂരിലും മധുരയിലും ഉണ്ടാകുന്ന മുല്ലപ്പൂ എങ്ങനെയാണ് കേരളത്തിലെ വടക്കൻ ജില്ലകളിൽ സുലഭമായി ലഭിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ കാലയളവിലെ രാത്രികാല ട്രെയിൻ കാഴ്ചകൾ.

ഒരു വിഭാഗം കർഷകരുടെ അതിജീവനത്തിന്റെ കഥാപറയുന്നുണ്ട് ആ യാത്രകൾ. കർഷകർ കൂട്ടത്തോടെ വിളവെടുത്ത മുല്ലപ്പൂക്കൾ രണ്ട് കിലോ വീതമുള്ള പ്ലാസ്റ്റിക് കൂടുകളിലാക്കും, ഇത്  ഏതാണ്ട് 20 മുഴം പൂവുണ്ടാകും. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ തുടങ്ങി കാസർഗോഡ് അവസാനിക്കുന്ന യാത്രയിൽ ഇത്തരം നിരവധി പൂക്കൂട്ടകൾ കർഷകർക്കൊപ്പം ഉണ്ടാകും. ഭാര്യയും ഭർത്താവുമടങ്ങുന്ന ഓരോ ഗ്രൂപ്പുവീതമായിരിക്കും കർഷകരുടെ യാത്ര. 

 രാത്രി ഏഴരയോടുക്കൂടി കോയമ്പത്തൂർ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രെസ്സിൽ കയറുന്ന കർഷക സംഘങ്ങൾ തങ്ങളുടെ കൈകളിലുള്ള മുല്ലപ്പൂ കൂട്ടകൾ ഭദ്രമായി ട്രെയിനിന്റെ ഇരുഭാഗത്തുമായിയുള്ള ബെർത്തുകളിൽ തൂക്കിയിടും. യാത്രക്കാരുടെ കണ്ണിനും മൂക്കിനും അവർണ്ണനീയമായ സുഖം പകർന്നു മുല്ലപ്പൂ വണ്ടി യാത്ര തുടരും. 

പാലക്കാടും ഒറ്റപ്പാലവും കടന്നു പത്തുമണിയോടെ ട്രെയിൻ ഷൊർണ്ണൂരിലെത്തുമ്പോൾ, കർഷക സംഘത്തിലെ നാലുഗ്രൂപ്പുകൾ തങ്ങളുടെ മുല്ലപ്പൂ കൂടുകളെടുത്തു ഇറങ്ങി തുടങ്ങും. മുന്നോട്ടുള്ള യാത്രയിൽ ഓരോ സ്റ്റേഷനുകളിലും കർഷകർ തങ്ങളുടെ മുല്ലപ്പൂക്കളുമായി ഇറങ്ങുന്നത് ജീവിത പോരാട്ടത്തിന് വേണ്ടിയാണെന്ന് കണ്ടുനിൽക്കുന്ന എത്രപേർക്കറിയാം. കാസർഗോഡ് എത്തുമ്പോഴേയ്ക്കും അവസാനത്തെ കർഷകനും ഇറങ്ങും. മുല്ലപ്പൂക്കളുടെ പരിമളത്തിനു പകരം ട്രെയിനിൽ ശൗചാലയത്തിൽ രൂക്ഷ ഗന്ധം നിറയും.

ഓരോരോ സ്റ്റേഷനുകളിയായി ഇറങ്ങിയ കർഷകർ നഗരത്തിലെ ജംഗ്ഷനിലും, ബസ് സ്റ്റാന്റുകളിലും പോയിനിന്നു മുല്ലപ്പൂ വിറ്റുതീർക്കും. ഒരു മുഴം പൂവിന് 50 മുതൽ100 രൂപവരെയാണ് വിലവരുന്നത്. വൈകുന്നേരമാകുമ്പോഴേയ്ക്കും അന്നന്നത്തെ അന്നത്തിനുള്ള വകയുമായി അവർ അതെ വണ്ടിക്കു സ്വന്തം നാട്ടിലേക്കു തിരിച്ചുപോകും. 


കേരളത്തിലെ ഏതു നാട്ടിൽ ചെന്നാലും ഒരു ചെറിയ മേശയിൽ മുല്ലപ്പൂ കച്ചവടം നടത്തുന്ന തമിഴ് സ്ത്രീകളെ കാണാൻ സാധിക്കും, ഇവർ എവിടുന്നു വരുന്നു, ഏതാണ് ദേശം എന്നൊന്നും വിലപേശി പൂ വാങ്ങുന്നവർ അറിയാൻ ശ്രമിക്കാറില്ല. വെസ്റ്റ് കോസ്റ്റ് എക്സ്പ്രെസിൽ കോയമ്പത്തൂരിൽ നിന്നും കേരളത്തിലേക്കു സുഗന്ധം പരത്തനെത്തുന്ന കർഷകരാണവർ, നല്ല ഒന്നാന്തരം മുല്ലപ്പൂ കൃഷിക്കാർ. അതിജീവനത്തിനായ് നാട് കടന്നെത്തുന്ന ഇവരുടെ യാത്ര അവസാനിക്കുന്നില്ല. തുടർന്നുകൊണ്ടേയിരിക്കുന്നു.





loading...