വാര്‍ത്താ വിവരണം

വരൂ... ഒരുമിച്ച് പറന്നുയരാം. FLY (Freedom for Limited Youth )

23 December 2018
Reporter: pilathara.com

FLY (Freedom for Limited Youth ) 13 വർഷമായി ഫ്ലൈ അതിന്റെ കർമ്മപഥത്തിലാണ്. 
ഫ്ലൈ ഒരാഘോഷമാണ്. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷം. ശാരീരികപരിമിതികൾ നേരിടുന്ന പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു  ജനസമൂഹത്തിന് മാനസികവും സാമൂഹികവും സാംസ്കാരികവുമായ ഇടങ്ങളിൽ സർഗാത്മകതയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആകാശം നിരുപാധികം വേദിയൊരുക്കുന്ന ഒരു നവകുടുംബസങ്കൽപ്പം.

ഗാഢമായ സങ്കല്പങ്ങളും, സ്വപ്നങ്ങളും യാഥാർഥ്യമാവുകയെന്നത് പ്രകൃതിനിശ്ചയമാണ്. അവഗണിക്കപ്പെടുന്ന, വിസ്മരിക്കപ്പെടുന്ന, ഭിന്നശേഷിവിഭാഗമായ ന്യൂനപക്ഷങ്ങളുടെ ശബ്ദം. അവരുടെ സ്വാതന്ത്ര്യത്തിനായി അവകാശങ്ങൾക്കായി സമീപകാലങ്ങളിലായി മുഴങ്ങുന്ന ശബ്ദങ്ങൾ 13 വർഷങ്ങൾക്കുമുൻപ് ഫ്ലൈ തുടങ്ങിവെച്ച പോരാട്ടവീര്യം കേരളമാകെ ഏറ്റെടുക്കുന്ന സൂചനയാണ്.

പിന്നിട്ട കാലങ്ങളിൽ ഫ്ലൈ ക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ശാരീരികപരിമിതിയിൽ തളർന്നു മാനസികമായും സാമൂഹികമായും ജീവിതം ഏകാന്ത തുരുത്തുകളിൽ ഹോമിച്ചുകൊണ്ടിരുന്ന അനേകരെ സൗഹൃദകൂട്ടായ്മയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രോത്സാഹനവും, പ്രചോദനഗാനവുമായി. 

വാർഷിക ക്യാംപിനു പുറമെ തൊഴിൽപരിശീലനങ്ങൾ, നൈപുണ്ണ്യപരിശീലനങ്ങൾ, സാഹിത്യകൂട്ടായ്മ്മകൾ, ഗാനമേളകൾ, പ്രകൃതിസംരക്ഷണക്യാമ്പുകൾ, യാത്രകൾ, ചിത്രപ്രദർശനങ്ങൾ തുടങ്ങിയ സാമൂഹികസാംസ്കാരികതലങ്ങളിൽ ഫ്ലൈ സജ്ജീവസാന്നിധ്യമാകുന്നു.

ഭിന്നശേഷിയുള്ളവരും മനുഷ്യരാണ്, രാജ്യത്തെ പൗരന്മാരാണ്. സഞ്ചാരസ്വതന്ത്ര്യം ഉൾപ്പെടെയുള്ള സാമൂഹ്യനീതി അവർക്കും അവകാശപ്പെട്ടതാണ്. അവരുടെ വ്യക്തിത്വം വീൽ ചെയറിൽ ഹോമിക്കാനുള്ളതല്ലയെന്നു കുടുംബവും സമൂഹവും മനസ്സിലാക്കേണ്ടതുണ്ട്.

സമൂഹം എപ്പോഴും മുൻവിധിയോടെയാണ് ഭിന്നശേഷിയുള്ളവരെ നോക്കിക്കാണുന്നത് സഹതാപമോ പ്രാർത്ഥനയോയല്ല അവർക്ക് വേണ്ടത്. സമത്വവും അംഗീകരിക്കലും പുറംലോകത്തിന്റെ സ്പന്ദനങ്ങളിലേക്കു കൈപിടിക്കാനുള്ള സന്മനസുമാണ് വേണ്ടത്. ചിന്താശേഷിയും സർഗാത്മകശേഷിയുമുള്ള ഒട്ടേറെ ജീവിതങ്ങൾ ശാരീരികമായ പരിമിതികൾ കൊണ്ടുമാത്രം അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹികാവസ്ഥ നിർഭാഗ്യവശാൽ ഇവിടെ നിലനിൽക്കുന്നു എന്നത് ഖേദകരമാണ്.

ഫ്ലൈക്ക് ഉത്തമബോധ്യമുണ്ട്- സ്വാതന്ത്ര്യത്തിന്റെയും, പരസ്പരസഹായത്തിന്റെയും അസാന്നിധ്യത്താൽ വീർപ്പ്മുട്ടുന്ന അനേകം പേര് നമുക്ക് ചുറ്റുമുണ്ട്. അത്തരം ആളുകളെ കൂട്ടായ്മ്മയുടെ ഭാഗമാക്കുവാനും വീടുകളിൽ പരസഹായമില്ലാതെ കഴിയുന്നവർക്ക് വന്ന് താമസിക്കുവാനും ഏകാന്തതകളുടെ ചുവരുകളെ നീക്കം ചെയ്ത്  സൗഹൃദത്തിന്റേയും, സ്നേഹത്തിന്റെയും തുറസുകൾ തുറക്കുന്ന ഞങ്ങൾ സ്വപ്നം കാണുന്ന സൗഹൃദം  എന്നസങ്കല്പം ഇതുവരെ സാധിച്ചില്ല എന്നത് സ്വയം വിമര്ശനത്തോടെ കാണുകയാണ്.

ഫ്ലൈ സൗഹൃദകൂട്ടായ്മ്മ 2018-19 ആഗതമായിരിക്കുന്നു. പയ്യന്നൂർ - ഏഴിലോട് പുറച്ചേരി കേശവ തീരത്ത് വെച്ച് ഡിസമ്പർ  28, 29, 30 തീയ്യതികളിൽ നടക്കുന്ന കൂട്ടായ്മയിലേക്ക്, നൻമയുടെയും കരുണയുടെയും ഈ ആകാശത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.

ചെയർമാൻ 
രാജീവൻ മാത്തിൽ

സെക്രട്ടറി 
ശ്രീജിത്ത് ആലപ്പടമ്പ



whatsapp
Tags:
loading...