വാര്‍ത്താ വിവരണം

പിലാത്തറ ഫെസ്റ്റ് 2019: പ്രദർശന നഗരിയിൽ പ്രവാഹമായി ആയിരങ്ങൾ 

30 April 2019
Reporter: ഒ.കെ.നാരായണൻ നമ്പൂതിരി

പിലാത്തറ: ജെ.സി.ഐ.ആതിഥ്യമരുളുന്ന പിലാത്തറ ഫെസ്റ്റ് 2019 പാതി ദിനങ്ങൾ പിന്നിട്ടതോടെ പ്രദർശന നഗരിയിൽ തിരക്കേറി. വൈകീട്ട് നാല് മണി മുതൽ മലയോര,  കടലോര ദേശങ്ങളിൽ നിന്നടക്കം സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവരുടെ വൻ പ്രവാഹമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
     കുരുത്തോല കൊണ്ടുള്ള മയിൽ ശിൽപ കവാടമാണ് ഫെസ്റ്റിനെത്തുന്ന ആയിരങ്ങളെ സ്വീകരിക്കുന്നത്.പ്ലാവ് ത്തറയിലൂടെ പിലാത്തറയായതിന്റെ സ്ഥലനാമ ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ടുള്ള പ്ലാവിൽത്തറ ആകർഷണീയ കാഴ്ചയാണ്. കുള്ളൻ പ്ലാവ്, മധുരച്ചുള, മഞ്ഞച്ചുള, ചുകന്ന ചുള തുടങ്ങി  ജാക്ക് അനിലിന്റെ വിവിധയിനം പ്ലാവുകളും ജലധാരയോടെയുള്ള പുഷ്പ- ഫല പ്രദർശനങ്ങളും കേശവ തിരം ഒരുക്കിയ ഔഷധസസ്യകലവറയും കണ്ണിനും മനസ്സിനും കുളിർമയേകുന്നു.
ആർട്ട് ഗാലറി, ആശ്രയ, ഹോപ്പ്, ഐ.ആർ.പി.സി, ഔഷധി, ഹെൽത്ത് സെന്റർ എന്നിവയ്‌ക്കൊപ്പം അമ്പത് പ്രദർശന വിൽപന സ്റ്റാളുകളും സദാസമയവും ജനനിബിഡമാണ്. ഭക്ഷ്യ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുമായുള്ള ഭക്ഷ്യ മേള യുവതക്കും കുട്ടികൾക്കും സ്വാദിഷ്ട കേന്ദ്രമാണ്.
   മനസ്സിനെ മുൾമുനയിൽ നിർത്തി കൊണ്ട് മൂന്ന് ബൈക്കും രണ്ട് കാറും കുതിച്ച് പായുന്ന മരണക്കിണർ, ഒട്ടകം കുതിര സവാരി, ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൊണ്ടുള്ള ഡോഗ് ഷോ, വിവിധ സവാരികൾ, റൈഡുകൾ, കലാസന്ധ്യ തുടങ്ങിയ വിവിധ വിനോദ പരിപാടികളാൽ സമ്പുഷ്ടമാകുകയാണ് ഫെസ്റ്റ്. രാത്രിയേറെ വൈകും വരെ നടക്കുന്ന സാംസ്കാരിക സദസ്സും കലാവിരുന്നും ഉത്സവാന്തരിക്ഷത്തിലാക്കുകയാണ് ഫെസ്റ്റ് നഗരിയെയാകെ. നാനാഭാഗത്തു നിന്നുള്ള ജനങ്ങളും ചന്തകളും പ്രകാശപൂരിതവും  ശബ്ദമുകരിതവുമായ നഗരിയും നാടിനെയൊന്നാകെ ആഘോഷത്തിമർപ്പിൽ ആറാടിക്കയയാണ്.Tags:
loading...