വിവരണം കൃഷി


മാതൃകയാക്കാം വിത്തിനങ്ങളുടെ സംരക്ഷകനെ


കോട്ടയം(പൈക)-ജീവിതം തന്നെ ജൈവകൃഷിക്കായി സമര്‍പ്പിച്ചിരിക്കുകയാണ് കോട്ടയം പൈകയിലെ ജോര്‍ജ്‌. നാടന്‍ വിത്തിനങ്ങളുടെ സംരക്ഷകനായ ഇദ്ദേഹത്തിന്റെ കാര്‍ഷിക ജീവിതം കര്‍ഷകര്‍ക്കു തന്നെ മാതൃകയാണ്. പച്ചിലയും, ചാണകവും, വെണ്ണീറുമൊക്കെ വളമായി നല്‍കി ഇദ്ദേഹം തോട്ടത്തില്‍ നിന്നു വിളയിക്കുന്ന പച്ചക്കറിയിനങ്ങളേറെയാണ്.പയര്‍,പാവല്‍, കോവല്‍, വെണ്ട, ചേന, ചേമ്പ്, മുളകിനങ്ങള്‍, വാഴ....ഇങ്ങനെ നീണ്ട നിര തന്നെയുണ്ട്. വര്‍ഷം മുഴുവന്‍ ജോര്‍ജിന്റെ കൃഷിയിടം സജീവമാണ്.മഴക്കാലത്ത് വെണ്ട, മുള്ളന്‍ വെളളരി എന്നിവ കൃഷി ചെയ്യുമ്പോള്‍ പാവല്‍, പയര്‍, കാച്ചില്‍, ചേന തുടങ്ങിയവയുടെ നടീല്‍ വേനല്‍ക്കാലത്താരംഭിക്കുന്നു.കിളച്ചൊരുക്കിയ മണ്ണില്‍ കുമ്മായം ചേര്‍ത്ത് പരുവപ്പെടുത്തി തടമെടുത്ത് ചാണകവും, വേപ്പിന്‍ പിണ്ണാക്കുമൊക്കെ ആവശ്യത്തിന് ഇട്ട് നേരത്തേ കൂടകളില്‍ വളര്‍ത്തി വച്ചിരിക്കുന്ന പച്ചക്കറിതൈകള്‍ നടുന്നു. വളര്‍ന്നു വരുന്നതു മുതല്‍ നിരന്തരമായി നിരീക്ഷിച്ച് കീടങ്ങളെ ജൈവ മാര്‍ഗ്ഗങ്ങളിലൂടെ നിയന്ത്രിക്കുന്നു.

പയറിനും പാവലിനുമൊക്കെ ചെരിഞ്ഞ പന്തലാണ് പടരാന്‍ നിര്‍മ്മിച്ചു നല്‍കുക. ഇത്തരം പന്തലുകളില്‍ വിളവു കൂടുമെന്നാണ് ജോര്‍ജിന്റെ പക്ഷം. വെള്ളിച്ചകളെ കുടുക്കാന്‍ മഞ്ഞക്കെണി പച്ചക്കറി തോട്ടത്തില്‍ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീടിനോടു ചേര്‍ന്നുള്ള പന്തലുകളില്‍ പയറും,വാളരിയും ചുരങ്ങയുമൊക്കെ സമൃദ്ധമായി വിളയുന്ന കാഴ്ച്ച മനോഹരം തന്നെ. പാരമ്പര്യമായി കൈമാറിയ അറിവുകളാണ് ജോര്‍ജിനെ ജൈവ കൃഷി രംഗത്തെത്തിച്ചത്.കൃഷിയിടത്തില്‍ പല തനതു രീതികളും ഇദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. കപ്പ കൃഷിക്ക് ശല്യമായ എലികളെ തുരത്താന്‍ നാടന്‍ വിദ്യയും,കാട്ടിലകള്‍ ചേര്‍ത്ത് പുതയിടുന്ന രീതിയും ഇവിടെ കാണാം. കാല്‍ നൂറ്റാണ്ടായി കാര്‍ഷിക രംഗത്തുള്ള ഇദ്ദേഹത്തില്‍ നിന്ന് ജൈവകൃഷി പഠിക്കാനും, വിത്തുകള്‍ വാങ്ങാനുംധാരാളം പേര്‍ നിരന്തരമെത്തുന്നു. വിളവെടുക്കുന്ന പച്ചക്കറികള്‍ കാര്‍ഷിക കൂട്ടായ്മകളുടെ ചന്തകള്‍ വഴി വിപണനം ചെയ്യുന്നു. ജൈവ കൃഷിക്ക് സഹായിയായി നാടന്‍ പശുക്കളും ഇദ്ദേഹത്തിനുണ്ട്. പച്ചക്കറികള്‍ക്കും വിത്തുകള്‍ക്കും ആവശ്യക്കാരേറിയതോടെ തൊടിയില്‍ കൃഷി ചെയ്തു വന്ന ഒരേക്കര്‍ സ്ഥലത്തിനു കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷികള് കൃഷികള്‍ വിപുലമാക്കിയിരിക്കുകയാണിപ്പോള്‍. ജോര്‍ജിന്റെ ജൈവ നേട്ടങ്ങള്‍ക്ക് ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 
ഫോണ്‍: 8547045041.loading...