വാര്‍ത്താ വിവരണം

ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം

15 January 2019
Reporter: Pilathara.com

 

 ബാത്റൂമിൽ കയറിയാൽ നാമെല്ലാവരും കുറ്റിയിട്ടു എന്ന് രണ്ടുതവണ ഉറപ്പു വരുത്തിയിട്ടേ കാര്യ പരിപാടിയിലേക്ക് കടക്കാറുള്ളു.. നമ്മുടെ സ്വകാര്യതയിൽ നാം അത്രക്ക് ശ്രദ്ധാലുക്കളാണ്.
എന്നാൽ മാറാരോഗങ്ങളാൽ കഷ്ടപ്പെടുന്നവരുടെ സ്വകാര്യതയോ..? 
പിന്നെപ്പിന്നെ ആ സാഹചര്യവുമായി പൊരുത്തപ്പെടുന്നു.. കിടന്ന കിടപ്പിൽ മലമൂത്ര വിസര്ജനം നടത്തുന്ന അച്ഛന്റെ ഗുഹ്യഭാഗങ്ങൾ വൃത്തിയാക്കുന്ന മകന്റെയോ അല്ലങ്കിൽ  മകളുടെയോ അതിനു വിധേയനാകുന്ന അച്ഛന്റെയും മാനസികാവസ്ഥയെപ്പറ്റി നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?  ആ കിടപ്പിൽ നിസ്സഹായനായ ആ അച്ഛന്റെ ചിന്തകൾ എന്തായിരിക്കാം..? കുടുംബത്തിന്റെ മുന്നോട്ടുള്ള യാത്ര, പണി പൂർത്തിയാകാത്ത വീട്, മക്കളുടെ വിദ്യാഭ്യാസം, മകളുടെ വിവാഹം തുടങ്ങി ഒന്നിന് പുറകെ മറ്റൊന്നായി ചിന്തകള് അദ്ദേഹത്തെ മഥിക്കുന്നുണ്ടായിരിക്കാം..
എല്ലാ ദിവസവും രാവിലെയും വൈകീട്ടും കുളിച്ചു സുഗന്ധം പൂശി എത്ര വൃത്തിയായാണ് നാം ഓരോരുത്തരും നമ്മുടെ ശരീരത്തെ പരിപാലിക്കുന്നത്..? എത്ര തൊട്ടി വെള്ളം തലയിലൂടെ ഒഴിച്ചാലും വീണ്ടും ഒരു തൊട്ടി കൂടി ഒഴിക്കാൻ നമുക്ക് തോന്നാറില്ലേ..? കിടപ്പു രോഗികളുടെ അവസ്ഥയോ..? മതിയാവോളം വെള്ളത്തിൽ ഒന്ന് കുളിച്ചിട്ടു മരിച്ചാൽ മതിയായിരുന്നു എന്നാവില്ലേ അവർ ചിന്തിക്കുന്നത്..? ഓരോ തവണയും മലം പോകുമ്പോൾ അത് മാറ്റാൻ വരുന്ന ഭാര്യയുടെയോ ഭർത്താവിന്റെയോ മക്കളുടെയോ പ്രയാസം മനസ്സിലാക്കി ജീവൻ നില നിർത്താൻ ആവശ്യമായ ആഹാരം മാത്രം കഴിക്കുന്നവർ.. ആഹാരം കഴിക്കാൻ വിസമ്മതിച്ച്‌ മരണത്തെ പുൽകാൻ വെമ്പുന്നവർ.. മരണം കടാക്ഷിക്കാതെ വരുമ്പോൾ പരിചരണത്തിനെത്തുന്ന പാലിയേറ്റീവ് വളണ്ടിയർമാരോട് ഒന്ന് കൊന്നു തരുമോ എന്ന് കെഞ്ചുന്നവർ..

വർഷത്തിൽ ഒരിക്കൽ ഒരു ജലദോഷമോ സന്ധി വേദനയോ വന്നാൽ നിരാശയും ഈർഷ്യയും നമ്മെ കീഴ്പ്പെടുത്തുമ്പോൾ ഓർത്തിട്ടുണ്ടോ വർഷങ്ങളോളം ഒരേ കിടപ്പിൽ കിടക്കുന്ന ഒരാളിന്റെ അവസ്ഥ..? ഒരു നിമിഷത്തിന്റെ നേർപകുതി മതി നമ്മളിൽ ആരെങ്കിലും ഈ അവസ്ഥയിലേക്ക് കൂപ്പു കുത്താൻ..!

ഇവരെ നെഞ്ചോട്‌ ചേർത്ത് നിർത്തുകയാണ് ഓരോ പാലിയേറ്റീവ് വളണ്ടിയറും ചെയ്യുന്നത്..!

രോഗീ പരിചരണം സമൂഹത്തിന്റെ ബാദ്ധ്യതയാണ്....
---------------------------

*സഹകരിക്കണം, പാലിയേറ്റിവ് വളണ്ടിയർമാരോട്..! സഹായിക്കണം, അവരുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോവാൻ.. ഇത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്..!

വരൂ. നമുക്ക് കെെകോര്‍ക്കാം. ഒരു കെെ സഹായവുമായി*

കടപ്പാട്



whatsapp
Tags:
loading...